കൊലക്കയര്‍ ഒരുക്കി ഇറാന്‍; എര്‍ഫാന്‍ സോള്‍ട്ടാനി ഏതുനിമിഷവും തൂക്കിലേറ്റപ്പെട്ടേക്കാം; ട്രംപിന്റെ താക്കീതിലും കുലുങ്ങാതെ ഭരണകൂടം; ജയിലുകളില്‍ തടവുകാര്‍ക്ക് ക്രൂരപീഡനം
ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് കസ്റ്റഡിയിലെടുത്ത ഒരു കടയുടമ ഇപ്പോഴും വധശിക്ഷയ്ക്ക് വിധേയനാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ ജയിലില്‍ കടുത്ത പീഡനം നേരിടേണ്ടിവരുമെന്നും ഒരു മനുഷ്യാവകാശ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഒരു പ്രതിഷേധത്തില്‍ പങ്കെടുത്തതിന് വിചാരണ ചെയ്യപ്പെടുകയും കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുകയും ചെയ്ത 26 കാരനായ എര്‍ഫാന്‍ സോള്‍ട്ടാനി ബുധനാഴ്ച വധശിക്ഷ നേരിടേണ്ടിവരുമെന്നാണ് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധക്കാരെ തൂക്കിലേറ്റാന്‍ തുടങ്ങിയാല്‍ സൈനിക നടപടി ഉണ്ടാകുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ താക്കീതിന്റെ പശ്ചാത്തലത്തിലാണ് ഇറാന്‍ അധികൃതര്‍ സോള്‍ട്ടാനി വധശിക്ഷ നേരിടേണ്ടിവരില്ലെന്ന് ഇറാന്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ഹെന്‍ഗാവ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന സംഘടന ചൂണ്ടിക്കാട്ടിയത്.
അദ്ദേഹം ഇപ്പോഴും അപകടത്തിലാണെന്നാണ്. ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളില്‍ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായി, വധശിക്ഷ നീട്ടിവെച്ചിരിക്കുകയാണ് എന്നും പിന്‍വലിച്ചിട്ടില്ലെന്നുമാണ് സോള്‍ട്ടാനിയുടെ കുടുംബം നോര്‍വേ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയോട് വെളിപ്പെടുത്തിയത്. 'അദ്ദേഹത്തിന്റെ ജീവനെക്കുറിച്ച് തങ്ങള്‍ക്ക് ഇപ്പോഴും ആശങ്കയുണ്ട് എന്നാണ് വീ്ട്ടുകാര്‍ പറയുന്നത്. വര്‍ഷങ്ങളായി പലരും വധശിക്ഷ കാത്ത് കഴിയുമ്പോഴാണ് സോള്‍ട്ടാനിയുടെ കാര്യത്തില്‍ ഇത്രയും വേഗത്തില്‍ നടപടി ഉണ്ടായതെന്ന കാര്യവും മനുഷ്യാവകാശ സംഘടന പറഞ്ഞു.
സോള്‍ട്ടാനി തടവറയില്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെടും എന്ന് തന്നെയാണ് എല്ലാവരും ഭയപ്പെടുന്നത്. കരാജിലെ ഗെസല്‍ ഹെസാര്‍ ജയിലിലാണ് അദ്ദേഹം നിലവില്‍ തടവിലാക്കപ്പെട്ടിരിക്കുന്നത്. പല രാഷ്ട്രീയ തടവുകാരും ജയിലുകളില്‍ പീഡനവും നിര്‍ബന്ധിത കുറ്റസമ്മതവും നേരിടുന്നതായിട്ടാണ് വ്യാപകമായ പരാതി ഉയരുന്നത്. പല കേസുകളിലും, തടവുകാരന്‍ പിന്നീട് വിചാരണയിലോ അഭിഭാഷകന്റെ സാന്നിധ്യത്തിലോ കുറ്റം നിഷേധിച്ചാലും, ഇറാനിയന്‍ അധികാരികള്‍ 'ശിക്ഷ നടപ്പിലാക്കാന്‍ ഈ നിര്‍ബന്ധിത കുറ്റസമ്മതം ഉപയോഗിക്കുന്നു' എന്നാണ് ആരോപണം. ഇറാനിലെ കലാപത്തില്‍ നിലവില്‍ 2,677 പേരാണ് കൊല്ലപ്പെട്ടത് എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം. ആയിരക്കണക്കിന് ആളുകളാണ് ജയിലുകളില്‍ കഴിയുന്നത്.
ഇവരില്‍ പലരേയും വധശിക്ഷയ്ക്ക് വിധേയരാക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ നേരത്തേ ഇറാന് മുന്നറിയിപ്പ് നല്‍കിയ ട്രംപ് ആകട്ടെ ഇപ്പോള്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. അതിനിടെ പ്രതിഷേധത്തിനിടെ അറസ്റ്റിലായ ഒരു നാല്‍പ്പതുകാരി മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടതായും പറയപ്പെടുന്നു. ഇവരുടെ മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ വികൃതമാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
