'അമേരിക്കയില്‍ രാജാക്കന്മാരില്ല, സ്വേച്ഛാധിപത്യത്തെ ചെറുക്കുക'; ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധവുമായി അമേരിക്കന്‍ ജനത തെരുവില്‍; ഇലോണ്‍ മസ്‌കിനെതിരെ ടെസ്ല കാര്‍ ഡീലര്‍ഷിപ്പുകള്‍ക്ക് പുറത്തും പ്രതിഷേധങ്ങള്‍; യുഎസില്‍ നടക്കുന്നത് നാസി ഭരണകാലത്ത് ജര്‍മനിയില്‍ നടന്നതെന്ന് പ്രതിഷേധക്കാര്‍

'അമേരിക്കയില്‍ രാജാക്കന്മാരില്ല, സ്വേച്ഛാധിപത്യത്തെ ചെറുക്കുക'

Update: 2025-04-20 08:40 GMT

വാഷിങ്ടന്‍: അമേരിക്കയില്‍ ട്രംപ് ഭരണകൂടത്തിനെതിരേ പ്രതിഷേധം കടുപ്പിച്ച് യു.എസ്. ജനത. ട്രംപിന്റെ നയങ്ങള്‍ ലോകവ്യാപകമായി വിമര്‍ശിക്കപ്പെടുമ്പോഴാണ് അമേരിക്കന്‍ ജനതയും ട്രംപിനെതിരെ തെരുവിലിറങ്ങുന്നത്. ട്രംപിന്റെ വിവിധ നയങ്ങള്‍ക്കെതിരെ മുദ്രവാക്യങ്ങളുമായി ആയരിക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. നാടുകടത്തല്‍, ഗാസയ്‌ക്കെതിരായ യുദ്ധത്തില്‍ ഇസ്രയേലിനെ പിന്തുണയ്ക്കല്‍, പ്രധാനപ്പെട്ട വകുപ്പുകളുടെ അടച്ചുപൂട്ടല്‍, ജീവനക്കാരെ പുറത്താക്കല്‍, എല്‍ജിബിടിക്യൂവിനെതിരായ നിയമങ്ങള്‍ എന്നിവയില്‍ പ്രതിഷേധിച്ചാണ് യുഎസ് ജനത തെരുവിലിറങ്ങിയത്.

50 പ്രതിഷേധങ്ങള്‍, 50 സംസ്ഥാനങ്ങള്‍, ഒരു മുന്നേറ്റം എന്ന അര്‍ഥത്തില്‍ 50501 എന്ന പേരിലാണ് പ്രതിഷേധം അരങ്ങേറുന്നത്. വാഷിങ്ടന്‍, ന്യൂയോര്‍ക്ക്, സാന്‍ ഫ്രാന്‍സിസ്‌കോ, ബോസ്റ്റണ്‍ തുടങ്ങി യുഎസിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം അരങ്ങേറി. മിഡ്ടൗണ്‍ മാന്‍ഹട്ടനിലൂടെയും വൈറ്റ് ഹൗസിനു മുന്നിലൂടെയും പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി. ട്രംപിന്റെ ഉപദേഷ്ടാവ് ഇലോണ്‍ മസ്‌കിനെതിരെ ടെസ്ല കാര്‍ ഡീലര്‍ഷിപ്പുകള്‍ക്ക് പുറത്തും പ്രതിഷേധങ്ങള്‍ നടന്നു. ന്യൂയോര്‍ക്കിലെ പ്രതിഷേധക്കാര്‍ പ്രശസ്തമായ സെന്‍ട്രല്‍ പാര്‍ക്കിലേക്കും ട്രംപ് ടവറിലേക്കും മാര്‍ച്ച് നടത്തി.

'അമേരിക്കയില്‍ രാജാക്കന്മാരില്ല', 'സ്വേച്ഛാധിപത്യത്തെ ചെറുക്കുക', 'കുടിയേറ്റക്കാര്‍ക്ക് സ്വാഗതം' എന്നീ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളേന്തിയാണ് പ്രതിഷേധം അരങ്ങേറുന്നത്. 'തൊഴിലാളികള്‍ക്ക് കൂടുതല്‍ അധികാരം', 'രാജാധികാരം വേണ്ട' എന്നീ മുദ്രാവാക്യങ്ങളും ഉയര്‍ന്നുകേള്‍ക്കാം. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് എഴുതിയ വലിയ മണല്‍ ചിത്രമാണ് ഉയര്‍ന്നത്. യുഎസിന്റെ ദേശീയ പതാക തലതിരിച്ച് പിടിച്ചും പ്രതിഷേധമുണ്ടായി. നാസി ഭരണകാലത്ത് ജര്‍മനിയില്‍ നടന്നതാണ് യുഎസില്‍ ഇപ്പോള്‍ നടക്കുന്നതെന്നു പ്രതിഷേധക്കാര്‍ പറയുന്നു.


 



ട്രംപ് ഭരണകൂടം സര്‍വകലാശാലകളിലും മറ്റുമുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന രീതി തുടരുന്നതിനിടെയാണ് യുഎസ് ജനത തെരുവിലിറങ്ങിയത്. ട്രംപ് ഭരണത്തിനെതിരെ ഏപ്രില്‍ ആദ്യവും വലിയ പ്രതിഷേധം നടന്നിരുന്നു. ഹാന്‍ഡ്‌സ് ഓഫ് പ്രതിഷേധത്തിലും പതിനായിരങ്ങളാണ് പങ്കെടുത്തത്.

അമേരിക്കന്‍ വിപ്ലവയുദ്ധത്തിന്റെ 250-ാം വാര്‍ഷികത്തെ നുസ്മരിപ്പിക്കുംവിധത്തിലായിരുന്നു പ്രതിഷേധം നടന്നത്. രേഖകളില്ലാത്ത കുടിയേറ്റക്കാരെ ട്രംപ് നാടുകടത്തിയതിനേയും പ്രതിഷേധക്കാരില്‍ ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. എല്‍ സാല്‍വദോറിലേക്ക് തെറ്റായി നാടുകടത്തപ്പെട്ട കില്‍മര്‍ അബ്രെഗോ ഗാര്‍സിയയെ തിരിച്ചുകൊണ്ടുവരണമെന്നും പ്രതിഷേധക്കാര്‍ ആവശ്യം ഉന്നയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ട്രംപ് ഭരണകൂടം സര്‍വകലാശാലകളിലും മറ്റും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന രീതി തുടരുന്നതിനിടെയാണ് തെരുവുകളില്‍ ജനം പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നത്. ഏപ്രില്‍ തുടക്കത്തില്‍ ട്രംപ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഹാന്‍ഡ്‌സ് ഓഫ് പ്രകടനത്തില്‍ പതിനായിരക്കണക്കിനുപേരാണ് പങ്കെടുത്തത്.

അതേസമയം ട്രംപിന്റെ രണ്ടാംവരവില്‍ ആദ്യപാദ അഭിപ്രായ വോട്ടെടുപ്പില്‍ അദ്ദേഹത്തിന്റെ സ്വീകാര്യതയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്നാണ് സൂചിപ്പിക്കുന്നത്. ഗാലപ്പിയില്‍ നിന്നുള്ള ഏറ്റവും പുതിയ വോട്ടെടുപ്പില്‍ ട്രംപിന്റെ ആദ്യ പാദത്തെ പ്രകടനം 45 ശതമാനത്തോളം വോട്ടര്‍മാര്‍ അംഗീകരിക്കുന്നുവെന്നാണ് കണക്ക്. ട്രംപിന്റെ ആദ്യഭരണകാലത്ത് ഇതേ കാലയളവില്‍ 41 ശതമാനത്തേക്കാള്‍ കൂടുതലാണിത്. എന്നാല്‍, 1952 മുതല്‍ 2020 വരെ തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ പ്രസിഡന്റുമാരുടേയും ആദ്യ പാദത്തിലെ ശരാശരി റേറ്റിങ്ങിനേക്കാള്‍ 60 ശതമാനം കുറവാണിത്.




 


രണ്ടാം ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ വിസ റദ്ദാക്കിയ 327 വിദേശവിദ്യാര്‍ഥികളില്‍ പാതിപ്പേരും ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്. യുഎസിലെ കുടിയേറ്റക്കാര്‍ക്കുള്ള അഭിഭാഷകസംഘനയായ അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്സ് അസോസിയേഷന്റേതാണ്(എഐഎല്‍എ) വെളിപ്പെടുത്തല്‍. സ്റ്റുഡന്റ്സ് ആന്‍ഡ് എക്‌സ്ചേഞ്ച് വിസിറ്റര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനത്തില്‍ (സെവിസ്) വിദ്യാര്‍ഥി വിസാപദവി റദ്ദാക്കപ്പെട്ടവരുടെ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഈ കണക്ക്. 14 ശതമാനം പേര്‍ ചൈനയില്‍നിന്നുള്ളവരാണ്. ബാക്കിയുള്ള വിദ്യാര്‍ഥികള്‍ ദക്ഷിണകൊറിയ, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരും.

Tags:    

Similar News