ക്വാഡിന്റെ പ്രവര്‍ത്തനം മാനവരാശിക്ക് തന്നെ പ്രധാനപ്പെട്ടത്; ലക്ഷ്യം എല്ലാ പ്രശ്‌നങ്ങളുടെയും സമാധാനപരമായ പരിഹാരം; ഉച്ചകോടിയില്‍ നയം വ്യക്തമാക്കി മോദി; ജോ ബൈഡനുമായി കൂടിക്കാഴ്ചയും

ക്വാഡിന്റെ പ്രവര്‍ത്തനം മാനവരാശിക്ക് തന്നെ പ്രധാനപ്പെട്ടത്:മോദി

Update: 2024-09-22 06:14 GMT

വാഷിങ്ങ്ടണ്‍: ഇന്ത്യ - യു എസ് ബന്ധത്തിന്റെ ദൃഢതയും പ്രാധാന്യവും എടുത്ത് പറഞ്ഞ് ക്വാഡ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടിയിലെ അഭിസംബോധനയില്‍ ആഗോളതലത്തില്‍ അസ്ഥിരത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സഖ്യത്തിന്റെ പ്രധാന്യവും മോദി എടുത്തുപറഞ്ഞു.

നിലവിലെ ആഗോളസാഹചര്യത്തില്‍ ക്വാഡ് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് മുഴുവന്‍ മനുഷ്യരാശിക്കും വളരെ പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്രവും തുറന്നതും സമ്പന്നവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ ഇന്തോ- പെസഫിക് മേഖല, കൂട്ടായ ഉത്തരവാദിത്തവും മുന്‍ഗണനയുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ലോകം സംഘര്‍ഷങ്ങള്‍ക്കു നടുവില്‍ നില്‍ക്കുമ്പോഴാണ് ക്വാഡ് ഉച്ചകോടി നടക്കുന്നത്. ഈ സാഹചര്യത്തില്‍ ജനാധിപത്യമൂല്യങ്ങള്‍ പങ്കിട്ട് ക്വാഡ് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് മുഴുവന്‍ മനുഷ്യരാശിക്കും വളരെ പ്രധാനമാണ്. നാം ആര്‍ക്കും എതിരല്ല. നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം, പരമാധികാരത്തിനും പ്രദേശിക സമഗ്രതയ്ക്കും ഉള്ള ബഹുമാനം, എല്ലാ പ്രശ്‌നങ്ങളുടെയും സമാധാനപരമായ പരിഹാരം എന്നിവയെ എല്ലാവരും പിന്തുണയ്ക്കുന്നു', മോദി പറഞ്ഞു. സ്വതന്ത്രവും ഏവരേയും

ഉള്‍ക്കൊള്ളുന്നതുമായ ഇന്തോ-പസഫിക്കിന്റെ ആവശ്യം ക്വാഡ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം തുടങ്ങീ വിവിധ മേഖലകളിലെ സഹകരണവും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

ചര്‍ച്ചയ്ക്കിടെ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ആവശ്യത്തെ പിന്തുണച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കി.ജി 20, ഗ്ലോബല്‍ സൗത്ത് എന്നിവയില്‍ ഇന്ത്യ നേതൃത്വം നല്‍കിയതിനേയും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്കിനേയും ബൈഡന്‍ പ്രശംസിച്ചു. പോളണ്ടിലും യുക്രെയ്‌നിലും പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനങ്ങള്‍ക്ക് വലിയ പ്രാധാന്യമുള്ളതായും ബൈഡന്‍ പറഞ്ഞു.യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിര അംഗത്വമെന്ന ആവശ്യം ഇന്ത്യ ഏറെ നാളായി മുന്നോട്ട് വയ്ക്കുന്നുണ്ട്.ഇ പശ്ചാത്തലത്തില്‍ കൂടിയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ പരാമര്‍ശം.എല്ലാവരുടേയും പ്രയോജനത്തിനായി ക്വാഡ് രാഷ്ട്രങ്ങളുടെ സഹകരണം കൂടുതല്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നാണ് നേതാക്കള്‍ ഒന്നടങ്കം പറഞ്ഞത്.

ക്വാഡ് ഉച്ചകോടിക്ക് മുമ്പായി മോദിയും യു.എസ്. പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ചയും നടന്നു. ഇന്ത്യയുമായുള്ള യു.എസിന്റെ പങ്കാളിത്തം ചരിത്രത്തിലെ ഏത് സമയത്തേക്കാളും ശക്തവും അടുപ്പമേറിയതും ചലനാത്മകവുമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രസിഡന്റ് ജോ ബൈഡന്‍ എക്‌സില്‍ കുറിച്ചു. 'പ്രധാനമന്ത്രി മോദി, നമ്മള്‍ ഒന്നിച്ചിരുന്ന് സംസാരിക്കുമ്പോഴെല്ലാം, പുതിയ സഹകരണ മേഖലകള്‍ കണ്ടെത്താനുള്ള നമ്മുടെ കഴിവ് എന്നെ അത്ഭുതപ്പെടുത്താറുണ്ട്. ഇന്നും അത് വ്യത്യസ്തമായിരുന്നില്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡെലാവറിലെ വില്‍മിങ്ടനിലുള്ള ബൈഡന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഒരുമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. ഡെലാവറില്‍ തനിക്ക് ആതിഥ്യമരുളിയതിന് ജോ ബൈഡന് നന്ദി രേഖപ്പെടുത്തിയ പ്രധാനമന്ത്രി മോദി, ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും യോഗത്തില്‍ പ്രാദേശിക- ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും എക്‌സില്‍ കുറിച്ചു.അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പായി ഖലിസ്ഥാന്‍ പ്രസ്ഥാനത്തോട് അനുഭാവം പുലര്‍ത്തുന്നവരുമായി കൂടിക്കാഴ്ച നടത്തി വൈറ്റ് ഹൗസ്. അമേരിക്കന്‍ അതിര്‍ത്തിക്കുള്ളില്‍ താമസിക്കുന്ന പൗരന്മാരെ അക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഖലിസ്ഥാന്‍ വിഘടനവാദികള്‍ക്ക് കാനഡയും യുഎസും അഭയം നല്‍കുന്നെന്ന ആശങ്ക ഉയരുന്നതിനിടെയാണ് കൂടിക്കാഴ്ച നടന്നിരിക്കുന്നത്. എന്നാല്‍ ഖലിസ്ഥാന്‍ വിഘടനവാദികള്‍ക്ക് അഭയം നല്‍കുമെന്ന് യുഎസ് പ്രഖ്യാപിച്ചിട്ടില്ല. ഇക്കുറി ക്വാഡ് ഉച്ചകോടി ഇന്ത്യയില്‍ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് വില്‍മിങ്ടണില്‍ നടത്താന്‍ തീരുമാനിക്കുന്നത്. 2025ല്‍ ഇന്ത്യയിലാണ് ഉച്ചകോടി നടക്കുന്നത്.

ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതുള്‍പ്പടെയുള്ള കാര്യത്തിനായി മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസില്‍ എത്തിയത്.അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ക്വാഡ് ഉച്ചകോടിക്ക് പുറമേ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ എന്ന പരിപാടിയിലും അദ്ദേഹം സംസാരിക്കും.മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് മുന്‍പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News