ട്രംപിനോടുള്ള കൂറ് നിലനിര്‍ത്തി ഉത്തരവാദിത്തമുള്ള ഭരണാധികാരിയുടെ ശൈലിയില്‍ ജെഡി വാന്‍സ്; അടുത്ത യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകുമോ? പിന്തുണ അറിയിച്ച് എറീക്ക കിര്‍ക്ക്; ചാര്‍ളി കിര്‍ക്ക് കൊല്ലപ്പെട്ടതിന് ശേഷമുള്ള ആദ്യ അമേരിക്കഫെസ്റ്റിലെ തുറന്നുപറച്ചില്‍ നിര്‍ണായകം
വാഷിങ്ടണ്‍: അടുത്ത യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജെഡി വാന്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകുമോ? 2028-ലേക്കുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോടുള്ള കൂറ് നിലനിര്‍ത്തിക്കൊണ്ടുതന്നെ കൂടുതല്‍ ഉത്തരവാദിത്തമുള്ള ഭരണാധികാരിയുടെ ശൈലിയാണ് വാന്‍സ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ വാര്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് കൊല്ലപ്പെട്ട ചാര്‍ളി കിര്‍ക്കിന്റെ ഭാര്യ എറീക്ക കിര്‍ക്ക്. 2028 ല്‍ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കാണ് വാന്‍സിന് എറീക്ക പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
ഫീനിക്സില്‍ നടക്കുന്ന ടേണിംഗ് പോയിന്റ് യുഎസ്എയുടെ വാര്‍ഷിക അമേരിക്കഫെസ്റ്റ് സമ്മേളനത്തില്‍ ആയിരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു എറീക്ക ജെഡി വാന്‍സിന് പിന്തുണ പ്രഖ്യാപിച്ചത്. തന്റെ ഭര്‍ത്താവിന്റെ സുഹൃത്തിനെ എല്ലാവരും ചേര്‍ന്ന് തെരഞ്ഞെടുക്കാന്‍ പോകുന്നുവെന്നായിരുന്നു എറീക്കയുടെ വാക്കുകള്‍. ഭര്‍ത്താവിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായാണ് ഈ പിന്തുണയെ അവര്‍ വിശേഷിപ്പിച്ചത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനും അനുയായിമായിരുന്നു അമേരിക്കയിലെ യാഥാസ്ഥിതിക യുവജന സംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സിഇഒയും സഹസ്ഥാപകനുമായ ചാര്‍ളി കിര്‍ക്ക്. ട്രംപിന്റെ 'മാഗ' (MAGA) പ്രസ്ഥാനത്തിലെ കേന്ദ്രബിന്ദുവായിരുന്നു ചാര്‍ളി കിര്‍ക്ക്.
നിലവിലെ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ മാഗ പ്രസ്ഥാനത്തിന്റെ അടുത്ത അവകാശിയായി പരക്കെ കരുതപ്പെടുന്ന വാന്‍സിന് ലഭിക്കുന്ന ആദ്യത്തെ പ്രധാന പിന്തുണയാണിത്. ടേണിംഗ് പോയിന്റ് യുഎസ്എയുടെ പിന്തുണ ഉറപ്പാക്കുന്നതിലൂടെ, യുവ കണ്‍സര്‍വേറ്റീവ് വോട്ടര്‍മാരെയും താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെയും ഏകോപിപ്പിക്കാന്‍ ശേഷിയുള്ള വലിയൊരു സംഘടനാ സംവിധാനമാണ് വാന്‍സിന് ലഭ്യമാകുന്നത്. ഇത് അദ്ദേഹത്തിന് തന്ത്രപരമായ മുന്‍തൂക്കം നല്‍കും. ഞായറാഴ്ച നടക്കുന്ന സമ്മേളനത്തിന്റെ മുഖ്യപ്രഭാഷണം നടത്തുന്നത് വാന്‍സാണ്.
2025 സെപ്റ്റംബര്‍ 10-ന് യൂറ്റാ വാലി യൂണിവേഴ്സിറ്റിയില്‍ നടന്ന ഒരു പരിപാടിക്കിടെ ചാര്‍ളി കിര്‍ക്ക് കൊല്ലപ്പെട്ടതിന് ശേഷം നടക്കുന്ന ആദ്യ 'അമേരിക്കഫെസ്റ്റ്' ആണിത്. ഭര്‍ത്താവിന്റെ മരണശേഷം എറിക്ക കിര്‍ക്കാണ് സംഘടനയുടെ നേതൃത്വം ഏറ്റെടുത്തത്. അവരുടെ നേതൃത്വത്തില്‍ ടേണിംഗ് പോയിന്റ് യുഎസ്എ 'മാഗ' പ്രസ്ഥാനത്തിനിടയില്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനം ഉറപ്പിച്ചു. ഈ പിന്തുണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മറ്റ് എതിരാളികളേക്കാള്‍ വാന്‍സിന് തുടക്കത്തിലേ വലിയ മേല്‍ക്കൈ നല്‍കുന്നു.
സെപ്റ്റംബര്‍ പത്തിനാണ് യൂട്ടാ സര്‍വകലാശാല ക്യാംപസില്‍ നടന്ന പരിപാടിക്കിടെ ചാര്‍ളി കിര്‍ക്ക് വെടിയേറ്റുമരിച്ചത്. വിദ്വേഷം പരത്തുന്നതിനാലാണ് ചാര്‍ളി കിര്‍ക്കിനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് 22-കാരനായ പ്രതി ടെയ്ലര്‍ റോബിന്‍സണ്‍ മൊഴി നല്‍കിയിരുന്നു. ടെയ്ലര്‍ റോബിന്‍സണിന് എതിരേ കൊലപാതകം ഉള്‍പ്പെടെ ഏഴ് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
