മഡുറോയുടെ പതനത്തില്‍ വിവിധ രാജ്യങ്ങളില്‍ ആഹ്ലാദപ്രകടനം നടത്തിയ വെനസ്വേലന്‍ പ്രവാസികള്‍; കാരക്കാസില്‍ അനിശ്ചിതത്വവും; ട്രംപ് നടത്തിയത് ലോകത്തെ ഏറ്റവും വലിയ 'കിഡ്നാപ്പിംഗ്' ഓപ്പറേഷന്‍; റഷ്യയും ചൈനയും എങ്ങനെ പ്രതികരിക്കുമെന്നത് നിര്‍ണ്ണായകം; 'കാര്‍ട്ടല്‍ ഡി ലോസ് സോള്‍സ്' തകരുമോ?
ന്യുയോര്‍ക്ക്: അതിസാഹസികമായ സൈനിക നീക്കത്തിലൂടെ വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ നിന്നും പിടികൂടിയ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും വിചാരണക്കായി മാന്‍ഹട്ടനില്‍ എത്തിച്ചു. വെള്ളിയാഴ്ച രാത്രി യുഎസ് സൈന്യത്തിന്റെ എലൈറ്റ് വിഭാഗമായ 'ഡെല്‍റ്റ ഫോഴ്‌സ്' നടത്തിയ മിന്നല്‍ നീക്കത്തിലാണ് മഡുറോയും ഭാര്യയും പിടിയിലായത്. മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. റഷ്യ, ചൈന, ക്യൂബ തുടങ്ങിയ വെനസ്വേലയുടെ സഖ്യരാജ്യങ്ങള്‍ ഈ സൈനിക നടപടിയോട് എങ്ങനെ പ്രതികരിക്കും എന്നത് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നു. ഇത് ലാറ്റിന്‍ അമേരിക്കന്‍ മേഖലയില്‍ വലിയ നയതന്ത്ര പ്രതിസന്ധികള്‍ക്ക് കാരണമായേക്കാം. ഐക്യരാഷ്ട്രസഭയില്‍ ഈ വിഷയം വലിയ ചര്‍ച്ചകള്‍ക്ക് വഴിമാറും.
ശനിയാഴ്ച വൈകുന്നേരം എഫ്ബിഐയുടെ പ്രത്യേക വിമാനത്തില്‍ ന്യൂയോര്‍ക്കിലെ സ്റ്റിയുവര്‍ട്ട് എയര്‍ നാഷണല്‍ ഗാര്‍ഡ് ബേസില്‍ ഇറങ്ങിയ ഇവരെ ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം മാന്‍ഹട്ടനിലേക്ക് മാറ്റി. പ്യൂര്‍ട്ടോ റിക്കോയിലെ സൈനിക താവളം വഴിയാണ് ഇവരെ അമേരിക്കയില്‍ എത്തിച്ചത്. വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ മഡുറോയുടെ കൈകളില്‍ വിലങ്ങുണ്ടായിരുന്നതായി ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. ലോകപ്രശസ്തമായ ബ്രൂക്ലിന്‍ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലാകും തടവില്‍ പാര്‍പ്പിക്കുക.
വെനസ്വേലയില്‍ സുരക്ഷിതമായ ഒരു ഭരണമാറ്റം ഉണ്ടാകുന്നതുവരെ രാജ്യം അമേരിക്കയുടെ താല്‍ക്കാലിക ഭരണത്തിന് കീഴിലായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. വെനസ്വേലയുടെ എണ്ണസമ്പത്ത് രാജ്യത്തിന്റെ പുനരുദ്ധാരണത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഡുറോ 'കാര്‍ട്ടല്‍ ഡി ലോസ് സോള്‍സ്' എന്ന മയക്കുമരുന്ന് മാഫിയയുടെ തലവനാണെന്നും ട്രംപ് ആരോപിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസിനെപ്പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് ഈ ദൗത്യം നടപ്പിലാക്കിയത്.
അതേസമയം, മഡുറോയുടെ പതനത്തില്‍ വെനസ്വേലന്‍ പ്രവാസികള്‍ വിവിധ രാജ്യങ്ങളില്‍ ആഹ്ലാദപ്രകടനം നടത്തി. എന്നാല്‍ കാരക്കാസില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ അവശ്യസാധനങ്ങള്‍ക്കായി കടകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുകയാണ്. മഡുറോയെ പിടികൂടിയ ശേഷം കണ്ണ് മൂടിക്കെട്ടിയ നിലയിലുള്ള അദ്ദേഹത്തിന്റെ ചിത്രം ട്രംപ് നേരത്തെ പുറത്തുവിട്ടിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് മഡുറോയുടെ കിടപ്പുമുറിയില്‍ അതിക്രമിച്ചു കയറിയാണ് സൈന്യം ഈ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയത്. ഒരു യുദ്ധം കാണുന്നതുപോലെ തത്സമയം താന്‍ ഈ ദൗത്യം വീക്ഷിച്ചുവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
വെനസ്വേലയില്‍ നിന്ന് പിടികൂടിയ മഡുറോയേയും ഭാര്യയേയും അമേരിക്കന്‍ യുദ്ധക്കപ്പലായ യുഎസ്എസ് ഇവോ ജിമയില്‍ ഗ്വാണ്ടനാമോ ബേയിലേക്കാണ് ആദ്യം കൊണ്ടുപോയത്. കപ്പലില്‍ നിന്നുള്ള മഡുറോയുടെ ചിത്രം ട്രംപ് നേരത്തേ പുറത്തുവിട്ടിരുന്നു. ഗ്വാണ്ടനാമോയിലെത്തിച്ചശേഷം മഡുറോയേയും ഭാര്യയേയും യുഎസ്സിന്റെ സൈനികവിമാനത്തില്‍ ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവരികയായിരുന്നു.
വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ യുഎസ് വന്‍തോതിലുള്ള ആക്രമണം നടത്തിയതിന് ശേഷമാണ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം പിടികൂടിയത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. 2020-ല്‍ ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ കാലഘട്ടത്തില്‍, 'നാര്‍ക്കോ-ഭീകരവാദം', കൊക്കെയ്ന്‍ ഇറക്കുമതിക്കുള്ള ഗൂഢാലോചന, അതുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ എന്നിവയുടെ പേരില്‍ ന്യൂയോര്‍ക്ക് സൗത്ത് ഡിസ്ട്രിക്റ്റില്‍ നിക്കോളാസ് മഡുറോയെ പ്രതിചേര്‍ത്തിരുന്നു.
ഇറാനിലെ ആക്രമണത്തിന് പിന്നാലെ വെനസ്വേലയിലും കടന്നാക്രമണം നടത്തിയിരിക്കുന്നു എന്നും ഓപ്പറേഷന്‍ വിജയകരമായിരുന്നു എന്നുമാണ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. വെനസ്വേല ഏറ്റെടുക്കും എന്ന് പറഞ്ഞ ട്രംപ്, മഡുറോയെയും ഭാര്യയേയും യുഎസ് സൈന്യം അറസ്റ്റുചെയ്തുവെന്നും അവരെ കപ്പലില്‍ അമേരിക്കയിലേക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ് എന്നും വ്യക്തമാക്കി.
മഡുറോയുടെ കാരക്കസിലെ വസതി യുഎസ് സൈന്യം വളയുമ്പോള്‍ സുരക്ഷിതമായ മുറിയിലേക്കുള്ള മാറാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹവും ഭാര്യയുമെന്ന് ട്രംപ് പറയുന്നു. മഡുറോ വാതിലിന് അരികെ വരെയെത്തി. പക്ഷേ ആ വാതില്‍ അടയ്ക്കാന്‍ കഴിയും മുന്‍പേ സൈന്യം വളഞ്ഞു. മഡുറോയ്ക്കും ഭാര്യയ്ക്കും കീഴടങ്ങുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു.
