'എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു, അതിലൊന്ന് അസര്‍ബൈജാന്‍...; പുട്ടിന്‍ 10 വര്‍ഷമായി ശ്രമിക്കുകയായിരുന്നു; ഞാനത് ഒരു ദിവസം കൊണ്ട് പരിഹരിച്ചു; ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചു; ഒരു ക്രെഡിറ്റും തന്നില്ല'; നെതന്യാഹുവിനോടും പരിഭവം പറഞ്ഞ് ട്രംപ്

Update: 2025-12-30 13:17 GMT

വാഷിങ്ടന്‍: അമേരിക്ക ഇടപെട്ട് ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധം അവസാനിപ്പിച്ചെന്ന വാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു ഇത്. ഇന്ത്യ-പാക് യുദ്ധം ഉള്‍പ്പെടെ എട്ട് യുദ്ധങ്ങള്‍ താന്‍ ഇടപെട്ട് അവസാനിപ്പിച്ചെന്നും എന്നാല്‍ അതിന്റെ ക്രെഡിറ്റ് ഒന്നും കിട്ടിയില്ലെന്നുമാണ് ട്രംപിന്റെ പരിഭവം. യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, മരുമകന്‍ ജാരെഡ് കുഷ്നര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പം ഫ്ളോറിഡയിലെ പാം ബീച്ചിലുള്ള വസതിയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം ആവര്‍ത്തിച്ചത്. ഇത്രയൊക്കെ യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടും തനിക്ക് ഒരു ക്രെഡിറ്റും ലഭിച്ചില്ലെന്ന നിരാശയും ട്രംപ് നെതന്യാഹുവിന് മുന്നില്‍ പ്രകടിപ്പിച്ചു.

ഇസ്രയേല്‍-യുഎസ് പ്രതിനിധികളുടെ ഉഭയകക്ഷി ചര്‍ച്ചയ്ക്കിടെയായിരുന്നു ട്രംപിന്റെ വാക്കുകള്‍. ''എട്ട് യുദ്ധങ്ങള്‍ ഒത്തുതീര്‍പ്പാക്കി. അസര്‍ബൈജാന്‍ യുദ്ധം ഒഴിവാക്കി. 10 വര്‍ഷമായി ഞാന്‍ ശ്രമിക്കുന്ന കാര്യമാണ് താങ്കള്‍ നടത്തിയത് എന്നും വിശ്വസിക്കാന്‍ കഴിയില്ലെന്നുമാണ് റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ പറഞ്ഞത്. ഒരൊറ്റ ദിവസം കൊണ്ടാണ് ഞാന്‍ അത് തീര്‍പ്പാക്കിയത്. വ്യാപാരബന്ധം അവസാനിപ്പിക്കുമെന്ന് അവരോട് പറഞ്ഞു. 200 ശതമാനം നികുതിയും ചുമത്തി. തൊട്ടടുത്ത ദിവസം അവര്‍ വിളിച്ചു. 35 വര്‍ഷത്തെ യുദ്ധമാണ് അവര്‍ നിര്‍ത്തിയത്'' -ട്രംപ് പറഞ്ഞു.

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ തന്റെ ഇടപെടലിലൂടെയാണെന്നാണ് ട്രംപിന്റെ അടുത്ത വാദം. വ്യാപാരക്കരാര്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. 'ഇതിനെനിക്ക് ക്രെഡിറ്റ് ലഭിക്കുമോ? ഇല്ല. ഞാന്‍ എട്ടെണ്ണം ചെയ്തു. ഇന്ത്യയും പാകിസ്താനും എന്തു പറയുന്നു...എന്നിട്ട് ബാക്കിയുള്ളത് ഞാന്‍ നിങ്ങളോട് പറയാം' ട്രംപ് നെതന്യാഹുവിനോട് പറഞ്ഞു.

വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്താനും സമ്മതിച്ചതായി മെയ് പത്തിന് സോഷ്യല്‍മീഡിയയിലൂടെ പ്രഖ്യാപിച്ചതിന് ശേഷം 70ലധികം തവണ ട്രംപ് തന്റെ ഇടപെടല്‍ സംബന്ധിച്ച അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യയുടെ നിരന്തരമായ നിഷേധങ്ങള്‍ക്കിടയിലും ട്രംപ് തന്റെ വാദം ആവര്‍ത്തിക്കുന്നുണ്ട്. വെടിനിര്‍ത്തലില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ല എന്നാണ് ഇന്ത്യ തുടക്കം മുതല്‍ക്കേ വ്യക്തമാക്കിയത്.

Tags:    

Similar News