ഏഴ് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയില്‍; ടിയാന്‍ജിന്നില്‍ പറന്നിറങ്ങിയ മോദിക്ക് ഉജ്ജ്വല സ്വീകരണം; ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങുമായും പുടിനുമായുള്ള കൂടിക്കാഴ്ച്ചയെ ഉറ്റുനോക്കി ലോകം; അമേരിക്കയുമായുള്ള തീരുവ യുദ്ധത്തിനിടെ ഇന്ത്യ-ചൈന സൗഹൃദം ആഗോള സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായകം
ഏഴ് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയില്‍; ടിയാന്‍ജിന്നില്‍ പറന്നിറങ്ങിയ മോദിക്ക് ഉജ്ജ്വല സ്വീകരണം
ബീജിങ്: ഏഴ് വര്‍ഷത്തിന് ഇതാദ്യമായി ചൈനയില്‍ സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എസ്.സി.ഒ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങുമായി കുടിക്കാഴ്ച നടത്തുന്നതിനുമാണ് മോദിയുടെ ചൈന സന്ദര്‍ശനം. ടിയാന്‍ജിന്നിലെ ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായും മോദി കൂടിക്കാഴ്ച്ച നടത്തും. ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് മോദി ചൈനയിലെത്തുന്നത്.
ജപ്പാനിലെ സന്ദര്‍ശനം അവസാനിപ്പിച്ച് ചൈനയിലെ ടിയാന്‍ജിന്നിലാണ് മോദി ഇറങ്ങിയത്. ഇവിടെ വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണമാണ് മോദിക്ക് ലഭിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ സന്ദര്‍ശനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ചൈനയുമായുള്ള ശക്തമായ സൗഹൃദബന്ധം നിര്‍ണായകമാണെന്നും അത് മേഖലയെ സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
ഇന്ത്യ -ചൈന സൗഹൃദം ആഗോള സമ്പദ്വ്യവസ്ഥയില്‍ സ്ഥിരത ഉറപ്പാക്കുമെന്നും ജപ്പാന്‍ സന്ദര്‍ശന വേളയില്‍ മോദി വ്യക്തമാക്കിയിരുന്നു. മാര്‍ച്ചില്‍ യു.എസ് ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് നികുതി ചുമത്താന്‍ ആരംഭിച്ചതോടെയാണ് ഇന്ത്യ -ചൈന ബന്ധം ഊഷ്മളമാക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമായത്. നേരത്തെ ഡല്‍ഹി സന്ദര്‍ശന വേളയില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഇന്ത്യയെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
ജപ്പാനുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മോദി ആ രാജ്യത്ത് ദ്വിദിന സന്ദര്‍ശനം നടത്തിയത്. ഇന്ത്യ വാങ്ങാനുദ്ദേശിക്കുന്ന ഇ-10 ഷിങ്കന്‍സെന്‍ ബുള്ളറ്റ് ട്രെയിനിന്റെ പ്രോട്ടോടൈപ്പ് നിര്‍മിക്കുന്നത് ഉള്‍പ്പെടെ നാല് ഫാക്ടറികള്‍ മോദി സന്ദര്‍ശിച്ചിരുന്നു. ചന്ദ്രയാനുള്ള സാങ്കേതിക സഹായം ഉള്‍പ്പടെ നിരവധി കരാറുകളില്‍ മോദി ഒപ്പുവെച്ചിരുന്നു.
യുക്രെയ്നിലെയും ഗസ്സയിലെയും യുദ്ധം, ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് എന്നിവയില്‍നിന്ന് ഉടലെടുത്ത ആഗോള പ്രതിസന്ധികള്‍ക്കിടെയാണ് മോദിയുടെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞവര്‍ഷം കസാനില്‍നടന്ന എസ്സിഒ ഉച്ചകോടിക്കിടെ ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ച ഇന്ത്യ-ചൈന ബന്ധത്തില്‍ ക്രിയാത്മകമായ പുരോഗതിയുണ്ടാക്കിയിട്ടുണ്ടെന്ന് മോദി പറയുകയുണ്ടായി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനുമായും മോദി കൂടിക്കാഴ്ച നടത്തും.
യുഎസിന്റെ വ്യാപാരയുദ്ധം ഇന്ത്യന്‍ കയറ്റുമതിയെ ബാധിച്ചിരിക്കേ പുതിയ വിപണിതേടുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. ഷി ജിന്‍പിങ് ആതിഥേയത്വം വഹിക്കുകയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് പുടിനും പങ്കെടുക്കുകയും ചെയ്യുന്ന ഉച്ചകോടി യുഎസ് അടക്കമുള്ള പശ്ചാത്യ രാജ്യങ്ങള്‍ അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. ഒരു ബദല്‍ ശക്തിയായി നിലകൊള്ളാന്‍ കഴിവുള്ള ഒന്നായി ചൈനയെ ഉയര്‍ത്തിക്കാട്ടാന്‍ ലക്ഷ്യമിട്ടുള്ള ഒരു ഉച്ചകോടിയാണിതെന്ന് യുഎസ് മാധ്യമങ്ങള്‍ വിലയിരുത്തുന്നു.
ഏഷ്യയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമുള്ള രാഷ്ട്രത്തലവന്മാരും പ്രതിനിധി സംഘങ്ങളുമാണ് ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (SCO) രണ്ട് ദിവസത്തെ ഉച്ചകോടിക്കായി ഞായറാഴ്ച മുതല്‍ ചൈനീസ് തുറമുഖ നഗരമായ ടിയാന്‍ജിനില്‍ ഒത്തുചേരുന്നത്.
സെപ്റ്റംബര്‍ ഒന്ന് വരെ ചൈനയിലുള്ള പ്രധാനമന്ത്രി മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തുന്ന കൂടിക്കാഴ്ചയാണ് ഏറെ നിര്‍ണായകം. ഇരു നേതാക്കളും ഇന്ത്യ-ചൈന സാമ്പത്തിക ബന്ധങ്ങള്‍ വിലയിരുത്തുകയും ബന്ധം കൂടുതല്‍ സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്യും.