നൈജീരിയയില്‍ ഐസിസ് വേട്ടയുമായി ട്രംപ്; ക്രിസ്മസ് ദിനത്തില്‍ ആകാശത്തു നിന്നും എത്തിയത് 'ഡെഡ്‌ലി സ്‌ട്രൈക്ക്'; തകര്‍ന്ന് തരിപ്പണമായി ഭീകരകേന്ദ്രങ്ങള്‍; ക്രിസ്ത്യാനികളെ കൊന്നൊടുക്കിയവര്‍ക്ക് ഇനിയും തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്; നൈജീരിയയില്‍ ഇനിയും ഇടപെടല്‍ സാധ്യത

Update: 2025-12-26 01:13 GMT

അബൂജ: നൈജീരിയയിലെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് മറുപടിയായി ഭീകരസംഘടനയായ ഐസിസിനെതിരെ അതിശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക. ക്രിസ്മസ് ദിനമായ ഡിസംബര്‍ 25-നാണ് നൈജീരിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവിനെത്തുടര്‍ന്നാണ് 'ഡെഡ്‌ലി സ്‌ട്രൈക്ക്' എന്ന് അദ്ദേഹം വിശേഷിപ്പിച്ച ഈ നീക്കമുണ്ടായത്. നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ ക്രൂരമായി കൊല ചെയ്യപ്പെടുന്നത് തടയാന്‍ നൈജീരിയന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും, ഭീകരര്‍ക്ക് ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും നേരത്തെ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

നൈജീരിയന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെയും അനുമതിയോടെയുമാണ് അമേരിക്കന്‍ ആഫ്രിക്ക കമാന്‍ഡ് ഈ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി ഐസിസ് ഭീകരര്‍ കൊല്ലപ്പെട്ടതായി യുഎസ് പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു. മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ കൂടുതല്‍ സൈനിക നടപടികളുണ്ടാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും വ്യക്തമാക്കി.

ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ക്കെതിരായ വംശഹത്യയുടെ തോതിലുള്ള ആക്രമണങ്ങള്‍ ആഗോളതലത്തില്‍ തന്നെ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ഈ നിര്‍ണ്ണായക ഇടപെടല്‍. ഇതോടൊപ്പം കഴിഞ്ഞയാഴ്ച സിറിയയിലും ഐസിസ് കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ വായുസേന അതിശക്തമായ തിരിച്ചടി നല്‍കിയിരുന്നു. 'ഓപ്പറേഷന്‍ ഹോക്കി സ്‌ട്രൈക്ക്' എന്ന പേരില്‍ നടന്ന ആ ദൗത്യം, സിറിയയില്‍ രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനുള്ള പ്രതികാരമായിരുന്നു.

ആഫ്രിക്കയിലും പശ്ചിമേഷ്യയിലും ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍. നൈജീരിയയില്‍ ക്രൈസ്തവ-മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലും കര്‍ഷകര്‍ക്കും നാടോടികളായ ഗോത്രവര്‍ഗക്കാര്‍ക്കുമിടയിലും നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. ആയിരക്കണക്കിന് നിരപരാധികളാണ് ഈ അക്രമങ്ങളില്‍ കൊല്ലപ്പെടുന്നത്. പ്രധാനമായും ഭൂമിക്ക് വേണ്ടിയുള്ള തര്‍ക്കങ്ങളും വിഭവങ്ങളുടെ ദൗര്‍ലഭ്യവുമാണ് ഈ സംഘര്‍ഷങ്ങളുടെ അടിസ്ഥാന കാരണമെങ്കിലും ഇതിന് മതപരവും വര്‍ഗ്ഗീയവുമായ നിറം ഉണ്ട്.

വടക്കന്‍ നൈജീരിയയില്‍ ബോക്കോ ഹറാം, ഐസിസ് തുടങ്ങിയ ഭീകരസംഘടനകള്‍ നടത്തുന്ന ആക്രമണങ്ങള്‍ ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. ഇതിനുപുറമെയാണ് നാടോടികളായ 'ഫുലാനി' കന്നുകാലി വളര്‍ത്തുകാരും സ്ഥിരതാമസക്കാരായ കര്‍ഷകരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍. കാലാവസ്ഥാ വ്യതിയാനം മൂലം മേച്ചില്‍പ്പുറങ്ങള്‍ കുറഞ്ഞതോടെ കന്നുകാലികളുമായി കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നതാണ് വലിയ സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.

അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും നൈജീരിയയിലെ ഈ വംശഹത്യക്ക് സമാനമായ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ക്രിയാത്മകമായ നടപടികള്‍ വേണമെന്നുമാണ് ഉയരുന്ന പ്രധാന ആവശ്യം.

Tags:    

Similar News