റേഡിയോ ആക്ടീവ് പുക പടര്‍ന്നാല്‍ അത് പേര്‍ഷ്യന്‍ കടലിടുക്കിന് മറുഭാഗത്തുള്ള സൗദിയിലും യു.എ.ഇയിലും ഖത്തറിലും കുവൈത്തിലും ജനജീവിതം പ്രതിസന്ധിയിലാകും; കാറ്റിന്റെ ഗതിയും ഭൂമിശാസ്ത്ര പ്രത്യേകതകളും വികിരണത്തെ അതിവേഗത്തില്‍ ഗള്‍ഫ് നഗരങ്ങളില്‍ എത്തും; ബുഷെറില്‍ വീണ്ടും സ്‌ഫോടനം; ഐക്യരാഷ്ട്രസഭയ്ക്ക് കത്തെഴുതി ഇറാന്‍; ആണവ ദുരന്തഭീതിയില്‍ ലോകം?
ടെഹ്റാന്‍: ഇറാനിലെ ബുഷെര്‍ ആണവനിലയത്തിന് നേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കെതിരെ ഇറാന്‍ ഐക്യരാഷ്ട്രസഭയെ സമീപിച്ചു. യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും ആണവോര്‍ജ്ജ ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസിക്കും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ച്ചി ഔദ്യോഗികമായി കത്തെഴുതി. മേഖലയെ മുഴുവന്‍ ആണവ വികിരണ ഭീഷണിയിലാക്കുന്ന 'അസഹനീയമായ സാഹചര്യം' അവസാനിപ്പിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു.
ഇറാനിലെ ബുഷെര്‍ ആണവനിലയത്തിന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ബോംബാക്രമണം മേഖലയെ വിനാശകരമായ ആണവ ദുരന്തത്തിന്റെ വക്കിലെത്തിക്കുമെന്ന് ഇറാന്‍ പറയുന്നു. ആക്രമണത്തെത്തുടര്‍ന്നുണ്ടാകുന്ന ആണവ വികിരണം ഇറാനെക്കാള്‍ കൂടുതല്‍ ബാധിക്കുക ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ തലസ്ഥാനങ്ങളെയായിരിക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ച്ചി മുന്നറിയിപ്പ് നല്‍കി. യുക്രെയ്നിലെ സാപ്പോറീഷ്യ ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ പ്രകടിപ്പിച്ച ആശങ്ക എന്തേ ബുഷെറിന്റെ കാര്യത്തില്‍ ഇല്ലാത്തതെന്ന് അറാഗ്ച്ചി ചോദിച്ചു. ഇതുവരെ നാല് തവണയാണ് ബുഷെര്‍ നിലയത്തിന് നേരെ അമേരിക്കന്‍-ഇസ്രായേല്‍ സഖ്യം ആക്രമണം നടത്തിയത്.
ബുഷെറില്‍ നിന്നുള്ള റേഡിയോ ആക്ടീവ് പുക പടര്‍ന്നാല്‍ അത് പേര്‍ഷ്യന്‍ കടലിടുക്കിന് മറുഭാഗത്തുള്ള സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ ജനജീവിതം പ്രതിസന്ധിയിലാകുമെന്നാണ് ഇറാന്റെ ഭീഷണി. കാറ്റിന്റെ ഗതിയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും അനുസരിച്ച് വികിരണം ടെഹ്റാനെക്കാള്‍ വേഗത്തില്‍ ഗള്‍ഫ് നഗരങ്ങളില്‍ എത്തും എന്നത് ഗൗരവകരമായ യാഥാര്‍ത്ഥ്യമാണ്. ആണവനിലയത്തിന് പുറമെ ഇറാന്റെ പെട്രോകെമിക്കല്‍ ശാലകളും അമേരിക്കന്‍ സഖ്യം ലക്ഷ്യം വെക്കുന്നുണ്ട്. ഇറാന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുക എന്ന 'യഥാര്‍ത്ഥ ലക്ഷ്യമാണ്' ഇതിലൂടെ വെളിവാകുന്നതെന്ന് അറാഗ്ച്ചി കുറ്റപ്പെടുത്തി. യുദ്ധം കേവലം സൈനിക കേന്ദ്രങ്ങളില്‍ ഒതുങ്ങാതെ അടിസ്ഥാന സൗകര്യങ്ങളിലേക്ക് പടരുന്നത് വലിയ മാനുഷിക ദുരന്തത്തിന് വഴിവെക്കും.
ശനിയാഴ്ച പുലര്‍ച്ചെ ബുഷെര്‍ നിലയത്തിന് സമീപം നടന്ന പ്രൊജക്‌റ്റൈല്‍ ആക്രമണം മേഖലയിലെ സംഘര്‍ഷം ആരംഭിച്ചതിന് ശേഷമുള്ള നാലാമത്തെ സംഭവമാണെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി സ്ഥിരീകരിച്ചു. നിലയത്തിന്റെ സുരക്ഷാ വിഭാഗത്തിലെ ഒരു ജീവനക്കാരന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും അനുബന്ധ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ മനുഷ്യരാശിക്കും പരിസ്ഥിതിക്കും കനത്ത ആഘാതമുണ്ടാക്കുമെന്ന് അബ്ബാസ് അറാഗ്ച്ചി മുന്നറിയിപ്പ് നല്‍കി. നിലവില്‍ ആണവ വികിരണ തോതില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, പ്രവര്‍ത്തനക്ഷമമായ ഒരു ആണവനിലയത്തിന് തൊട്ടടുത്ത് നടക്കുന്ന സ്‌ഫോടനങ്ങള്‍ വലിയൊരു ആണവ ദുരന്തത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
ബുഷെറിലെ സംഭവത്തില്‍ ഐഎഇഎ മേധാവി റാഫേല്‍ ഗ്രോസി അതിശക്തമായ ആശങ്ക രേഖപ്പെടുത്തി. ആണവനിലയങ്ങളോ അതിന് ചുറ്റുമുള്ള പ്രദേശങ്ങളോ ഒരിക്കലും സൈനിക ലക്ഷ്യങ്ങളാകരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രധാന പ്ലാന്റിന് കേടുപാടുകള്‍ സംഭവിച്ചില്ലെങ്കിലും, സുരക്ഷാ ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന അനുബന്ധ കെട്ടിടങ്ങള്‍ തകരുന്നത് ആണവ അപകടങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് ഗ്രോസി ഓര്‍മ്മിപ്പിച്ചു. യുദ്ധസാഹചര്യങ്ങളില്‍ ആണവ സുരക്ഷ ഉറപ്പാക്കാന്‍ പാലിക്കേണ്ട ഏഴ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന് ഗ്രോസി കുറ്റപ്പെടുത്തി. പരമാവധി സൈനിക സംയമനം പാലിക്കണമെന്നും ഒരു അണുബോംബ് സ്‌ഫോടനത്തിന് സമാനമായ അപകടം ഒഴിവാക്കാന്‍ ലോകരാജ്യങ്ങള്‍ ഇടപെടണമെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്ഫോമിലൂടെ ആവശ്യപ്പെട്ടു.
ശനിയാഴ്ചത്തെ ആക്രമണം പ്ലാന്റിന്റെ ചുറ്റുമതിലിന് തൊട്ടടുത്താണ് നടന്നതെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായും കെട്ടിടത്തിന് വിള്ളലുകള്‍ വീണതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വൈദ്യുതി ഉല്‍പ്പാദനത്തെ ഇത് ബാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഇറാന്റെ സാമ്പത്തിക-സൈനിക ശേഷി തകര്‍ക്കുന്നതിന്റെ ഭാഗമായാണ് ആണവ കേന്ദ്രങ്ങളെ അമേരിക്ക ലക്ഷ്യം വെക്കുന്നത്. എന്നാല്‍ ഇത് കേവലം ഇറാനെ മാത്രമല്ല, അയല്‍രാജ്യങ്ങളായ ഗള്‍ഫ് രാഷ്ട്രങ്ങളെയും ബാധിക്കുമെന്ന നയതന്ത്ര യാഥാര്‍ത്ഥ്യം അമേരിക്ക അവഗണിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
റേഡിയോ ആക്ടീവ് വികിരണം ഉണ്ടായാല്‍ അത് കടല്‍ കടന്ന് കുവൈത്ത്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്ക് എത്തുമെന്ന ഇറാന്റെ മുന്നറിയിപ്പ് അറബ് ലോകത്തെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളിലെ കുടിവെള്ള സ്രോതസ്സായ കടല്‍വെള്ളം മലിനമായാല്‍ അത് ചരിത്രത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തമായി മാറും. ആണവ നിലയത്തിന് നേരെയുള്ള ആക്രമണത്തെ റഷ്യയും ചൈനയും ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് ഇരുരാജ്യങ്ങളും ഐക്യരാഷ്ട്രസഭയില്‍ നിലപാടെടുത്തു. യുദ്ധം ആറാഴ്ച പിന്നിടുമ്പോഴും പരിഹാരം കാണാന്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെടുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
ട്രംപിന്റെ 48 മണിക്കൂര്‍ അന്ത്യശാസനം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ബുഷെറിലെ ആക്രമണം ഇറാനെ കൂടുതല്‍ പ്രകോപിതരാക്കിയിരിക്കുകയാണ്. സമാധാന ചര്‍ച്ചകള്‍ക്ക് പകരം ആണവ ഭീഷണി മുന്‍നിര്‍ത്തിയുള്ള ഒരു പോരാട്ടത്തിലേക്കാണ് പശ്ചിമേഷ്യ നീങ്ങുന്നത്. ലോകം ഇപ്പോള്‍ ശരിക്കും ഒരു അഗ്‌നിപര്‍വ്വതത്തിന് മുകളിലാണ്. അമേരിക്കയുടെ സഖ്യകക്ഷികളാണെങ്കിലും നേരിട്ട് യുദ്ധത്തില്‍ പങ്കെടുക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണവും ഇപ്പോള്‍ ആണവ വികിരണ ഭീഷണിയും അവരെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഇറാനുമായി ചര്‍ച്ചകള്‍ നടത്തി യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യവും അറബ് ലോകത്ത് ശക്തമാണ്.
ബുഷെര്‍ ആക്രമണ വാര്‍ത്ത പുറത്തുവന്നതോടെ ആഗോള വിപണിയില്‍ എണ്ണവില വീണ്ടും അസ്ഥിരമായി. ആണവ ഭീതി നിലനില്‍ക്കുന്നതിനാല്‍ ചരക്ക് കപ്പലുകള്‍ മേഖലയിലൂടെ കടന്നുപോകാന്‍ ഭയപ്പെടുന്നു. ഇത് ആഗോള വിതരണ ശൃംഖലയെ പൂര്‍ണ്ണമായും തകര്‍ക്കുമെന്ന ഭീതിയിലാണ് സാമ്പത്തിക ലോകം.
