പനാമ കനാലിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന ട്രംപിന്റെ വിരട്ട് കയ്യില്‍ വച്ചാല്‍ മതി; കനാലിന്റെ ഒരു ഇഞ്ചുപോലും വിട്ടുകൊടുക്കില്ല; രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും അടിയറ വയ്ക്കില്ല; തന്റേടത്തോടെ നിയുക്ത യുഎസ് പ്രസിഡന്റിനെ നേരിട്ട് പനാമ പ്രസിഡന്റ്
ട്രംപിന് മറുപടിയുമായി പനാമ പ്രസിഡന്റ്
വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും തിരക്കേറിയ ജലപാതകളില്‍ ഒന്നായ പനാമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും ഒടുവിലത്തെ മുന്നറിയിപ്പ്. ജലപാതയിലൂടെയുള്ള യാത്രയ്ക്ക് യുഎസ് കപ്പലുകളില്‍ പനാമ അമിത നിരക്ക് ഈടാക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ''ഞങ്ങളുടെ നാവികസേനയോടും വാണിജ്യത്തോടുമുള്ള സമീപനം അന്യായവും വിവേചനപരവുമാണ്. പനാമ ഈടാക്കുന്ന ഫീസ് പരിഹാസ്യമാണ്,''- ട്രംപ് ശനിയാഴ്ച സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
എന്നാല്‍, ട്രംപിന്റെ മുന്നറിപ്പ,് പനാമ പ്രസിഡന്റ് ഹോസെ റൗള്‍ മുളിനോ തളളിക്കളഞ്ഞു. 'പനാമ കനാലിന്റെ ഓരോ ചതുരശ്രമീറ്ററും അനുബന്ധ മേഖലയും പനാമയുടേതാണ്. അതങ്ങനെ തന്നെ തുടരും'- അദ്ദേഹം അര്‍ഥശങ്കയില്ലാതെ എക്‌സില്‍ വ്യക്തമാക്കി. 'ഞങ്ങളുടെ രാജ്യത്തിന്റെ പരമാധികാരവും, സ്വാതന്ത്ര്യവും അടിയറ വയ്ക്കാനാവില്ല. ഓരോ പനാമക്കാരനും ലോകത്ത് എവിടെയായാലും അത് അവരുടെ ഹൃദയത്തില്‍ പേറുന്നു. അത് ഞങ്ങളുടെ പോരാട്ട ചരിത്രത്തിന്റെ ഭാഗമാണ്'-ഹോസെ റൗള്‍ മുളിനോ പറഞ്ഞു.
അമേരിക്കന്‍ കപ്പലുകള്‍ കനാല്‍ വഴി പോകുന്നതിന് അന്യായ നികുതി പനാമ ചുമത്തുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് സഖ്യ കക്ഷിയായ പനാമയ്ക്ക് ട്രംപ് താക്കീത് നല്‍കിയത്. പനാമ കനാല്‍ മേഖലയില്‍ ചൈനീസ് സ്വാധീനം വര്‍ധിക്കുന്നതിലും ട്രംപ് ആശങ്ക ഉയര്‍ത്തി.
പനാമ ഇത്തരത്തില്‍ അമിത നിരക്ക് ഈടാക്കുന്നത് അധിക്ഷേപമാണെന്നും, പ്രത്യേകിച്ച് അമേരിക്ക പനാമയ്ക്ക് നല്‍കിയ ദാനമാണ് കനാലെന്ന് അറിഞ്ഞുകൊണ്ട് ഇത്തരത്തില്‍ പെരുമാറുന്നത് പരിഹാസ്യമാണെന്നും ട്രംപ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താനല്ല കനാല്‍ വിട്ടുകൊടുത്തത്. അമേരിക്കയും പനാമയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗം മാത്രമായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അറ്റ്‌ലാന്റിക് സമുദ്രത്തിനെ പസഫിക് സമുദ്രവുമായി ബന്ധിപ്പിക്കുന്നതാണണ് പനാമ കനാല്‍. 1914-ല്‍ കനാല്‍ ഫ്രാന്‍സ് ഉപേക്ഷിച്ചതിന് ശേഷം അമേരിക്ക ഏറ്റെടുത്ത് നിര്‍മാണം പൂര്‍ത്തീകരിക്കുകയായിരുന്നു. 81 കിലോമീറ്ററാണ് കനാലിന്റെ നീളം. 1999 ല്‍ കനാലിന്റെ നിയന്ത്രണം പൂര്‍ണ്ണമായും പനാമയ്ക്ക് കൈമാറിയിരുന്നു. പനാമ കനാലിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് അമിത നിരക്ക് ഈടാക്കുന്ന നടപടി തുടര്‍ന്നാല്‍ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് അരിസോണയില്‍ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ട്രംപ് പറഞ്ഞിരുന്നു.