ഹോര്‍മുസ് കടലിടുക്കിന്റെ സംരക്ഷണ ചുമതല അവിടെനിന്നുള്ള എണ്ണയും മറ്റു വിഭവങ്ങളും ഉപയോഗിക്കുന്ന രാജ്യങ്ങള്‍ തന്നെ ഏറ്റെടുക്കണം; ഇറാന്റെ സൈനിക ശേഷി പൂര്‍ണ്ണമായും തകര്‍ത്തുവെന്നും മേഖലയിലെ യുദ്ധം ഉടന്‍ അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ച് ട്രംപിസം; തകര്‍ത്തെന്ന വാദം തള്ളി ഇറാനും; എണ്ണ വില ഉയരുമ്പോള്‍ അമേരിക്ക യുദ്ധ പിന്‍മാറ്റത്തിന്
ടെഹ്റാന്‍: ഇറാന്റെ സൈനിക ശേഷി പൂര്‍ണ്ണമായും തകര്‍ത്തുവെന്നും മേഖലയിലെ യുദ്ധം ഉടന്‍ അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ പ്രതിരോധ മേഖലയും നാവിക-വ്യോമ സേനകളും തകര്‍ക്കപ്പെട്ടതായും ആണവ പദ്ധതികള്‍ ഇനി ഒരിക്കലും പുനരാരംഭിക്കാന്‍ കഴിയില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ഇതോടൊപ്പം ലോകവ്യാപാരത്തിന്റെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്കിന്റെ ഭാവി സംബന്ധിച്ച പുതിയ പദ്ധതിയും അദ്ദേഹം പുറത്തുവിട്ടു.
ഇനി മുതല്‍ ഹോര്‍മുസ് കടലിടുക്കിന്റെ സംരക്ഷണ ചുമതല അവിടെനിന്നുള്ള എണ്ണയും മറ്റു വിഭവങ്ങളും ഉപയോഗിക്കുന്ന രാജ്യങ്ങള്‍ തന്നെ ഏറ്റെടുക്കണമെന്നാണ് ട്രംപിന്റെ നിലപാട്. ആവശ്യമെങ്കില്‍ ഈ രാജ്യങ്ങളെ സഹായിക്കാന്‍ അമേരിക്ക തയ്യാറാകുമെങ്കിലും ഇറാന്റെ ഭീഷണി അവസാനിക്കുന്നതോടെ ഇതിന്റെ ആവശ്യം വരില്ലെന്നും ട്രംപ് വ്യക്തമാക്കി. എന്നാല്‍ അമേരിക്കന്‍ വാദങ്ങള്‍ ഇറാന്‍ തള്ളുകയാണ്. യുദ്ധത്തിന് സന്നദ്ധരാണെന്നാണ് അവര്‍ പറയുന്നത്.
എന്നാല്‍ യുദ്ധം അവസാനിപ്പിക്കുമെന്ന പ്രസ്താവനയ്ക്കിടയിലും മേഖലയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാനുള്ള നീക്കത്തിലാണ് വൈറ്റ് ഹൗസ്. ഏകദേശം 2,500 മറീനുകളെയും മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകളെയും പസഫിക്കില്‍ നിന്നും മിഡില്‍ ഈസ്റ്റിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവും സുരക്ഷാ കൗണ്‍സില്‍ തലവനും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരി 28-ന് ആരംഭിച്ച ആക്രമണങ്ങളില്‍ ഇതുവരെ 13 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് നടത്തിയ അതിശക്തമായ മിസൈല്‍ ആക്രമണങ്ങളില്‍ ഇറാന്റെ ആയുധ നിര്‍മ്മാണ ശാലകള്‍ക്കും ആണവ നിലയങ്ങള്‍ക്കും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്രായേലിന്റെ അവകാശവാദങ്ങള്‍ തള്ളിയ ഇറാന്‍ മിസൈല്‍ നിര്‍മ്മാണം തുടരുകയാണെന്ന് അറിയിച്ചിരുന്നു.
മേഖലയിലെ സംഘര്‍ഷം ആഗോളതലത്തില്‍ എണ്ണവില വര്‍ദ്ധിപ്പിക്കാനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായിട്ടുണ്ട്. ഗള്‍ഫ് മേഖലയെ ഇറാന്‍ ആക്രമിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്ക യുദ്ധം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നത്. ട്രംപിന്റെ ശക്തമായ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഇറാന്റെ വാതകപ്പാടങ്ങള്‍ക്കു നേരെയുള്ള ആക്രമണം ഇസ്രയേല്‍ അവസാനിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടമായ സൗത്ത് പാര്‍സില്‍ കഴിഞ്ഞ ബുധനാഴ്ച ഇസ്രയേല്‍ നടത്തിയ ബോംബാക്രമണം ആഗോളതലത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഭാവിയില്‍ ഗ്യാസ് ഫീല്‍ഡുകളെ ലക്ഷ്യം വെക്കരുതെന്ന് ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടത്. വാതകപ്പാടങ്ങള്‍ ആക്രമിക്കാനുള്ള തീരുമാനം ഇസ്രയേലിന്റേത് മാത്രമായിരുന്നുവെന്നും ട്രംപിന്റെ ഇടപെടലോടെ ഇത് നിര്‍ത്തിവെക്കുകയാണെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇറാനും ഖത്തറും സംയുക്തമായി നടത്തുന്ന സൗത്ത് പാര്‍സ് വാതകപ്പാടം ഇറാന്റെ ആഭ്യന്തര ആവശ്യത്തിനുള്ള പ്രകൃതിവാതകത്തിന്റെ 80 ശതമാനവും നല്‍കുന്ന കേന്ദ്രമാണ്. ഇസ്രയേല്‍ ഇവിടെ ആക്രമണം നടത്തിയതോടെ തിരിച്ചടിയായി ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജ്ജനിലയങ്ങള്‍ക്കുനേരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടു.
ഇതോടെ ലോകവിപണിയില്‍ എണ്ണവില കുതിച്ചുയരുകയും ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നെതന്യാഹുവിനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഗള്‍ഫ് സഖ്യകക്ഷികള്‍ ട്രംപിനെ സമീപിച്ചിരുന്നു. കഴിഞ്ഞ 20 ദിവസമായി തുടരുന്ന യു.എസ്.-ഇസ്രയേല്‍ സംയുക്ത ആക്രമണത്തിലൂടെ ഇറാന്റെ സൈനികശേഷി ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ത്തുവെന്ന് നെതന്യാഹു അവകാശപ്പെട്ടു. ജനങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ പ്രതിരോധ മേഖലയും വ്യോമ-നാവിക സേനകളും തകര്‍ന്നതോടെ ലക്ഷ്യം പൂര്‍ത്തിയായതായാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും വിലയിരുത്തല്‍. എണ്ണവിലയിലെ വര്‍ധനവ് നിയന്ത്രിക്കാനും മേഖലയിലെ സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഇപ്പോള്‍ ട്രംപ് മുന്‍ഗണന നല്‍കുന്നത്.
