യൂറോപ്പിലെ നേതാക്കള്‍ക്ക് വിസ നിഷേധിച്ച് അമേരിക്ക.. വില്ലനാകുന്നത് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍; ക്രിസ്മസ് ദിനത്തില്‍ യൂറോപ്പിനെ പേടിപ്പിച്ച് റഷ്യയുടെ ബോംബര്‍ വിമാനങ്ങള്‍; നോര്‍വീജിയന്‍ കടലിന് മുകളില്‍ എത്തിയ വിമാനങ്ങളെ തടയാന്‍ നാറ്റോയും വിമാനം ഇറക്കിയപ്പോള്‍
ലണ്ടന്‍: അമേരിക്കയില്‍ പഠനത്തിനോ ജോലിക്കോ പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ടെങ്കില്‍, സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ കരുതലോടെ ഇടപെടല്‍ നടത്തുക. അല്ലെങ്കില്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് വിസ നിഷേധിക്കപ്പെട്ടേക്കാം. അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള അഞ്ച് പ്രമുഖ നേതാക്കള്‍ക്കാണ് അവരുടെ സമൂഹമാധ്യമ പോസ്റ്റുകള്‍ കാരണം ഇപ്പോള്‍ വിസ നിഷേധിക്കപ്പെട്ടിരിക്കുന്നത്. മുന്‍ ഇ യു കമ്മീഷണര്‍ തിയറി ബ്രെട്ടന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വിസ നിഷേധിച്ചതിനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതെയാക്കി, അനാവശ്യമായി അമേരിക്കന്‍ കമ്പനികളെ ലക്ഷ്യം വെച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ത്തി തുടങ്ങിയവയാണ് വിസ നിഷേധിക്കാന്‍ കാരണമായി ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്. നിയന്ത്രണമില്ലാത്ത കുടിയേറ്റം, ദുര്‍ബലമായ പ്രതിരോധ സംവിധാനം, അമിതമായ ഉദ്യോഗസ്ഥ ഭരണം തുടങ്ങിയവ കാരണം യൂറോപ്പ് ഒരു ശക്തിയല്ലാതായി മാറിക്കൊണ്ടിരിക്കുന്നു എന്ന ആരോപണമാണ് കഴിഞ്ഞ കുറച്ച് നാളുകളായി ട്രംപ് ഭരണകൂടം ഉയര്‍ത്തുന്നത്. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ പ്രമുഖര്‍ക്ക് വിസ നിഷേധിക്കുന്നത്.
വലിയ തോതിലുള്ള കുടിയേറ്റവും, അനധികൃത കുടിയേറ്റത്തിനെതിരെ സ്വീകരിക്കുന്ന മൃദു സമീപനവും യൂറോപ്പിന്റെ തനത് സംസ്‌കാരത്തെ തന്നെ ഇല്ലാതെയാക്കുമെന്ന് കഴിഞ്ഞ ദിവസമായിരുന്നു ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. അമേരിക്കയുടെ പുതിയ ദേശീയ സുരക്ഷാ നയം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസംഗത്തിനിടയായിരുന്നു അദ്ദേഹം ഈ മുന്നറിയിപ്പ് നല്‍കിയത്. അത്തരമൊരു സാഹചര്യത്തിലേക്ക് നീങ്ങുന്നത് തടഞ്ഞാല്‍ മാത്രമെ യൂറോപ്പിനെ വിശ്വസ്തനായ സഖ്യകക്ഷിയായി പരിഗണിക്കാന്‍ കഴിയുകയുള്ളു എന്നും ട്രംപ് പറഞ്ഞിരുന്നു.
യൂറോപ്പിനെ പേടിപ്പിച്ച് റഷ്യയുടെ ബോംബര്‍ വിമാനങ്ങള്‍
നോര്‍വീജിയന്‍ കടലിനു മുകളിലൂടെ ദീര്‍ഘദൂരം പറന്ന് റഷ്യന്‍ ആണവ ബോംബര്‍ വിമാനങ്ങള്‍ എത്തിയത് വടക്കന്‍ ബ്രിട്ടനെ ഭയപ്പെടുത്തിയിരിക്കുകായാണ്. റഷ്യയുടെ എസ് യു 33 ഫൈറ്റര്‍ വിമാനങ്ങളെ പ്രതിരോധിക്കാന്‍ നാറ്റോയുടെ യുദ്ധ വിമാനങ്ങളും പറന്നുയര്‍ന്നു. ഉത്തര ധ്രുവത്തില്‍ നിന്നും സാന്റാക്ലോസ് എത്തുമെന്ന് കരുതുന്ന പരമ്പരാഗത പാതയിലൂടെയുള്ള റഷ്യന്‍ നീക്കം, അതും ക്രിസ്ത്മസ് ദിനത്തി, പാശ്ചാത്യ ശക്തികളെ ആശങ്കയിലാഴ്ത്താന്‍ കരുതിക്കൂട്ടി നടത്തിയതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
നോര്‍വീജിയന്‍ കടലിനും ബാരന്റ്‌സ് കടലിനും മുകളിലുള്ള, സ്വതന്ത്ര പ്രദേശത്തായിരുന്നു റഷ്യന്‍ വിമാനങ്ങള്‍ എത്തിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നു. ഏഴു മണിക്കൂറിലേറെ നേരമായിരുന്നു യാത്രാ സമയമെന്നും അവര്‍ പറയുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഈ ദീര്‍ഘദൂര ബോംബറുകളെ വിദേശ രാജ്യങ്ങളുടെ ഫൈറ്റര്‍ ജെറ്റുകള്‍ അകമ്പടി സേവിച്ചിരുന്നതായും പ്രതിരോധ മന്ത്രാലയം പറഞ്ഞു. എന്നാല്‍, ഏത് നാറ്റോ രാജ്യത്തിന്റെ വിമാനമാണ് എത്തിയത് എന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല.
