ദുബായുടെ അടയാളമായ ഈ ആഡംബര ഹോട്ടലിന് മുകളില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ചു; ബുര്‍ജ് അല്‍ അറബിന് തീപിടിച്ചു; വിനോദസഞ്ചാരികളുടെ പറുദീസയായ പാം ജുമൈറയിലെ ഫെയര്‍മോണ്ട് ഹോട്ടലിലും മിസൈല്‍; ഇറാന്റെ 'മരണക്കളിയില്‍' പകച്ച് ഗള്‍ഫ് മേഖല; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയും ഭീതിയില്‍
ദുബായ്: പശ്ചിമേഷ്യയില്‍ യുദ്ധം അനിയന്ത്രിതമായി പടരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ വിദേശി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ചാവേര്‍ ഡ്രോണ്‍ ആക്രമണത്തില്‍ ലോകപ്രശസ്തമായ ബുര്‍ജ് അല്‍ അറബ് ഹോട്ടലിന് തീപിടിച്ചു. ദുബായുടെ അടയാളമായ ഈ ആഡംബര ഹോട്ടലിന് മുകളില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ചാണ് അഗ്‌നിബാധയുണ്ടായതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
ഇതിന് പിന്നാലെ വിനോദസഞ്ചാരികളുടെ പറുദീസയായ പാം ജുമൈറയിലെ ഫെയര്‍മോണ്ട് ഹോട്ടലിലും ഇറാന്റെ ഷഹീദ് ഡ്രോണുകള്‍ പതിച്ചു. ഇവിടെ നാല് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദുബായില്‍ അപ്രതീക്ഷിതമായി എത്തിയ മിസൈലുകളും ഡ്രോണുകളും പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ആളുകളെ കടുത്ത പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്.
യുഎഇക്ക് പുറമെ ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയും ഇറാന്‍ മിസൈല്‍ വര്‍ഷം നടത്തി. ബഹ്റൈനിലെ ആഡംബര പാര്‍പ്പിട സമുച്ചയമായ 'ഇറ വ്യൂ ടവറില്‍' ഡ്രോണ്‍ പതിച്ച് വന്‍ സ്‌ഫോടനമുണ്ടായി. ഇവിടെയുള്ള യുഎസ് അഞ്ചാം ഫ്‌ലീറ്റ് ആസ്ഥാനത്തിന് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്. ദുബായിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ നിന്ന് ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു. യുഎഇ വ്യോമപാത ഭാഗികമായി അടച്ചതോടെ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. വിമാനത്തിനുള്ളില്‍ കയറിയ യാത്രക്കാരെപ്പോലും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി തിരിച്ചിറക്കി.
ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരോട് വീടുകള്‍ക്കുള്ളില്‍ തന്നെ സുരക്ഷിതരായിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. സൈനിക കേന്ദ്രങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും യാത്രാ രേഖകള്‍ തയ്യാറാക്കി വെക്കണമെന്നും എംബസികള്‍ അറിയിച്ചു. ഖമനയിയുടെ മരണത്തിന് പ്രതികാരമായി ഇറാന്‍ നടത്തുന്ന ഈ 'മരണക്കളി' മേഖലയെ ഒരു മഹാ യുദ്ധത്തിലേക്കാണ് നയിക്കുന്നത്. നിലവില്‍ ഗള്‍ഫിലുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ്. ഇന്ത്യ സ്ഥിതി ഗതികള്‍ വീക്ഷിക്കുന്നുണ്ട്.
അതിനിടെ പശ്ചിമേഷ്യയെ ചാരമാക്കുന്ന യുദ്ധസമാനമായ സാഹചര്യത്തില്‍ അമേരിക്കയെയും ഇസ്രയേലിനെയും രൂക്ഷമായി വിമര്‍ശിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്ടെറസ് രംഗത്തു വന്നു. ഇറാനിലെ ടെഹ്റാനില്‍ ഇരുരാജ്യങ്ങളും ചേര്‍ന്ന് നടത്തിയ വ്യോമാക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറുകളുടെയും നഗ്‌നമായ ലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുഎന്‍ സുരക്ഷാ സമിതിയുടെ അടിയന്തര യോഗത്തിലായിരുന്നു ഗുട്ടെറസിന്റെ പ്രതികരണം. ലോകം മറ്റൊരു മഹാ യുദ്ധത്തിന്റെ മുനമ്പില്‍ നില്‍ക്കുമ്പോള്‍ നയതന്ത്രപരമായ പരിഹാരത്തിനുള്ള ശ്രമങ്ങള്‍ പാഴാക്കിയെന്ന് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇറാന്‍ നടത്തുന്ന മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെയും സെക്രട്ടറി ജനറല്‍ ശക്തമായി അപലപിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കവേ, ഇതുസംബന്ധിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ മരണം സ്ഥിരീകരിക്കാന്‍ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗത്തില്‍ പങ്കെടുത്ത വിവിധ രാജ്യങ്ങള്‍ വിഭിന്നമായ നിലപാടുകളാണ് സ്വീകരിച്ചത്. ചര്‍ച്ചകളിലൂടെ മാത്രമേ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയൂ എന്ന് ഫ്രാന്‍സ് നിലപാടെടുത്തപ്പോള്‍, ഇറാന്റെ ആക്രമണത്തിന് ഇരയായ ബഹ്റൈന്‍ യോഗത്തില്‍ പൊട്ടിത്തെറിച്ചു. പ്രകോപനമില്ലാതെ ജനവാസ കേന്ദ്രങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണം ഭീരുത്വമാണെന്നും മേഖലയുടെ സമാധാനത്തിന് ഇറാന്‍ ഭീഷണിയാണെന്നും ബഹ്റൈന്‍ പ്രതിനിധി വാദിച്ചു. റഷ്യയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള വന്‍ശക്തികള്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്. ലോകം ഉറ്റുനോക്കുന്ന നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ പശ്ചിമേഷ്യയില്‍ നിന്ന് ഉയരുന്ന പുകപടലങ്ങള്‍ ആഗോള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പോടെയാണ് യോഗം പിരിഞ്ഞത്.
