പൗരത്വ നിയമം കടുപ്പിച്ച് ഒമാന്‍: 15 വര്‍ഷം തുടര്‍ച്ചയായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് മാത്രം പൗരത്വത്തിന് അപേക്ഷിക്കാം; അപേക്ഷകര്‍ക്ക് അറബിക് ഭാഷ സംസാരിക്കാനും എഴുതാനും കഴിയണം; മാതൃരാജ്യത്തിന്റെ പൗരത്വം ഉപേക്ഷിച്ചതായി എഴുതിനല്‍കണമെന്നും വ്യവസ്ഥ
പൗരത്വ നിയമം കടുപ്പിച്ച് ഒമാന്‍
മസ്‌കറ്റ്: പുതിയ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്ത് പൗരത്വനിയമങ്ങള്‍ ഒമാന്‍ കൂടുതല്‍ കര്‍ശനമാക്കി. രാജ്യത്ത് കുറഞ്ഞത് 15 വര്‍ഷം തുടര്‍ച്ചയായി താമസിക്കുന്നവര്‍ക്കേ പൗരത്വത്തിന് അപേക്ഷിക്കാനാകൂ എന്നതാണ് പുതിയ വ്യവസ്ഥകളിലൊന്ന്. എന്നാല്‍, ഒരുവര്‍ഷത്തില്‍ 90 ദിവസംവരെ രാജ്യത്തിന് പുറത്താണെങ്കിലും അത് അയോഗ്യതയാകില്ല.
അപേക്ഷകര്‍ക്ക് അറബിക് ഭാഷ സംസാരിക്കാനും എഴുതാനും കഴിയണം. നല്ല പെരുമാറ്റത്തിനുള്ള സാക്ഷ്യപത്രവും ആവശ്യമാണ്. സാമ്പത്തികശേഷിയും നല്ല ആരോഗ്യവും ഉണ്ടായിരിക്കണം. പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നും പുതിയ വ്യവസ്ഥകളിലുണ്ട്.
മാതൃരാജ്യത്തിന്റെ പൗരത്വം ഉപേക്ഷിച്ചതായി എഴുതിനല്‍കണം. അതോടൊപ്പം മാതൃരാജ്യത്തിന്റേതല്ലാത്ത പൗരത്വം ഇല്ലെന്നും ഉറപ്പുനല്‍കണം. ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയാകാന്‍ പാടില്ലെന്നതാണ് മറ്റൊരു നിബന്ധന. പ്രവാസിക്ക് പൗരത്വം ലഭിക്കുന്നതോടെ ആ വ്യക്തിക്ക് ഒമാനില്‍ ജനിച്ച മക്കള്‍ക്കും അയാളോടൊപ്പം ഒമാനില്‍ സ്ഥിരതാമസമാക്കിയ മക്കള്‍ക്കും പൗരത്വം ലഭിക്കും.
അതേസമയം, പൗരത്വ അപേക്ഷയില്‍ തെറ്റായ വിവരങ്ങളോ വ്യാജ രേഖകളോ സമര്‍പ്പിച്ചതായി കണ്ടെത്തിയാല്‍ കഠിന ശിക്ഷകള്‍ നേരിടേണ്ടിവരുമെന്നും പുതിയ നിയമ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. കുറ്റവാളികള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും 5,000 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെ പിഴയും ലഭിക്കും. പുതിയ ചട്ടങ്ങള്‍ പ്രകാരം, ആഭ്യന്തര മന്ത്രാലയമാണ് പൗരത്വ അപേക്ഷകളുടെ മേല്‍നോട്ടം വഹിക്കുക.
വിശദീകരണം നല്‍കാതെ ഏതൊരു അപേക്ഷയും നിരസിക്കാനുള്ള അധികാരം മന്ത്രാലയത്തിനുണ്ട്. ദേശീയതയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഇനി കോടതി വിധികള്‍ക്ക് വിധേയമാകില്ലെന്നും നിയമഭേദഗതിയില്‍ വ്യക്തമാക്കി.