നൈജീരിയയില്‍ ഇസ്ലാമിക കലാപകാരികള്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തുവെന്നും വേണമെങ്കില്‍ സൈനിക നടപടി സ്വീകരിക്കുമെന്നും പറഞ്ഞ ട്രംപ്; ഈ ഭീഷണിയും ഏറ്റില്ല; നൈജീരിയയില്‍ സെന്റ് മേരീസ് കാത്തലിക് സ്‌കൂള്‍ ആക്രമിച്ച് ഭീകരര്‍ കൊണ്ടു പോയത് 315 പേരെ; ഭീതിയില്‍ നൈജറിലെ സ്‌കൂളുകളും കോളജുകളും അടച്ചു
അബുജ: നൈജീരിയയില്‍ സെന്റ് മേരീസ് കാത്തലിക് സ്‌കൂള്‍ ആക്രമിച്ച തോക്കുധാരികള്‍ വിദ്യാര്‍ഥികളും അധ്യാപകരുമടക്കം 315 പേരെ തട്ടിക്കൊണ്ടുപോയതില്‍ സര്‍വ്വത്ര ആശങ്ക. പെണ്‍കുട്ടികളടക്കം 303 സ്‌കൂള്‍ വിദ്യാര്‍ഥികളെയും 12 അധ്യാപകരെയുമാണു തട്ടിക്കൊണ്ടുപോയതെന്നു ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ അറിയിച്ചു. സംഘര്‍ഷബാധിതമായ വടക്കന്‍ സംസ്ഥാനം നൈജറിലെ വിദൂരപ്രദേശമായ പാപിരിയിലെ സ്‌കൂളിലാണു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരുമേറ്റിട്ടില്ല. ഇതു കാരണം ആരേയും കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഒരു വിവരവുമില്ല.
നൈജീരിയയിലെ വടക്കന്‍-മധ്യ സംസ്ഥാനത്ത് വെള്ളിയാഴ്ചയാണ് സംഭവം. പുലര്‍ച്ചെ ഒരു കൂട്ടം സായുധ കൊള്ളക്കാര്‍ സ്വകാര്യ കത്തോലിക്കാ സ്‌കൂളില്‍ അതിക്രമിച്ചു കയറിയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് റിപ്പോര്‍ട്ട് ചെയ്തു. ചില വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത സ്ഥാനത്തേക്ക് എത്താന്‍ കഴിഞ്ഞെന്നും ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ പറഞ്ഞു. തട്ടിക്കൊണ്ടുപോയ കുട്ടികളുടെ രക്ഷിതാക്കളെ സ്‌കൂളില്‍ എത്തി. കുട്ടികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനായി സര്‍ക്കാരുമായും സുരക്ഷാ ഏജന്‍സികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
സമാനമായ സാഹചര്യത്തില്‍ സമീപപ്രദേശമായ കെബിയില്‍ തിങ്കളാഴ്ച ബോര്‍ഡിങ് സ്‌കൂള്‍ ആക്രമിച്ച് 25 വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയിരുന്നു. ബന്ദിപ്പണത്തിനായി തട്ടിക്കൊണ്ടുപോകല്‍ വര്‍ധിച്ച സാഹചര്യത്തില്‍ നൈജര്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കൊപ്പം 47 കോളജുകളും അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സംഘര്‍ഷബാധിതമായ 10 സംസ്ഥാനങ്ങളിലെ ഭൂരിഭാഗം സ്‌കൂളുകളിലും ആവശ്യമായ സുരക്ഷാമുന്നറിയിപ്പു സംവിധാനങ്ങളില്ലെന്ന് യുനിസെഫ് പറഞ്ഞു.
2014 ല്‍ ഭീകരസംഘടനയായ ബൊക്കോ ഹറാം ചിബോക് പട്ടണത്തിലെ 276 സ്‌കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയത് ചര്‍ച്ചയായിരുന്നു. വടക്കന്‍ മേഖലയില്‍ സജീവമായ ഡസന്‍കണക്കിന് കൊള്ളസംഘങ്ങള്‍ വിദൂരമേഖലയിലെ സ്‌കൂളുകള്‍ ആക്രമിച്ചു കഴിഞ്ഞ വര്‍ഷങ്ങളില്‍ ആകെ 1500 വിദ്യാര്‍ഥികളെയാണ് തട്ടിക്കൊണ്ടുപോയത്. പണം നല്‍കിയാണ് ഇവരിലേറെപ്പേരെയും പിന്നീടു മോചിപ്പിച്ചത്. ഇതിന് വേണ്ടിയാണ് ഇപ്പോഴത്തെ തട്ടിക്കൊണ്ടു പോകല്‍ എന്നാണ് സൂചന.
വടക്കുപടിഞ്ഞാറന്‍ കെബ്ബി സംസ്ഥാനത്തെ പെണ്‍കുട്ടികളുടെ ബോര്‍ഡിംഗ് സ്‌കൂളില്‍ അതിക്രമിച്ചു കയറിയ ആയുധധാരികള്‍ 25 വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയി. ഈ ആക്രമണത്തില്‍ സ്‌കൂളിന്റെ വൈസ് പ്രിന്‍സിപ്പല്‍ വെടിയേറ്റ് മരിച്ചു. സെന്റ് മേരീസ് സ്‌കൂളിനു നേരെയുണ്ടായ ഏറ്റവും പുതിയ ആക്രമണത്തെ നൈജര്‍ സംസ്ഥാന സര്‍ക്കാര്‍ അപലപിച്ചു. തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തുന്നതിനായി സുരക്ഷാ സേന പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് നൈജര്‍ സംസ്ഥാന പോലീസ് കമാന്‍ഡ് പറഞ്ഞു.
നൈജീരിയയില്‍ ഇസ്ലാമിക കലാപകാരികള്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തുവെന്നും വേണമെങ്കില്‍ സൈനിക നടപടി സ്വീകരിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
