'എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് പാരീസിലേക്ക് സ്വാഗതം'; മാക്രോണിന്റെ അത്താഴ വിരുന്നില്‍ പങ്കെടുത്തു നരേന്ദ്ര മോദി; യു.എസ് വൈസ് പ്രസിഡന്റെ ജെ ഡി വാന്‍സും മോദിക്കൊപ്പം വിരുന്നില്‍; എ.ഐ ഉച്ചകോടിയുടെ ഭാഗമാകുക ടെക് ഭീമന്‍മാര്‍

'എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് പാരീസിലേക്ക് സ്വാഗതം'

Update: 2025-02-11 08:20 GMT

പാരീസ്: പാരീസീലെത്തിയ പധാനമന്ത്രി നരേന്ദ്രമോദിക്ക് ഫ്രാന്‍സില്‍ ഊഷ്മള സ്വീകരണം. എ.ഐ. ഉച്ചകോടിയില്‍ പങ്കെടുക്കാനായി കഴിഞ്ഞദിവസം പാരീസിലെത്തിയ മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഒരുക്കിയ അത്താഴവിരുന്നിലും പങ്കെടുത്തു. ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലീസെ പാലസിലായിരുന്നു അത്താഴവിരുന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദി അത്താഴവിരുന്നിനെത്തിയ ദൃശ്യങ്ങളും ഇമ്മാനുവല്‍ മാക്രോണ്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു.

'എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് പാരീസിലേക്ക് സ്വാഗതം' എന്ന കുറിപ്പോടെയാണ് മോദിക്കൊപ്പമുള്ള ദൃശ്യങ്ങള്‍ ഇമ്മാനുവല്‍ മാക്രോണ്‍ പങ്കുവെച്ചത്. യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും അത്താഴവിരുന്നിനെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ജെ.ഡി. വാന്‍സ് അടക്കമുള്ളവരുമായും കൂടിക്കാഴ്ച നടത്തി.

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് തുടങ്ങിയവരും അത്താഴവിരുന്നില്‍ പങ്കെടുത്തു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി ഫ്രാന്‍സിലെത്തിയത്. സന്ദര്‍ശനത്തിന് ശേഷം ഫ്രാന്‍സില്‍ നിന്ന് അദ്ദേഹം യുഎസിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പാരീസിലെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അവിടെനിന്നുള്ള ചിത്രങ്ങള്‍ സാമൂഹികമാധ്യമമായ എക്സിലൂടെ പങ്കുവെച്ചിരുന്നു. എന്റെ സുഹൃത്തായ മാക്രോണിനെ കാണാനായതില്‍ സന്തോഷമുണ്ടെന്ന കുറിപ്പോടെയാണ് പ്രധാനമന്ത്രി ചിത്രങ്ങള്‍ പങ്കുവെച്ചത്. നേരത്തെ ഫ്രാന്‍സിലെ ഇന്ത്യന്‍സമൂഹം നല്‍കിയ സ്വീകരണത്തിന്റെ ദൃശ്യങ്ങളും പ്രധാനമന്ത്രി സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

ഫ്രാന്‍സില്‍ രണ്ടുദിവസമായി നടക്കുന്ന എ.ഐ. ഉച്ചകോടിക്ക് തിങ്കളാഴ്ചയാണ് തുടക്കമായത്. നൂറുരാജ്യങ്ങളില്‍നിന്നുള്ള ഭരണാധികാരികളും സര്‍ക്കാര്‍ പ്രതിനിധികളും കമ്പനി സി.ഇ.ഒ.മാരും ശാസ്ത്രജ്ഞരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. സാങ്കേതികവിദ്യയിലെ ആധിപത്യത്തിനായി ടെക് ഭീമന്മാര്‍ പരസ്പരം പോരാടുന്നതിനെക്കുറിച്ചുള്ള നയതന്ത്രചര്‍ച്ചകളുണ്ടാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ സഹാധ്യക്ഷനാണ്. യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, ചൈനീസ് ഉപപ്രധാനമന്ത്രി ജാങ് ജുവോചിങ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുന്നു. വൈസ് പ്രസിഡന്റ് ആയശേഷം വാന്‍സിന്റെ ആദ്യ വിദേശയാത്രയാണിത്. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഓപ്പണ്‍ എ.ഐ. തുടങ്ങിയ കമ്പനികളും ഉച്ചകോടിയുടെ ഭാഗമാകുന്നുണ്ട്. ഫ്രാന്‍സും ഇന്ത്യയും ചേര്‍ന്നാണ് ഉച്ചകോടി നടത്തുന്നത്.

മാക്രോണുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള 2047 ഹൊറൈസണ്‍ റോഡ് മാപ്പിന്റെ പുരോഗതി വിലയിരുത്താനും അവസരം നല്‍കുമെന്ന് സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബുധനാഴ്ച മാക്രോണും മോദിയും മസാര്‍ഗസ് സെമിത്തേരി സന്ദര്‍ശിക്കും. അവിടെ വെച്ച് നടക്കുന്ന ചടങ്ങില്‍ ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് മോദി ആദരാഞ്ജലി അര്‍പ്പിക്കും. കൂടാതെ മാര്‍സെയിലില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഫ്രാന്‍സിലെ ആദ്യത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മോദിയും മാക്രോണും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.

കൂടാതെ ഫ്രാന്‍സിലെ ഇന്റര്‍നാഷണല്‍ തെര്‍മോന്യൂക്ലിയാര്‍ എക്‌സ്പിരിമെന്റല്‍ റിയാക്ടര്‍ പ്രോജക്ടും മോദി സന്ദര്‍ശിക്കും. ഇത് ആറാം തവണയാണ് മോദി ഫ്രാന്‍സ് സന്ദര്‍ശിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Tags:    

Similar News