മകന് മാപ്പ് നല്‍കിയില്ലെങ്കില്‍ പിന്നെ അപ്പനാണെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ..! കേസുകളില്‍ ഉള്‍പ്പെട്ട മകന് ഒടുവില്‍ ഔദ്യോഗികമായി മാപ്പ് നല്‍കി ബൈഡന്‍; പ്രസിഡന്റിന്റെ പ്രത്യേകം അധികാരം പ്രയോഗിച്ചത് തോക്ക് കൈവശം വെച്ചതും നികുതി വെട്ടിച്ചതും ഉള്‍പ്പെടെയുള്ള കേസുകളില്‍

കേസുകളില്‍ ഉള്‍പ്പെട്ട മകന് ഒടുവില്‍ ഔദ്യോഗികമായി മാപ്പ് നല്‍കി ബൈഡന്‍

Update: 2024-12-02 04:45 GMT

വാഷിംഗ്ടണ്‍: നിയമവിരുദ്ധമായി തോക്ക് കൈവശം വെച്ചതും നികുതി വെട്ടിച്ചതും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് മകന്‍ ഹണ്ടര്‍ ബൈഡന് മാപ്പ് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍. പ്രോസിക്യൂഷന്‍ നീതിരഹിതമായിട്ടാണ് ഹണ്ടറിന്റെ കേസ് കൈകാര്യം ചെയ്തത് എന്നാണ് ബൈഡന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രസിഡന്റ് എന്ന നിലയിലുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ബൈഡന്‍ മകന് മാപ്പ് നല്‍കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

അടുത്ത മാസം പകുതിയോടെ പദവി കാലാവധി പൂര്‍ത്തിയാകുന്ന വേളയില്‍ ബൈഡന്‍ നടത്തിയ ഈ ഇടപെടല്‍ വന്‍ തോതിലുള്ള വിമര്‍ശനത്തിന് ഇടയാക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മകന് പ്രസിഡന്റ് എന്ന അധികാരം ഉപയോഗിച്ച് മാപ്പ് നല്‍കില്ലെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. പദവി ഒഴിയുന്ന സാഹചര്യത്തില്‍ ബൈഡന്‍ സുപ്രധാന കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കില്ലെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങളും നേരത്തേ സൂചിപ്പിച്ചിരുന്നു.

പ്രസിഡന്റായി ചുമതലയേറ്റ ദിവസം മുതല്‍ തന്നെ നീതിന്യായ വ്യവസ്ഥയുടെ കാര്യത്തില്‍ ഇടപടെുകയില്ല എന്നാണ് താന്‍ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ മകനോട് പ്രോസിക്യൂഷന്‍ നീതികേട് കാട്ടി എന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഇടപെടേണ്ടി വന്നതെന്നുമാണ് ജോബൈഡന്‍ ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. തന്റെ രാഷ്ട്രീയ എതിരാളികളാണ് മകനെ കേസില്‍ കുടുക്കിയതെന്നും ബൈഡന്‍ ആരോപിക്കുന്നു.

അമേരിക്കയിലെ നിയമം അനുസരിച്ച് ഒരു പ്രസിഡന്റ് കേസില്‍ മാപ്പ് പ്രഖ്യാപിച്ചാല്‍ അടുത്ത പ്രസിഡന്റിന് അത് മാറ്റാന്‍ കഴിയുകയില്ല എന്നതാണ്. ഈ മാസം 12 ന് തോക്ക് കേസും 16 ന് ടാക്സ് വെട്ടിച്ച കേസും കോടതി പരിഗണിക്കാനിരിക്കുന്ന വേളയിലാണ് ബൈഡന്‍ ഈ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. പ്രസിഡന്റ് ഹണ്ടറിന് മാപ്പ് നല്‍കിയത് സംബന്ധിച്ച വിശദാംശങ്ങള്‍ അഭിഭാഷകര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബൈഡന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്.

ബൈഡന്റെ ഈ പ്രഖ്യാപനത്തോടെ കഴിഞ്ഞ ആറ് വര്‍ഷമായി തുടരുന്ന നിയമപോരാട്ടത്തിനാണ് അന്ത്യം കുറിക്കുന്നത്. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഹണ്ടര്‍ ബൈഡന്റെപേരില്‍ നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 216 മുതല്‍ 2019 വരെയുള്ള നാലുവര്‍ഷം 14 ലക്ഷം ഡോളര്‍ ഹണ്ടര്‍ നികുതിയിനത്തില്‍ വെട്ടിച്ചെന്ന് 56 പേജുള്ള കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.

വ്യാജനികുതി റിട്ടേണുകള്‍ സമര്‍പ്പിച്ച് ആദായകവകുപ്പിനെ കബളിപ്പിച്ചെന്നതടക്കം ഒമ്പതുകുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കൂടാതെ മയക്ക് മരുന്നിന് അടിമകളായ വ്യക്തികള്‍ക്ക് അമേരിക്കയില്‍ തോക്ക് വാങ്ങാന്‍ അനുമതി നല്‍കുകയില്ല. അഞ്ച് വര്‍ഷം മുന്‍പ് റിവോള്‍വര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് മറ്റൊരു കേസ്. തോക്ക് വാങ്ങിയപ്പോള്‍ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് ഹണ്ടര്‍ എഴുതി നല്‍കിയിരുന്നു.

ഡെലവെയറിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഹണ്ടര്‍ ബൈഡനെതിരെ മൂന്ന് ക്രിമിനല്‍ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഹണ്ടര്‍ നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗിച്ചതായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. മയക്കുമരുന്നുപയോഗം മറച്ചുവെച്ച് 2018-ല്‍ തോക്കുവാങ്ങി 11 ദിവസം കൈവശംവെച്ചു എന്ന കേസിലാണ് കുറ്റം ചുമത്തിയത്. മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് കള്ളം പറഞ്ഞതിന് രണ്ട് കേസും നിയമവിരുദ്ധമായി തോക്കുകള്‍ കൈവശം വെച്ചതിന് മറ്റൊരു കേസുമാണ് നിലവിലുള്ളത്.

Tags:    

Similar News