കൂടുതല്‍ സുരക്ഷിതവും സുഖകരവുമായ ജീവിതം കൊതിച്ച് ദുബായിലേക്ക് താമസം മാറ്റിയ സെലിബ്രിറ്റികളും ഇന്‍ഫ്‌ലുവന്‍സര്‍മാരും നാട്ടിലേക്ക് മടങ്ങുന്നു; ഷാഗോസ് ദ്വീപിലെ ബ്രിട്ടീഷ് ആസ്ഥാനത്തിന് നേരെ ഇറാന്‍ ആക്രമണം; ലണ്ടന്‍, പാരീസ്, ബെര്‍ലിന്‍ തുടങ്ങിയ നഗരങ്ങളെയും ഇറാന്‍ ലക്ഷ്യം വച്ചേക്കാമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്; ഇറാന്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജി 7 രാജ്യങ്ങളും
ലണ്ടന്‍: ദുബായിലെ ആഡംബര ജീവിതശൈലിയെ കുറിച്ചും ദുബായ് നല്‍കുന്ന സുരക്ഷയെ കുറിച്ചുമൊക്കെ പറയുവാനാണ് ഇപ്പോഴും പല ഇന്‍ഫ്‌ലുവന്‍സര്‍മാരും റിയാലിറ്റി ഷോ താരങ്ങളുമൊക്കെ ശ്രമിക്കുന്നത്. ഇറാന്റെ ബോംബാക്രമണം ആരംഭിച്ചപ്പോള്‍ തന്നെ യു എ ഇ അധികൃതര്‍, രാജ്യത്ത് താമസിക്കുന്ന പാശ്ചാത്യര്‍ക്ക് ആക്രമണത്തിന്റെ ഇരുണ്ട വശങ്ങളെ കുറിച്ചുള്ള പോസ്റ്റുകള്‍ ഇടുന്നത് വിലക്കിക്കൊണ്ട് സന്ദേശങ്ങള്‍ അയച്ചിരുന്നു. അതുകൊണ്ടു തന്നെ അവിടെ താമസിക്കുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാരുടെ യഥാര്‍ത്ഥ വികാരവും ചിന്തകളും എന്തെന്നറിയാന്‍ ഒരു വഴിയുമില്ല.
ദുബായില്‍ സുരക്ഷിതമാണെന്ന് പറയുമ്പോഴും, സുരക്ഷ ഉറപ്പാക്കാന്‍ യു എ ഇ സര്‍ക്കാര്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ടെന്ന് പറയുമ്പോഴും അവരില്‍ പലരും തിരികെ യു കെയിലേക്ക് എത്താനാണ് ശ്രമിക്കുന്നത്. നികുതി രഹിത വരുമാനവും, കുറഞ്ഞ കുറ്റകൃത്യ നിരക്കുകളുമൊക്കെയായിരുന്നു ഒരുകാലത്ത് സെലിബ്രിറ്റികളെ ദുബായിലേക്ക് ആകര്‍ഷിച്ചിരുന്നതെങ്കില്‍, ഈ യുദ്ധത്തോടെ ആ ആകര്‍ഷണം ഏതാണ്ട് നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഫുട്‌ബോള്‍ താരം റിയോ ഫെര്‍ഡിനാഡിനെയും ഭാര്യ കെയ്റ്റിനെയും പോലുള്ള പലരും യുദ്ധത്തിന്റെ ആരംഭകാലത്ത് തന്നെ യു കെയില്‍ തിരിച്ചെത്തിയിരുന്നു.
അതുപോലെ ദുബായിയെ കുറിച്ച് വാനോളം പുകഴ്ത്തിയിരുന്ന, അപ്രന്റീസ് താരം ലൂയിസ സിസ്സ്മാനും തിരികെ ബ്രിട്ടനിലെത്തിയിട്ടുണ്ട്. അതേസമയം, മറ്റു പല സെലിബ്രിറ്റികളും ലഭ്യമാകുന്ന ആദ്യ വിമാനത്തില്‍ നാട്ടിലെത്തിപ്പെടാനുള്ള തത്രപ്പാടിലാണെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലണ്ടനും, പാരീസും, ബെര്‍ലിനും ഇറന്റെ ലക്ഷ്യമായേക്കാം എന്ന് മുന്നറിയിപ്പ്
ഷാഗോസ് ദ്വീപിലെ ബ്രിട്ടീഷ് സൈനിക കേന്ദ്രത്തിനു നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിനു പിന്നാലെ ലണ്ടന്‍, പാരീസ്, ബെര്‍ലിന്‍ എന്നിവ ഉള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഗരങ്ങളെ ലക്ഷ്യമാക്കി ഇറാന്റെ മിസൈല്‍ ആക്രമണം ഉണ്ടായേക്കാം എന്ന ഇസ്രയേലിന്റെ മുന്നറിയിപ്പ് എത്തിയിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യയില്‍ അമേരിക്കയും ബ്രിട്ടനും സംയുക്തമായി നടത്തുന്ന സൈനിക ആസ്ഥാനത്തിലേക്ക് കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു ഇറാന്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചത്.
മിസൈലുകളില്‍ ഒന്ന് പാതിവഴിയെ തന്നെ തകര്‍ന്നതായും മറ്റൊന്നിനെ ഒരു അമേരിക്കന്‍ യുദ്ധക്കപ്പലിലെ മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തതായും ചില വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സൈനിക കേന്ദ്രത്തിനു നേരെയുള്ള ആദ്യ ആക്രമണമായിരുന്നു ഇത്. ആക്രമണം നടന്ന കൃത്യ സമയം ഇനിയും വ്യക്തമായിട്ടില്ലെങ്കിലും ചില വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നത്, ഹോര്‍മൂസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാന്‍ ബ്രിട്ടീഷ് ആസ്ഥാനമായ ബോംബറുകള്‍ ഉപയോഗിക്കാന്‍ സ്റ്റാര്‍മര്‍ അമേരിക്കക്ക് അനുവാദം നല്‍കുന്നതിന് മുമ്പാണ് ഈ ആക്രമണം ഉണ്ടായത് എന്നാണ്. ശനിയാഴ്ച്ചയായിരുന്നു സ്റ്റാര്‍മര്‍ ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
ഡീഗോ ഗാര്‍ഷ്യ ആക്രമണത്തിനായിട്ടാണ് ഇതാദ്യമായി ഇറാന്‍ ഒരു ദീര്‍ഘദൂര മിസൈല്‍ ഉപയോഗിച്ചതെന്ന് ഇസ്രയേലി സേനയും സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 4000 കി. മീ ദൂരം വരെ പോകാന്‍ ശേഷിയുള്ളവയാണ് ഈ മിസൈലുകള്‍. അതുകൊണ്ടു തന്നെ, ഇറാനിലെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടത്തിന് ലണ്ടനെയോ, പാരിസിനെയോ, ബര്‍ലിനെയോ വരെ ആക്രമിക്കാന്‍ കഴിയുമെന്നും ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കുന്നു. ആക്രമണത്തിനു തൊട്ടുപിന്നാലെ തന്നെ ഇറാന്‍ അവരുടെ മിസൈല്‍ ശക്തിയെക്കുറിച്ച് പുതിയ അവകാശവാദങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇറാനില്‍ നിന്നും ഏകദേശം 3800 കി. മീ മാറിയാണ് ഡീഗോ ഗാര്‍ഷ്യ സ്ഥിതി ചെയ്യുന്നത്. ഈ ആക്രമണം അമേരിക്കയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിരിക്കുകയാണെന്ന് യുദ്ധ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇറാന്‍ മിസൈലുകള്‍ക്ക് 2000 കിലോമീറ്ററിനപ്പുറം പോകാന്‍ കഴിയില്ലെന്നായിരുന്നു അമേരിക്കയുടെ കണക്കുകൂട്ടല്‍. ഒരു ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലോ അതല്ലെങ്കില്‍ ഒരു സ്‌പേസ് ലോഞ്ച് വെഹിക്കിളോ വരെ ഡീഗോ ഗാര്‍ഷ്യ ആക്രമിക്കുന്നതിനായി ഇറാന്‍ ഉപയോഗിച്ചിരിക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.
മദ്ധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളെ ആക്രമിക്കുന്നത് നിര്‍ത്തണമെന്ന് ജി 7 രാജ്യങ്ങള്‍
ഇറാന്‍, മദ്ധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളെ ആക്രമിക്കുന്നത് ഉടനടി നിര്‍ത്തണമെന്ന് ജി 7 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ആവശ്യപ്പെട്ടു. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരാണ് ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്നതില്‍ നിന്നും ഇറാന്‍ നിരുപാധികം പിന്മാറണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ആഗോള വിതരണ ശൃംഖല മുറിഞ്ഞു പോകാതെ സൂക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഹോര്‍മൂസ് കടലിടുക്ക് ഉള്‍പ്പടെയുള്ള എല്ലാ സമുദ്ര പാതകള്‍ക്കും സുരക്ഷ ഉറപ്പാക്കുമെന്നും അവര്‍ പറഞ്ഞു.
