ഗ്രീന്‍ലാന്‍ഡിനായി ട്രംപ് കടുപ്പിക്കുന്നു, പോരാടാന്‍ സൈന്യത്തെ ഇറക്കി യൂറോപ്പ്! വിട്ടുതരില്ലെന്ന് ഡെന്‍മാര്‍ക്ക്; ഫ്രാന്‍സും ജര്‍മ്മനിയും സൈന്യത്തെ അയച്ചു; നാറ്റോ രാജ്യങ്ങള്‍ തമ്മിലടിച്ചാല്‍ അത് 'ലോകാവസാനമെന്ന് അമേരിക്കന്‍ പ്രസിഡന്റിന് പോളണ്ടിന്റെ മുന്നറിയിപ്പ്; ആര്‍ട്ടിക് മേഖലയില്‍ യുദ്ധമേഘങ്ങള്‍
ഗ്രീന്‍ലാന്‍ഡിനായി ട്രംപ് കടുപ്പിക്കുന്നു,
നൂക്ക്: ഗ്രീന്‍ലാന്‍ഡിന്മേല്‍ അവകാശവാദം ഉന്നയിക്കാനുള്ള ട്രംപിന്റെ ശ്രമത്തിനെതിരെ നാറ്റോ രാജ്യങ്ങള്‍ പരസ്പരം പോരടിച്ചാല്‍ വന്‍ ദുരന്തം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി പോളണ്ട്. പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് തന്റെ രാജ്യം ഗ്രീന്‍ലാന്‍ഡിലേക്ക് സൈനികരെ അയയ്ക്കില്ലെന്നാണ്. അതേ സമയം നാറ്റോ സഖ്യകക്ഷികള്‍ തമ്മിലുള്ള ഏതൊരു ആക്രമണവും ആഗോള സുരക്ഷയുടെ അടിത്തറ തകര്‍ക്കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഒരു നാറ്റോ അംഗരാജ്യത്തെ മറ്റൊരു നാറ്റോ അംഗരാജ്യം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് ഒരു രാഷ്ട്രീയ ദുരന്തമായിരിക്കും, ടസ്‌ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകാവസാനമായിരിക്കും അത് എന്നും നാറ്റോ ഐക്യദാര്‍ഢ്യത്തില്‍ അധിഷ്ഠിതമായ ഒരു ലോകം ഉറപ്പുനല്‍കുകയും കമ്മ്യൂണിസ്റ്റ് ഭീകരതയുമായോ മറ്റ് തരത്തിലുള്ള ആക്രമണങ്ങളുമായോ ബന്ധപ്പെട്ട ദുഷ്ടശക്തികളെ തടഞ്ഞുനിര്‍ത്തുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗ്രീന്‍ലാന്‍ഡ് അമേരിക്കന്‍ സുരക്ഷയ്ക്ക് നിര്‍ണായകമാണെന്നും അതിനായി തങ്ങള്‍ കടുത്ത നടപടി സ്വീകരിക്കാമെന്ന് ട്രംപ് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പില്‍ ഉടനീളം വലിയ തോതിലുള്ള അസ്വസ്ഥതകള്‍ ഉയര്‍ന്നിരുന്നു. റഷ്യയോ ചൈനയോ ആര്‍ട്ടിക് മേഖലയില്‍ തന്ത്രപരമായി കാലുറപ്പിക്കുന്നത് തടയാന്‍ ഡെന്‍മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡ് അമേരിക്ക സ്വന്തമാക്കണമെന്ന് ട്രംപ് ആവര്‍ത്തിച്ച് വാദിക്കുകയായിരുന്നു. ധാതു സമ്പന്നമായ ഈ ദ്വീപിന്റെ നിയന്ത്രണം ഉറപ്പാക്കാന്‍ എല്ലാ വഴികളും തേടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അമേരിക്ക നടപടി എടുത്തില്ലെങ്കില്‍ ചൈനയോ റഷ്യയോ അത് കൈക്കലാക്കുമെന്നും ട്രംപ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം പാശ്ചാത്യ സമൂഹത്തിന് അടിത്തറ പാകിയ നാറ്റോ സഖ്യത്തിന് ഇത് വലിയൊരു ഞെട്ടലായി മാറിയിരുന്നു. ഇത്തരത്തില്‍ ആശങ്ക വര്‍ദ്ധിച്ചതോടെ, ഫ്രാന്‍സില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നുമുള്ള സൈനികര്‍ കഴിഞ്ഞ ദിവസം ഗ്രീന്‍ലാന്‍ഡിലേക്ക് പോയിട്ടുണ്ട്.
ദ്വീപിന്റെ സുരക്ഷ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു പദ്ധതിയില്‍ ഡെന്‍മാര്‍ക്കും മറ്റ് സഖ്യകക്ഷികളും ചേര്‍ന്നിരുന്നു. ഇതിനുള്ള ദൗത്യത്തിന്റെ ഭാഗമായി ഫ്രാന്‍സ്, സ്വീഡന്‍, ജര്‍മ്മനി, നോര്‍വേ എന്നീ രാജ്യങ്ങള്‍ ഗ്രീന്‍ലാന്‍ഡ് തലസ്ഥാനമായ നുക്കിലേക്ക് സൈനികരെ വിന്യസിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. യൂറോപ്യന്‍ സൈനികരുടെ അന്താരാഷ്ട്ര സേനയില്‍ ഒരു ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. നെതര്‍ലാന്‍ഡ്‌സും ഒരു സൈനിക ഉദ്യോഗസ്ഥനെ അയയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല മേഖലയില്‍
റഷ്യയുടേയും ചൈനയുടേയും കപ്പലുകള്‍ എത്തി എന്ന അമേരിക്കയുടെ വാദം നാറ്റോയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ തള്ളിക്കളയുകയാണ്.
