സകല ജൂതന്മാരെയും കൊല്ലാന്‍ ആഹ്വനം ചെയ്ത ഫലസ്തീനി ബ്രിട്ടനില്‍ സുഖമായി ജീവിക്കുന്നു; അമേരിക്കന്‍ പൗരനെയും അഭയാര്‍ത്ഥിയായി തീറ്റിപ്പോറ്റി ബ്രിട്ടന്‍; കടല്‍ കടന്ന് യുകെയില്‍ എത്തിയ അഭയാര്‍ത്ഥികളുടെ ടിക് ടോക് പാര്‍ട്ടി സര്‍ക്കാര്‍ നല്‍കിയ ഹോട്ടലില്‍

Update: 2026-01-18 04:05 GMT

ലോകത്തെ യഹൂദജനതയെ അപ്പാടെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത പലസ്തീനി ഇപ്പോള്‍ ബ്രിട്ടനില്‍ സമൂഹമാധ്യമങ്ങളിലൂടെ പണം വാരുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുകെയില്‍, ഒരു ചെറുയാനത്തില്‍ അനധികൃതമായി എത്തിയതിനുള്ള ഒന്‍പത് മാസത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് അബു വാഡി എന്ന 34 കാരന്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു പുറത്തിറങ്ങിയത്. എന്നാല്‍, നാടുകടത്തുന്നതിനു പകരം ഇയാളെ നോര്‍ത്താംപ്റ്റണ്‍ഷയറിലെ ഒരു ഹോസ്റ്റലില്‍ പ്രൊബേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അഭയത്തിനായുള്ള അപേക്ഷയിന്മേല്‍ തീരുമാനമെടുക്കുന്നതിനായി കാത്തിരിക്കുന്ന സമയത്ത് അയാള്‍ അനധികൃതമായി പണം സമ്പാദിക്കുകയാണ് എന്നാണ് മെയില്‍ ഓണ്‍ സണ്‍ഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. തീവ്രവാദ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്റുകള്‍ വന്നതോടെ ഇയാളുടെ ഒറിജിനല്‍ ടിക്ടോക് അക്കൗണ്ട് അടച്ചു പോയിരുന്നു. ഇപ്പോള്‍ ഇയാളുടെ പുതിയ അക്കൗണ്ടില്‍ 25,000 ഫോളേവേഴ്‌സ് ഉണ്ടെന്നാണ് മെയില്‍ ഓണ്‍ സണ്‍ഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അവിടെ ഇയാള്‍ ചില ഹെയര്‍ സ്‌ട്രെയിറ്റ്‌നേഴ്‌സ് ഉള്‍പ്പടെയുള്ള ബിസിനസ്സ് സ്ഥാപനങ്ങളെ എന്‍ഡോഴ്‌സ് ചെയ്തിട്ടുണ്ട്. അതായത്, ഇടപാടുകള്‍ നടന്നാല്‍ 5 ശതമാനം വരെ കമ്മീഷന്‍ ലഭിക്കുമെന്നര്‍ത്ഥം.

അമേരിക്കന്‍ പൗരനും ബ്രിട്ടനില്‍ അഭയാര്‍ത്ഥി

ഒരു അമേരിക്കന്‍ പൗരനായ അഭയാര്‍ത്ഥിയെ നാടു കടത്തേണ്ടുന്നതിനു പകരം ബ്രിട്ടനില്‍ താമസിപ്പിച്ച് പൊതുഖജനാവില്‍ നിന്നും ആയിരക്കണക്കിന് പൗണ്ടുകള്‍ പൊടിച്ചതായി മറ്റൊരു റിപ്പോര്‍ട്ട് വരുന്നു. താന്‍ ഒരു യഹൂദനും, കറുത്ത വര്‍ഗ്ഗക്കാരനുമായതിനാല്‍ അമേരിക്കയില്‍ പീഡനമനുഭവിക്കുന്നു എന്ന് അവകാശപ്പെട്ടാണ് 14 മാസങ്ങള്‍ക്ക് മുന്‍പ് ലാസ് വേഗസില്‍ നിന്നും അമേരിക്കന്‍ പാസ്സ്‌പോര്‍ട്ടില്‍ യു കെയില്‍ എത്തിയ ഇയാള്‍ അവകാശപ്പെടുന്നത്. ആഭ്യന്തര പ്രശ്‌നങ്ങളോ, യുദ്ധങ്ങളോ ഇല്ലാത്ത അമേരിക്ക പോലുള്ള രാജ്യത്തു നിന്നും അഭയത്തിനപേക്ഷിച്ച് എത്തിയ വ്യക്തിയെ ഉടനടി തിരിച്ചയയ്‌ക്കേണ്ടതിന് പകരം അഭയാര്‍ത്ഥികള്‍ക്കായി ഒരുക്കിയ ഹോട്ടലുകളില്‍ ഒന്നില്‍ താമസിപ്പിക്കുകയായിരുന്നു അധികൃതര്‍ ചെയ്തത്.

തന്റെ അഭയാപേക്ഷയില്‍ തീരുമാനമെടുക്കുന്നത് വരെ താമസവും, ഭക്ഷണവുമെല്ലാം തികച്ചും സൗജന്യമായി തന്നെ അനുഭവിക്കുകയും ചെയ്തു.കൂട്ടത്തില്‍ മറ്റ് ആനുകൂല്യങ്ങളും. ഏതായാലും കഴിഞ്ഞ ജൂണില്‍ ഇയാളുടെ അപേക്ഷ നിരാകരിക്കപ്പെട്ടു. എന്നിട്ടും ഒരു യൂണിവേഴ്‌സിറ്റി ഗ്രാഡ്വേറ്റ് കൂടിയായ ഇയാള്‍ ഇതുവരെ ബ്രിട്ടന്‍ വിട്ട് പോയിട്ടില്ല. അപ്പീലിന് അനുമതിയില്ലാതെ തന്നെ ഇയാളോട്, നാട് വിടാന്‍ ആവശ്യപ്പെട്ടെങ്കിലും, ഐലിംഗ്ടണ്‍ കൗണ്‍സില്‍ തനിക്ക് ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട് എന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

കഴിഞ്ഞ ക്രിസ്ത്മസ്‌കാലത്ത് ബോര്‍ഡര്‍ ഫോഴ്‌സ് ഇയാളെ പിടികൂടിയിരുന്നു. അന്ന് നാട്ടിലേക്ക് തിരികെപോകാന്‍ 1500 പൗണ്ട് കൈപ്പറ്റിയെങ്കിലും തിരികെപോയില്ല. ഇപ്പോള്‍ ലണ്ടനില്‍ തെരുവിലും മറ്റും ഉറങ്ങി ജീവിതം മുന്‍പോട്ട് കൊണ്ടുപോവുകയാണ് ഇയാള്‍. തനിക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഹോം ഓഫീസ് മറന്നതുകൊണ്ടാണ് താനിന്ന് തെരുവില്‍ അലയുന്നത് എന്നാണ് കഴിഞ്ഞ ദിവസം ടെലെഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ ഇയാള്‍ പറഞ്ഞത്.

യുകെയില്‍ എത്തിയ അഭയാര്‍ത്ഥികളുടെ ടിക് ടോക് പാര്‍ട്ടി സര്‍ക്കാര്‍ നല്‍കിയ ഹോട്ടലില്‍

വര്‍ദ്ധിച്ചു വരുന്ന ജീവിതച്ചെലവില്‍ ബ്രിട്ടീഷ് ജനത ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഏറെ ക്ലേശിക്കുമ്പോള്‍, അനധികൃതമായി ബ്രിട്ടനില്‍ എത്തിയ അഭയാര്‍ത്ഥികള്‍ പൊതുജനങ്ങളുടെ ചെലവില്‍, ജീവിതം ആഘോഷമാക്കുന്ന ദൃശ്യങ്ങള്‍ന്ന്പുറത്തുവന്നിരിക്കുന്നു. സാധാരണയായിന്‍ ഹോളിഡേ ഇന്‍ എക്‌സ്പ്രസ്സുകളില്‍ കാണാറുള്ള അലങ്കാരങ്ങളുടെ പശ്ചാത്തലത്തില്‍ ഏകദേശം പത്തോളം ആളുകള്‍ ഹോട്ടലില്‍ വിരുന്ന് നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ടിക്ടോക്കില്‍ കൂടി പുറത്തു വന്നിരിക്കുന്നത്. പോപ്‌കോണ്‍, ബിസ്‌ക്കറ്റുകള്‍, ചെറിയ കഷണമാക്കിയ നേന്ത്രപ്പഴങ്ങള്‍, കുപ്പിവെള്ളം, പെപ്‌സി ഗ്ലാസുകള്‍ എന്നിവയൊക്കെ മേശമേല്‍ കാണാന്‍ കഴിയും.

ഹോട്ടല്‍ മുറിക്കുള്ളില്‍ ഒരു ടെലിവിഷന്‍ സെറ്റും കാണാം. ഈ ക്ലിപ്പിനെ ഓവര്‍ലേ ചെയ്തുകൊണ്ട് യു കെ ഫ്‌ലാഗും ചില ഇമോജികളും ഒപ്പം അല്‍ഹംദുല്ലില്ലാ എന്ന അറബി വാക്കും കാണാം. അതേസമയം, പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെയില്ലെന്നും, അത് അഭയാര്‍ത്ഥി ഹോട്ടലിലാണ് നടന്നതെന്ന് പറയാന്‍ കഴിയുന്ന തെളിവുകളൊന്നും ഇല്ലെന്നുമാണ് ഹോം ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്.

Similar News