പാക്കിസ്ഥാന്‍ ഭരണകൂടത്തെ നോക്കുകുത്തിയാക്കി അസിം മുനീര്‍ രാജ്യം ഭരിക്കുമോ? പാക് സൈനിക മേധാവിയ്ക്ക് സായുധ സേനകളുടെ സര്‍വാധികാരം നല്‍കുന്ന ഭരണഘടനാ ഭേദഗതിക്ക് പാക്കിസ്ഥാന്റെ നീക്കം; സംയുക്ത സേനാ മേധാവി തസ്തിക സൃഷ്ടിക്കുന്നു; പട്ടാള അട്ടിമറികള്‍ തുടര്‍ച്ചയായ രാജ്യം വീണ്ടും സൈനിക ഭരണത്തിലേക്ക് നീങ്ങുമോ?

പാക്കിസ്ഥാന്‍ ഭരണകൂടത്തെ നോക്കുകുത്തിയാക്കി അസിം മുനീര്‍ രാജ്യം ഭരിക്കുമോ?

Update: 2025-11-08 17:19 GMT

ഇസ്ലാമാബാദ്: തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളുടെ അധികാരത്തേക്കാള്‍ പട്ടാളം കാര്യങ്ങള്‍ നിശ്ചയിക്കുന്ന രാജ്യമായി പാക്കിസ്ഥാന്‍ മാറിയിട്ട് കാലം കുറേയായി. പ്രധാനമന്ത്രിയേക്കാള്‍ പ്രധാന്യത്തില്‍ ലോക രാജ്യങ്ങളുമായി കൂടിക്കാഴ്ച്ചകളും മറ്റും നടത്തുന്നത് പാക് സൈനിക മേധാവിയായ അസീം മുനീറാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടക്കം മൂനീര്‍ കൂടിക്കാഴ്ച്ചകള്‍ നടത്തിയിരുന്നു. പാക്കിസ്ഥാനില്‍ അപൂര്‍വ്വ ധാതു ഖനനത്തിന് അമേരിക്ക ഒരങ്ങുന്നതായും വാര്‍ത്തകളെത്തി. ഇപ്പോഴിതാ അസിം മുനീര്‍ കടുതല്‍ ശക്തനാകുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

സൈനിക മേധാവിയ്ക്ക് രാജ്യത്തെ സായുധ സേനകളുടെ സര്‍വാധികാരം നല്‍കുന്ന ഭരണഘടനാഭേദഗതിക്കാണ് പാക്കിസ്ഥാന്‍ നീങ്ങുന്നത്. ഈ ഭേദഗതിയിലൂടെ സൈനിക മോധാവിയായ അസിം മൂനീറിന് മുന്‍ സൈനിക മേധാവികളേക്കാള്‍ അധികാരപരിധി ലഭിക്കും. ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സ് എന്ന പുതിയ പദവിയാണ് അസിം മുനീറിന് ലഭിക്കുക. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ സംയുക്ത അധികാരം ലഭിക്കുന്നതോടെ പാകിസ്താന്‍ ഒരു സൈനിക സര്‍വാധികാര രാജ്യമായിമാറുമെന്നാണ് വിലയിരുത്തല്‍. അതേസമയം പട്ടാള അട്ടിമറികള്‍ പതിവായ പാക്കിസ്ഥാനില് ഇത് മറ്റൊരു അട്ടിമറിക്ക് വഴിവെക്കുമോ എന്ന ആശങ്കയും ശക്തമാണ്.

മാധ്യമങ്ങള്‍ക്ക് ലഭിച്ച ഭരണഘടനാ ഭേദഗതിയുടെ കരട് രേഖ പ്രകാരം, പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെയും പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെയും നേതൃത്വത്തിലാണ് ഈ മാറ്റങ്ങള്‍ നടപ്പാക്കുന്നത്. ഫെഡറല്‍ കാബിനറ്റിന്റെ അംഗീകാരം ലഭിച്ച ഉടന്‍ 27-ാം ഭരണഘടനാ ഭേദഗഗതി ബില്‍ ശനിയാഴ്ച സെനറ്റില്‍ അവതരിപ്പിക്കുകയും നിയമ-നീതി സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ പുനഃപരിശോധനയ്ക്ക് വിടുകയും ചെയ്തു. പാക് നിയമമന്ത്രി അസം നസീര്‍ തരര്‍ അവതരിപ്പിച്ച ബില്‍, ഫെഡറല്‍ ഭരണഘടനാ കോടതിയുടെ രൂപവത്കരണം, ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, പ്രൊവിന്‍ഷ്യല്‍ കാബിനറ്റുകളുടെ പരിധിമാറ്റം, സൈനിക നേതൃത്വത്തിന്റെ പുനഃസംഘടന തുടങ്ങിയ സമഗ്രമായ ഭരണഘടനാ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നുണ്ടെന്നാണ് സൂചന.

സായുധ സേനയുടെ നിയന്ത്രണവും അധികാരവും ഫെഡറല്‍ സര്‍ക്കാരിനായിരിക്കും എന്ന് നിലവില്‍ പറയുന്ന ആര്‍ട്ടിക്കിള്‍ 243-ലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ വിശദീകരിച്ചുകൊണ്ട്, അധികാര ഘടനകളും നിയമനങ്ങളും പുനര്‍നിര്‍വചിക്കാന്‍ പുതിയ വ്യവസ്ഥകള്‍ ചേര്‍ക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭേദഗതി പ്രകാരം, സൈനിക മേധാവി ഒരേസമയം സംയുക്ത സേനാമേധാവി ആയും പ്രവര്‍ത്തിക്കും. അതോടെ മൂന്ന് സൈനിക വിഭാഗങ്ങളുടെയും നേരിട്ടുള്ള അധികാരം സൈനിക മേധാവിയില്‍ നിക്ഷിപ്തമാകും.

സ്ഥാനപരമായി നിലവിലുള്ള ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിജെസിഎസ്സി) ചെയര്‍മാന്‍ പദവി നിര്‍ത്തലാക്കാനും ബില്‍ ലക്ഷ്യമിടുന്നു. നിലവിലെ ചെയര്‍മാന്റെ കാലാവധി അവസാനിക്കുന്ന 2025 നവംബര്‍ 27 മുതല്‍ ഈ സ്ഥാനം ഇല്ലാതാകും. പുതിയ നിയമനം ഉണ്ടാകില്ലെന്ന് നിയമമന്ത്രി വ്യക്തമാക്കി. സംയുക്ത സേനാമേധാവിയുടെ ശുപാര്‍ശ പ്രകാരം പ്രധാനമന്ത്രി നാഷണല്‍ സ്ട്രാറ്റജിക് കമാന്‍ഡിന്റെ കമാന്‍ഡറെ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ പാകിസ്താന്റെ ആണവശേഷിയുടെ നിയന്ത്രണം സൈന്യത്തിന് നല്‍കും.

ജനറല്‍ അസിം മുനീറിന് ഫീല്‍ഡ് മാര്‍ഷല്‍ പദവി ഔദ്യോഗികമായി നല്‍കുന്നതിനുള്ള ഒരു വ്യവസ്ഥയും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതൊരു റാങ്കോ നിയമനമോ അല്ല, മറിച്ച് ദേശീയ നായകന്മാര്‍ക്ക് നല്‍കുന്നതും ആജീവനാന്തം നിലനില്‍ക്കുന്നതുമായ ഒരു പദവിയാണെന്ന് നിയമമന്ത്രി വിശദീകരിച്ചു. ഈ പദവിയെ ഇംപീച്ച് ചെയ്യാനോ പിന്‍വലിക്കാനോ ഉള്ള അധികാരം പ്രധാനമന്ത്രിക്കല്ല, പാര്‍ലമെന്റിനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫീല്‍ഡ് മാര്‍ഷല്‍, മാര്‍ഷല്‍ ഓഫ് ദി എയര്‍ഫോഴ്സ്, അല്ലെങ്കില്‍ അഡ്മിറല്‍ ഓഫ് ദി ഫ്‌ലീറ്റ് ആയി സ്ഥാനക്കയറ്റം ലഭിക്കുന്ന ഏതൊരു ഉദ്യോഗസ്ഥനും റാങ്കും പ്രത്യേകാവകാശങ്ങളും നിലനിര്‍ത്തുകയും ജീവിതകാലം മുഴുവന്‍ യൂണിഫോമില്‍ തുടരുകയും ചെയ്യും എന്നും, അവരുടെ സജീവ സേവനത്തിനുശേഷം രാജ്യത്തിന്റെ താല്‍പര്യാര്‍ഥം ഫെഡറല്‍ സര്‍ക്കാരിന് അവര്‍ക്ക് ചുമതലകള്‍ നല്‍കാമെന്നും ബില്‍ വ്യക്തമാക്കുന്നു.

നിലവില്‍ രാഷ്ട്രപതിക്ക് ബാധകമായ അനുച്ഛേദം 47, 248 എന്നിവയിലെ നിയമപരിരക്ഷാ വ്യവസ്ഥകള്‍, പുതുതായി സൃഷ്ടിച്ച ഈ പദവികള്‍ക്കും കരട് രേഖ ബാധകമാക്കുന്നു. ഇത് ആജീവനാന്ത നിയമപപരിരക്ഷ ഉറപ്പാക്കും. വിരമിച്ചതിനുശേഷവും സൈനിക ഉന്നതരെ പദവിയില്‍ നിന്ന് നീക്കം ചെയ്യല്‍, ജുഡീഷ്യല്‍ പരിശോധന, അല്ലെങ്കില്‍ രാഷ്ട്രീയ ഉത്തരവാദിത്വം എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കും. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം ആണ് നിയമനങ്ങള്‍ നടത്തുന്നതെന്ന് ഭേദഗതി നിലനിര്‍ത്തുന്നുണ്ടെങ്കിലും, യഥാര്‍ഥ അധികാരം സംയുക്ത സേനാമേധാവിയിലേക്ക് മാറും. എല്ലാ പ്രധാന ശുപാര്‍ശകളും അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നായിരിക്കണമെന്നാണ് വ്യവസ്ഥ.

രാഷ്ട്രീയ പാര്‍ട്ടികള്‍ ദുര്‍ബലമാവുകയും സമ്പദ്വ്യവസ്ഥ സൈനികവല്‍ക്കരിക്കപ്പെടുകയും അധികാരം സൈന്യത്തിന്റെ നിയന്ത്രണത്തില്‍ ഭരണഘടനാപരമാക്കുകയും ചെയ്യുന്നതോടെ, ഈ ഭേദഗതി അസിം മുനീറിന്റെ അധികാരം നിയമപരമായി ഉറപ്പിക്കുകയും, പാകിസ്താന്റെ സൈന്യത്തെ ഭരണകൂടത്തെ മാത്രമല്ല ഭരണഘടനയെ തന്നെ നിയന്ത്രിക്കുന്ന ഒന്നാക്കി മാറ്റുകയും ചെയ്യും.

ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് സൈനിക കമാന്‍ഡിന്റെ ഭരണഘടനാ അടിത്തറ ശക്തിപ്പെടുത്താനുള്ള നീക്കം പാക്കിസ്താന്‍ നടത്തുന്നത്. ഇന്ത്യ-പാക്ക് സംഘര്‍ഷങ്ങളില്‍ നിന്നുള്ള 'പാഠങ്ങള്‍' ഉള്‍ക്കൊണ്ടാണ് ഭരണഘടനാ ഭേദഗതി എന്ന് ബില്‍ അവതരണത്തിനിടെ തരാര്‍ പറഞ്ഞു. ''സമീപകാല പാക്കിസ്ഥാന്‍-ഇന്ത്യ സംഘര്‍ഷങ്ങള്‍ നമ്മെ നിരവധി പാഠങ്ങള്‍ പഠിപ്പിച്ചു. യുദ്ധത്തിന്റെ സ്വഭാവവും തന്ത്രവും പൂര്‍ണമായും മാറിയിരിക്കുന്നു. നിയമന നടപടിക്രമങ്ങളും ചില തസ്തികകളും മുമ്പ് സൈനിക നിയമത്തിലായിരുന്നു. പക്ഷേ 1973 ലെ ഭരണഘടനയില്‍ അവ പരാമര്‍ശിച്ചിരുന്നില്ല'' തരാര്‍ ബില്‍ അവതരണവേളയില്‍ പറഞ്ഞു. ഭേദഗതിയിലൂടെ പാക്കിസ്ഥാന്‍ സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ അധികാരം സൈന്യത്തിന് കൈവരുമെന്നാണ് വിമര്‍ശനം.

Tags:    

Similar News