ബ്രിട്ടീഷ് ഇന്ത്യക്കാര്‍ക്കിടയില്‍ റിഫോം യു കെയ്ക്ക് പിന്തുണയേറുന്നതായി സര്‍വ്വേഫലം; ഒരു വര്‍ഷത്തിനിടെ ഈ വിഭാഗത്തിനിടയില്‍ റിഫോം യു കെയുടെ പിന്തുണ വര്‍ദ്ധിച്ചത് മൂന്നിരട്ടിയോളം; ബ്രിട്ടീഷ് ഇന്ത്യാക്കാര്‍ വലതുപക്ഷത്തേക്ക് ചുവടുമാറ്റുമ്പോള്‍

Update: 2025-10-20 03:02 GMT

ലണ്ടന്‍: ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ നെയ്ജല്‍ ഫരാജിന്റെ റിഫോം യു കെ പാര്‍ട്ടിക്ക് പിന്തുണയേറുന്നതായി അവര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ തെളിയുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഈ വിഭാഗത്തിലെ പിന്തുണ മൂന്നിരട്ടിയാക്കാന്‍ കഴിഞ്ഞതായി സര്‍വ്വേയില്‍ കണ്ടെത്തി. ഇതോടൊപ്പം, നേരത്തെ പ്രവേശനം ലഭിക്കാന്‍ റിഫോം യു കെ ഏറെ ക്ലേശിച്ചിരുന്ന മറ്റു ചില വിഭാഗങ്ങള്‍ക്കിടയിലേക്കും കടന്നു കയറാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞതായും റിപോര്‍ട്ടില്‍ പറയുന്നു.

ഓക്സ്‌ഫോര്‍ഡിലെ വിദ്യാഭ്യാസ വിചക്ഷണന്മാരുടെ കൂട്ടായ്മയായ 1928 ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ബ്രിട്ടീഷിന്ത്യന്‍ സമൂഹത്തില്‍ റിഫോം യു കെയ്ക്കുള്ള ജനപിന്തുണ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 4 ശതമാനത്തില്‍ നിന്നും 13 ശതമാനമായി വര്‍ദ്ധിച്ചതായി കണ്ടെത്തിയത്. ബ്രിട്ടീഷ് ഇന്ത്യന്‍ സമൂഹത്തെ കുറിച്ച് പഠനം നടത്തുന്ന ഒരു ഗ്രൂപ്പ് ആണ് 1928 ഇന്‍സ്റ്റിറ്റ്യൂട്ട്. ദീപാവലിയോട് അനുബന്ധിച്ച് പുറത്തു വിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് പക്ഷെ ബ്രിട്ടനിലെ ഏറ്റവും വലിയ വംശീയ ന്യൂനപക്ഷ വിഭാഗത്തില്‍ റിഫോമിനുള്ള പിന്തുണ, ദേശീയതലത്തില്‍ പാര്‍ട്ടിക്കുള്ള പിന്തുണയേക്കാള്‍ കുറവാണ് എന്നാണ്.

എന്നാല്‍, തെരഞ്ഞെടുപ്പിന് ശേഷം പിന്തുണയുടെ കാര്യത്തിലുണ്ടായ വര്‍ദ്ധനയുടെ നിരക്ക് ദേശീയ തലത്തിലുള്ള വര്‍ദ്ധനവിന്റെ നിരക്കിനേക്കാള്‍ കൂടുതലാണ്, ആരംഭകാലം തൊട്ടേ, സ്വാധീനിക്കാന്‍ ഏറെ ക്ലേശിക്കുന്ന വിഭാഗങ്ങള്‍ക്കിടയിലേക്ക് പാര്‍ട്ടിക്ക് കൂടുതല്‍ വേഗത്തില്‍ കടന്നു ചെല്ലാന്‍ കഴിയുന്നു എന്നതിന്റെ തെളിവായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്. റിഫോം യു കെയ്ക്ക് ബ്രിട്ടനില്‍ പൊതുവെയുള്ള ജനസമ്മതിയുമായി താരതമ്യം ചെയ്യുമ്പോള്‍, ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ കുറവാണെങ്കിലും അത് അതിവേഗം വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

മൊത്തം ജനസംഖ്യയുടെ 3 ശതമാനത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തിന് പല മണ്ഡലങ്ങളിലെയും ജയപരാജയങ്ങള്‍ തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയും. പതിറ്റാണ്ടുകളായി ലേബര്‍ പാര്‍ട്ടിയേയായിരുന്നു ഇന്ത്യന്‍ സമൂഹം പൊതുവില്‍ പിന്തുണച്ചിരുന്നത്. 1960 കളിലും 70 കളിലും കുടിയേറ്റക്കാരോട് ഏറ്റവുമധികം സഹാനുഭൂതി പ്രകടിപ്പിച്ചിരുന്നത് അവരായിരുന്നു എന്നതാണ് അതിനു കാരണം. എന്നാല്‍, ഇന്ത്യന്‍സമൂഹം കൂടുതല്‍ സ്ഥിരതയാര്‍ജ്ജിച്ചതോടെ അവരുടെ മുന്‍ഗണനകള്‍ ബ്രിട്ടീഷ് പൊതുസമൂഹത്തിന്റെ മുന്‍ഗണനകളോട് ഏറെ സമാനതകള്‍ ഉള്ളതായി മാറാന്‍ തുടങ്ങി.

വോട്ടര്‍മാര്‍ക്കിടയില്‍ ശക്തിപ്രാപിക്കുന്ന സാമൂഹിക യാഥാസ്ഥിതികത്വവും പ്രത്യേകിച്ച് ഹിന്ദു മതവിശ്വാസികളില്‍ വളരുന്ന ദേശീയതയും ഇന്ത്യന്‍ വോട്ടര്‍മാരെ, രാഷ്ട്രീയ മണ്ഡലത്തില്‍ കൂടുതല്‍ വലത്തേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചു എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ജെറെമി കോര്‍ബിന്റെ കാലത്ത് ലേബര്‍ പാര്‍ട്ടി കാശ്മീരികള്‍ക്ക് നല്‍കിയ പിന്തുണയാണ് പ്രധാനമായും ബ്രിട്ടീഷ് ഇന്ത്യന്‍ വോട്ടര്‍മാരെ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും അകറ്റിയതെന്ന് കാര്‍ണെജി എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് 2021 ല്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ദക്ഷിണേഷ്യന്‍ കുടിയേറ്റക്കാരെ സംബന്ധിച്ച് നെയ്ജല്‍ ഫരാജിന് പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളാണ് ഉള്ളത്. അടുത്തിടെ ഇന്ത്യയുമായി ഉണ്ടാക്കിയ സ്വതന്ത്ര വ്യാപാര കരാറിനെ ഫരാജ് നിശിതമായി എതിര്‍ത്തിരുന്നു. ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റം വര്‍ദ്ധിക്കാന്‍ ഇത് വഴിയൊരുക്കുമെന്നായിരുന്നു അദ്ദേഹം അതിനു കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാല്‍, 2015 ല്‍ അദ്ദേഹം പറഞ്ഞിരുന്നത് കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ളവരേക്കാള്‍ മെച്ചം ഇന്ത്യയില്‍ നിന്നും ആസ്‌ട്രേലിയയില്‍ നിന്നുമുള്ള കുടിയേറ്റക്കാരാണ് എന്നായിരുന്നു.

ബ്രിട്ടനിലെ ഇന്ത്യന്‍ വോട്ടര്‍മാരുടെ മുന്‍ഗണനാ ക്രമത്തിലും കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇതും റിഫോം യുകെയ്ക്ക് പിന്തുണയേറാന്‍ കാരണമായിട്ടുണ്ട്. എക്കാലത്തെയും പോലെ ഇപ്പോഴും വിദ്യാഭ്യാസം തന്നെയാണ് ഇന്ത്യന്‍ സമൂഹം പ്രഥമ പരിഗണന നല്‍കുന്ന മേഖല. എന്നാല്‍, അഞ്ച് വര്‍ഷം മുതല്‍ ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തായിരുന്ന ആരോഗ്യ സംരക്ഷണത്തിന് പകരം ഇപ്പോള്‍ സമ്പദ്ഘടനയ്ക്കാണ് ഇന്ത്യന്‍ സമൂഹം രണ്ടാമത് പരിഗണന നല്‍കുന്നത്. സമത്വവും മനുഷ്യാവകാശവുമെല്ലാം മുന്‍ഗണനയുടെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്ത് നിന്നും ഏഴാം സ്ഥാനത്തേക്ക് എത്തി.

Similar News