ജനങ്ങൾക്കൊപ്പം കാണുമെന്ന് ഖുറാനിൽ അടിച്ച് സത്യം ചെയ്ത ന്യൂയോർക്കിന്റെ മേയർ ബ്രോ..; നേരം വെളുത്തപ്പോൾ തന്നെ തന്റെ ഒറ്റമുറി വീട്ടിൽ നിന്നിറങ്ങി; തണുത്ത് വിറച്ച ശരീരവുമായി സബ്വേയിലൂടെ നടത്തം; കൈയ്യടിച്ച് വരവേറ്റ് ജനം; ഇതെല്ലാം ഒപ്പിയെടുത്ത ക്യാമറ കണ്ണുകളും; അമേരിക്കൻ രാഷ്ട്രീയത്തിൽ ഇനി 'മംദാനി എറ'

Update: 2026-01-03 04:00 GMT

ന്യൂയോർക്ക്: ന്യൂയോർക്കിന്റെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ സൊഹ്റാൻ മംദാനി സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള തന്റെ ആദ്യ ദിനം പൊതുഗതാഗതം ഉപയോഗിച്ച് മാതൃകയാക്കിയും വാടക വർദ്ധനവിനെതിരെ കർശന നടപടിക്ക് തുടക്കമിട്ടും ശ്രദ്ധേയനായി.

പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിന് ഒരു വലിയ വഴിത്തിരിവായാണ് മംദാനിയുടെ വിജയം വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ നഗരത്തിന്റെ ഭരണച്ചുമതല ഏറ്റെടുത്ത അദ്ദേഹം ആദ്യ ദിനം തന്നെ നിർണായക ഉത്തരവുകളിൽ ഒപ്പുവെക്കുകയും നിയമനങ്ങൾ പ്രഖ്യാപിക്കുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു.

ക്വീൻസിലെ തന്റെ ഒറ്റമുറി ഫ്ലാറ്റിൽ നിന്ന് സബ്‌വേ മാർഗം മാൻഹാട്ടനിലേക്കായിരുന്നു മേയറുടെ ആദ്യ യാത്ര. തണുപ്പുള്ള കാലാവസ്ഥയിൽ നടന്നു നീങ്ങുമ്പോൾ നിരവധി പേർ അദ്ദേഹത്തിന് ആശംസകൾ നേർന്നു. സുരക്ഷാ ഉദ്യോഗസ്ഥരും മറ്റ് സ്റ്റാഫും അദ്ദേഹത്തെ അനുഗമിച്ചു.

ട്രെയിൻ യാത്രയ്ക്കിടെ അടുത്തിരുന്ന് പല ഡോക്യുമെന്റുകളും വായിച്ച മംദാനി, സമീപിച്ച ഫ്രഞ്ച് വിനോദസഞ്ചാരികളോട് സ്വയം "ന്യൂയോർക്കിന്റെ പുതിയ മേയർ" എന്ന് പരിചയപ്പെടുത്തുകയും ന്യൂയോർക്ക് ഡെയ്‌ലി ന്യൂസ് പത്രം തെളിവായി കാണിക്കുകയും ചെയ്തു. പൊതുഗതാഗതം ഉപയോഗിച്ച് ജനങ്ങളോട് അടുത്ത് നിൽക്കുന്ന രാഷ്ട്രീയ സന്ദേശം നൽകിയ മുൻ മേയർമാരായ എറിക് ആഡംസ്, ബിൽ ഡി ബ്ലാസിയോ, മൈക്കൽ ബ്ലൂംബർഗ് എന്നിവരുടെ പാത പിന്തുടർന്ന മംദാനിയുടെ ട്രെയിനിലെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചു.

ന്യൂയോർക്കിലെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വാടക വർദ്ധനവ് തടയുമെന്നായിരുന്നു മംദാനിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്. സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹം ആദ്യം പോയത് ബ്രൂക്ക്ലിനിലെ ഒരു അപ്പാർട്‌മെന്റിലേക്കായിരുന്നു. വാടക കൂട്ടിയതുമായി ബന്ധപ്പെട്ട് ലഭിച്ച ഒരു പരാതി തീർപ്പാക്കുക എന്നതായിരുന്നു സന്ദർശന ലക്ഷ്യം. അപ്പാർട്‌മെന്റ് ഉടമയ്‌ക്കെതിരെ ശക്തമായ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം ഈ അവസരത്തിൽ വ്യക്തമാക്കി.

സാധാരണക്കാരനോടൊപ്പം ചേർന്നുനിൽക്കുന്ന ഭരണാധികാരി എന്ന പ്രതിച്ഛായ ഊട്ടിയുറപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മംദാനിയുടെ ഈ ആദ്യ നീക്കങ്ങൾ, ന്യൂയോർക്കിന്റെ ഭാവി രാഷ്ട്രീയ ദിശയെക്കുറിച്ചുള്ള വ്യക്തമായ സൂചന നൽകുന്നു. 

Tags:    

Similar News