'കാശ്മീര്‍ പാക്കിസ്ഥാന്റെ ജീവനാഢി; സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബ സ്വത്തല്ല; ഇന്ത്യ അണക്കെട്ട് നിര്‍മ്മിച്ചാല്‍ അത് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കും'; അമേരിക്കയില്‍ വെച്ച് ഇന്ത്യക്കെതിരെ പ്രകോപനം സൃഷ്ടിച്ച് പാക് സൈനിക മേധാവി; ഇന്ത്യക്കെതിരെ ആണവ ഭീഷണിയും മുഴക്കി അസീം മുനീര്‍; ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയ പ്രഹരത്തിലും മതിയാകാതെ പാക്കിസ്ഥാന്‍
'കാശ്മീര്‍ പാക്കിസ്ഥാന്റെ ജീവനാഢി
വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നിന്നും കണക്കിന് കിട്ടിയിട്ടും മതിയാകാതെ പാക്കിസ്ഥാന്‍ വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നു. ഇന്ത്യയുമായി അമേരിക്ക വ്യാപാര രംഗത്ത് ഉടക്കി നില്‍ക്കവേ അമേരിക്കന്‍ മണ്ണിലെത്തി ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കിയിരിക്കയാണ് പാക്കിസ്ഥാന്‍ സൈനിക മേധാവി അസീം മുനീര്‍. ഇന്ത്യയെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകളാണ് അസിം മുനൂര്‍ നടത്തിയിരിക്കുന്നത്. നിലനില്‍പ്പിന് ഭീഷണിയുണ്ടാകുന്ന പക്ഷം ഇന്ത്യയ്ക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നാണ് മുനീറിന്റെ ഭീഷണി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആണവ യുദ്ധഭീഷണി ഇല്ലാതാക്കിയത് താനാണെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ അവകാശ വാദങ്ങള്‍ക്കിടെയാണ് അസം മുനീര്‍ വാവിട്ട വാക്കുകളുമായി രംഗത്തുവന്നത്.
ഫ്‌ലോറിഡയില്‍ അമേരിക്കയിലെ പാക്കിസ്ഥാന്‍ വ്യവസായികള്‍ നടത്തിയ അത്താഴവിരുന്നിലാണ് വിവാദ പരാമര്‍ശങ്ങള്‍. ഞങ്ങള്‍ ഒരു ആണവശക്തിയാണ്. ഞങ്ങളുടെ അസ്തിത്വം അപകടത്തിലായാല്‍, ലോകത്തിന്റെ പകുതിയും ഞങ്ങളോടൊപ്പം ഇല്ലാതാക്കും,' എന്നാണ് ജനറല്‍ മുനീര്‍ പറഞ്ഞത്. അമേരിക്കന്‍ മണ്ണില്‍ മെച്ച് മറ്റൊരു രാഷ്ട്രത്തിന്റെ നിര്‍ണായക സ്ഥാനത്തുള്ളയാള്‍ ആണവ ഭീഷണി മുഴക്കുന്നത് അപൂര്‍വ്വ സംഭവമാണ്.
സിന്ധു നദീജല കരാര്‍ റദ്ദാക്കിയ ഇന്ത്യന്‍ നടപടിക്കെതിരെയും പാക്കിസ്ഥാന്‍ സൈനിക മേധാവി രംഗത്തെത്തി. കാശ്മീര്‍ പാക്കിസ്ഥാന്റെ ജീവനാഢിയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. നദീജല കരാര്‍ മരവിപ്പിക്കാനുള്ള ഇന്ത്യന്‍ നീക്കം പാക്കിസ്ഥാനിലെ 25 കോടി ജനങ്ങളെ പട്ടിണിയിലാക്കുമെന്ന് മുനീര്‍ പറഞ്ഞു. തുടര്‍ന്ന് 'സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ല. ഇന്ത്യ ഒരു അണക്കെട്ട് നിര്‍മ്മിമ്മാന്‍ ഞങ്ങള്‍ കാത്തിരിക്കും, അത് പത്ത് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കും,' എന്നും ഭീഷണി മുഴക്കി.
ഇന്ത്യയെ ഒരു ആഡംബര മെഴ്സിഡസ് കാറായും പാക്കിസ്ഥാനെ ചരക്ക് നിറച്ച ഒരു ഡംപ് ട്രക്കായും ഉപമിച്ചു കൊണ്ടാണ് അസിം മുനീര്‍ ഭീഷണി മുഴക്കിയത്. 'ട്രക്ക് കാറിലിടിച്ചാല്‍ ആര്‍ക്കാണ് നഷ്ടം സംഭവിക്കുക?' എന്ന് ചോദിച്ചുകൊണ്ട് തങ്ങളുടെ സൈനിക ലക്ഷ്യങ്ങളെക്കുറിച്ച് പരോക്ഷമായ സൂചനകള്‍ നല്‍കി. ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാര കരാറിന്റെ പേരില്‍ അകലുമ്പോഴാണ് അസിം മുനീര്‍ ഭീഷണിയുമായി രംഗത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്.
അസിം മുനീര്‍ ഇന്ത്യയ്ക്കെതിരെ നടത്തി പ്രകോപന പ്രസ്താവന അന്താരാഷ്ട്ര നയതന്ത്ര വൃത്തങ്ങളില്‍ മായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നു. ഈ പ്രകോപനപരമായ പ്രസ്താവനയെ നിശിതമായ ഭാഷയില്‍ അപലപിച്ചുകൊണ്ട് രംഗത്തെത്തിയ മുന്‍ ഇന്ത്യന്‍ മേജര്‍ ജനറല്‍ പി.കെ. സെഗാള്‍, ഇത്തരം ഭീഷണികള്‍ പാകിസ്ഥാന്റെ ഭൗതികമായ ഉന്മൂലനത്തില്‍ കലാശിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
മുനീറിന്റെ ഭീഷണിയെ വെറും വാചാടോപമെന്നാണ് റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ പി.കെ. സെഗാള്‍ വിശേഷിപ്പിച്ചത്. 'ആണവായുധം ഒരു പ്രതിരോധാത്മക ഉപാധിയാണെന്നും അത് ഒരു കാരണവശാലും ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും അസിം മുനീറിന് വ്യക്തമായി അറിയാമെന്ന് സെഗാള്‍ പറഞ്ഞു. അബദ്ധത്തില്‍പ്പോലും പാകിസ്ഥാന്‍ അത്തരമൊരു സാഹസത്തിന് മുതിര്‍ന്നാല്‍, അത് സര്‍വ്വ ഭൂഖണ്ഡങ്ങള്‍ക്കും വിനാശകരമാകുമെങ്കിലും, പാകിസ്ഥാന് അതൊരു ശാരീരികമായ ആത്മഹത്യയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്റെ നിലനില്‍പ്പ് തന്നെ ഇല്ലാതാക്കുന്ന ഒരു നടപടിയായിരിക്കും അതെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു.
അതിനിടെ ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ ഓഗസ്റ്റ് 11, 12 തീയതികളില്‍ അറബിക്കടലില്‍ നാവികാഭ്യാസം നടത്തുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയത്ത് തന്നെ പാകിസ്ഥാന്‍ നാവികസേന തങ്ങളുടെ സമുദ്രാതിര്‍ത്തിയില്‍ നാവിക അഭ്യാസം നടത്തുമെന്ന് അറിയിച്ച് വ്യോമസേനക്ക് നോട്ടീസ് നല്‍കി. എന്നാല്‍, അഭ്യാസങ്ങള്‍ക്കായി രണ്ട് നാവികസേനകളും തമ്മില്‍ നേരിട്ടുള്ള ഏകോപനമൊന്നും പ്രതിരോധ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിട്ടില്ല. മെയ് മാസത്തില്‍ ഓപ്പറേഷന്‍ സിന്ദൂരിന് ശേഷമാണ് ഇരു സൈന്യവും ഒരേസമയം അഭ്യാസങ്ങള്‍ നടക്കുന്നത്.
അതേസമയം, ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി അടച്ചതോടെ പാകിസ്ഥാന് കനത്ത സാമ്പത്തിക നഷ്ടമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. രണ്ട് മാസത്തിനുള്ളില്‍ പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് (പിഎഎ) 1,240 കോടി രൂപയിലധികം നഷ്ടമായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചതായി പാക് പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ 23-ന് ഇന്ത്യ സിന്ധു ജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചതിന് മറുപടിയായാണ് ഏപ്രില്‍ 24-ന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി അടച്ചത്. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തതോ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ പ്രവര്‍ത്തിപ്പിക്കുന്നതോ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ എല്ലാ വിമാനങ്ങള്‍ക്കും പാകിസ്ഥാന്‍ നിരോധനമേര്‍പ്പെടുത്തി. ഈ നീക്കം സാമ്പത്തികമായി തിരിച്ചടിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏപ്രില്‍ 24 നും ജൂണ്‍ 30 നും ഇടയില്‍, അമിതമായി പറക്കല്‍ ചാര്‍ജുകള്‍ ഈടാക്കിയതില്‍ നിന്നുള്ള പിഎഎയുടെ വരുമാനം കുറഞ്ഞു. പാക് നടപടി 100-150 ഇന്ത്യന്‍ വിമാനങ്ങളെ ബാധിക്കുകയും പാകിസ്ഥാന്റെ ഗതാഗത വ്യോമ ഗതാഗതം ഏകദേശം 20 ശതമാനം കുറയ്ക്കുകയും ചെയ്തുവെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.