റിഫോം യുകെയേക്കാള്‍ തീവ്ര കുടിയേറ്റ വിരുദ്ധ നിലപാടുമായി റീസ്റ്റോര്‍ ബ്രിട്ടന്‍ പാര്‍ട്ടി.. പിന്തുണച്ച് എലന്‍ മസ്‌ക്; കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് ഇന്ത്യന്‍ വംശജനായ ഇലക്ഷന്‍ കമ്മീഷണര്‍
ലണ്ടന്‍: ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ വലംപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് തീവ്ര കുടിയേറ്റ വിരുദ്ധ നിലപാടുകളുമായി പുതിയ രാഷ്ട്രീയ പാര്‍ട്ടി 'റീസ്റ്റോര്‍ ബ്രിട്ടന്‍' പ്രവര്‍ത്തനം ആരംഭിച്ചു. നൈജല്‍ ഫരാജിന്റെ റീഫോം യുകെയില്‍ നിന്ന് പുറത്താക്കപ്പെട്ട ഗ്രേറ്റ് യാര്‍മൗത്ത് എംപി രൂപേര്‍ട്ട് ലോ ആണ് പുതിയ പാര്‍ട്ടിയുടെ അമരക്കാരന്‍. റീഫോം യുകെയേക്കാള്‍ കടുത്ത വലതുപക്ഷ നയങ്ങള്‍ പിന്തുടരുന്ന ഈ പാര്‍ട്ടിക്ക് ലോകസമ്പന്നന്‍ എലോണ്‍ മസ്‌ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചത് യുകെ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
ബ്രിട്ടനിലേക്കുള്ള കുടിയേറ്റം പൂര്‍ണ്ണമായും അവസാനിപ്പിക്കുക മാത്രമല്ല, നിലവിലുള്ള കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്നും പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നു. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തവര്‍, ആനുകൂല്യങ്ങള്‍ പറ്റി ജീവിക്കുന്നവര്‍, ബ്രിട്ടീഷ് ജീവിതരീതിയോട് പൊരുത്തപ്പെടാത്തവര്‍ എന്നിവരെ നാടുകടത്തുമെന്നാണ് രൂപര്‍ട്ട് ലോയുടെ പ്രഖ്യാപനം. കൂടാതെ ബുര്‍ഖ നിരോധിക്കുക, ശരീഅത്ത് നിയമം നിയമവിരുദ്ധമാക്കുക, ഹലാല്‍-കോഷര്‍ മാംസങ്ങള്‍ നിരോധിക്കുക തുടങ്ങിയ വിദ്വേഷപരമായ തീവ്ര നിലപാടുകളും പാര്‍ട്ടി മുന്നോട്ട് വെക്കുന്നുണ്ട്.
എലോണ്‍ മസ്‌ക് തന്റെ എക്സ് പ്ലാറ്റ്‌ഫോമിലൂടെ രൂപര്‍ട്ട് ലോയെ പിന്തുണച്ച് രംഗത്തെത്തിയത് റീഫോം യുകെയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. നൈജല്‍ ഫരാജിന് രാജ്യത്തെ നയിക്കാനുള്ള ശേഷിയില്ലെന്ന് വിമര്‍ശിച്ച മസ്‌ക്, രൂപര്‍ട്ട് ലോ മാത്രമാണ് മാറ്റം കൊണ്ടുവരാന്‍ പ്രാപ്തനെന്നും കുറിച്ചു. നൈജല്‍ ഫരാജ് തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്നു എന്നാരോപിച്ചാണ് രൂപര്‍ട്ട് ലോ പാര്‍ട്ടി വിട്ടത്.
റീസ്റ്റോര്‍ ബ്രിട്ടന്റെ വരവ് യുകെയിലെ വലതുപക്ഷ വോട്ടുകളില്‍ വലിയ വിള്ളലുണ്ടാക്കാന്‍ സാധ്യതയുണ്ട്. തീവ്ര വംശീയ നിലപാടുകള്‍ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നത് റീഫോം യുകെയുടെ വോട്ട് ബാങ്കിനെ ചോര്‍ത്തുകയും വലതുപക്ഷ വോട്ടുകള്‍ ചിതറാന്‍ കാരണമാവുകയും ചെയ്യും. ഇത് ഫരാജിന്റെ പാര്‍ട്ടിക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും ഒരുപോലെ ഭീഷണിയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ വോട്ട് ഭിന്നത മറ്റ് പ്രധാന കക്ഷികള്‍ക്ക് ഗുണകരമായേക്കാം.
കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് ഇന്ത്യന്‍ വംശജനായ ഇലക്ഷന്‍ കമീഷണര്‍
ഈ വര്‍ഷം മേയില്‍ നടക്കാനിരിക്കുന്ന പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പുകള്‍ നീട്ടിവയ്ക്കാനുള്ള ലേബര്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇലക്ഷന്‍ കമ്മീഷന്‍ ചീഫ് എക്സിക്യൂട്ടീവ് വിജയ് രംഗരാജന്‍. മതിയായ കാരണങ്ങളില്ലാതെ ദശലക്ഷക്കണക്കിന് വോട്ടര്‍മാരുടെ അവകാശം തടയാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ഇന്ത്യന്‍ വംശജനായ അദ്ദേഹം വ്യക്തമാക്കി. ലേബര്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടുമെന്ന ഭയത്താലാണ് 30-ഓളം തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് ഇലക്ഷന്‍ കമ്മീഷന്റെ ഈ ഇടപെടല്‍.
തദ്ദേശ സ്വയംഭരണ പുനഃസംഘടനയും തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളും ഒരേസമയം നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് തിരഞ്ഞെടുപ്പ് നീട്ടാന്‍ കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇത്തരം 'സാങ്കേതിക തടസ്സങ്ങള്‍' തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള ന്യായമായ കാരണങ്ങളല്ലെന്ന് വിജയ് രംഗരാജന്‍ തുറന്നടിച്ചു. തിരഞ്ഞെടുപ്പ് എപ്പോള്‍ വേണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും, അധികാരികള്‍ക്ക് സ്വന്തം സൗകര്യത്തിനനുസരിച്ച് ജനവിധി നേരിടുന്നത് നീട്ടിവയ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നിലവിലെ നീക്കം അനുസരിച്ച് ചില കൗണ്‍സിലര്‍മാര്‍ തിരഞ്ഞെടുപ്പ് നേരിടാതെ ഏഴ് വര്‍ഷം വരെ പദവിയില്‍ തുടരുന്ന സാഹചര്യം ഉണ്ടാകും. ഇത് ജനാധിപത്യപരമായ തീരുമാനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും വോട്ടര്‍മാരുടെ വിശ്വാസം തകര്‍ക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഏകദേശം 3.5 ദശലക്ഷം വോട്ടര്‍മാരെ ഈ തീരുമാനം ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.
സര്‍ക്കാര്‍ നീക്കത്തിനെതിരെ 'റീഫോം യുകെ' നേതാവ് നൈജല്‍ ഫരാജ് രംഗത്തെത്തി. ലേബര്‍ സര്‍ക്കാര്‍ ഏകാധിപതികളെപ്പോലെയാണ് പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് നീട്ടുന്നതിനെതിരെ ഈ ആഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും റീഫോം യുകെ അറിയിച്ചു. ഇതിനകം തന്നെ നോര്‍ഫോക്കിലെ ചില കൗണ്‍സിലര്‍മാര്‍ പ്രതിഷേധസൂചകമായി രാജിവച്ചിട്ടുണ്ട്. പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ അവസരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ചിലയിടങ്ങളില്‍ ജനങ്ങള്‍ കൗണ്‍സില്‍ ടാക്സ് അടയ്ക്കാതെ പ്രതിഷേധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
