1600 ല്‍ 677 സീറ്റും നേടി ലേബര്‍-കണ്‍സര്‍വേറ്റിവ് പാര്‍ട്ടികളെ ഞെട്ടിച്ച് റിഫോം യുകെയിലെ കടന്നു കയറ്റം; തിരിച്ചടി കൂടുതല്‍ ടോറികള്‍ക്ക്; ആറ് വോട്ടുകള്‍ക്ക് റാങ്കൊണ്‍ എംപി സീറ്റ് നേടിയതിനൊപ്പം രണ്ടു മേയര്‍ പദവിയും റിഫോം നേടി: ബ്രിട്ടന്റെ രാഷ്ട്രീയം കൂടുതല്‍ വലത്തോട്ട്

ബ്രിട്ടന്റെ രാഷ്ട്രീയം കൂടുതല്‍ വലത്തോട്ട്

Update: 2025-05-03 01:13 GMT

ലണ്ടന്‍: പരമ്പരാഗതമായി കണ്‍സര്‍വേറ്റിവുകളും ലേബര്‍ പാര്‍ട്ടിയും സ്വന്തമാക്കിയ ബ്രിട്ടീഷ് ഭരണം ജനിച്ചിട്ട് ഒരു വര്ഷം പോലും തികക്കാത്ത റിഫോം യുകെ എന്ന അതിതീവ്ര വലത് പാര്‍ട്ടിയിലേക്ക് മാറുമെന്ന് സൂചന നല്‍കി കൊണ്ട് 23 ലോക്കല്‍ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. സത്യത്തില്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തെ ഞെട്ടിച്ചിരിക്കുകയാണ് നെയ്ജല്‍ ഫരാജും കഷ്ടിച്ച് ഒരു വര്‍ഷം മുന്‍പ് മാത്രം അദ്ദേഹം രൂപം കൊടുത്ത റിഫോം യു കെ പാര്‍ട്ടിയും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രധാന കൗണ്‍സിലുകള്‍ പിടിച്ചെടുത്തതിനു പുറമെ ലേബര്‍ പാര്‍ട്ടിയുടെ ഉറച്ച സീറ്റ് എന്ന് കരുതിപ്പോരുന്ന റണ്‍കോണ്‍ ആന്‍ഡ് ഹെല്‍സ്ബി പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അവരെ ഞെട്ടിച്ചുകൊണ്ട് വിജയം കരസ്ഥമാക്കുകയും ചെയ്തിരിക്കുന്നു. റിഫോം ഭൂകമ്പം എന്നാണ് ഫരാജ് തന്റെ പാര്‍ട്ടിയുടെ വിജയത്തെ വിശേഷിപ്പിച്ചത്. ദ്വികക്ഷി രാഷ്ട്രീയം ബ്രിട്ടനില്‍ അവസാനിക്കുന്നു എന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു. ലേബര്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കാനായപ്പോള്‍ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളില്‍ നിന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ തുടച്ചു നീക്കാന്‍ കഴിഞ്ഞെന്നും ഫരാജ് അവകാശപ്പെട്ടു.

ഇത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അന്ത്യത്തിന്റെ ആരംഭമാണെന്ന് പറഞ്ഞ അദ്ദേഹം കേവലം അഞ്ച് എം പിമാര്‍ മാത്രമെ ഉള്ളു എങ്കിലും ഇപ്പോള്‍ ബ്രിട്ടനിലെ പ്രധാന പ്രതിപക്ഷം തങ്ങളാണെന്നും അവകാശപ്പെട്ടു.റണ്‍കോണ്‍ ആന്‍ഡ് ഹെല്‍സ്ബി പാര്‍ലമെന്റ് മണ്ഡലത്തില്‍ കേവലം ആറ് വോട്ടുകള്‍ക്കാണ് റിഫോം യു കെയുടെ സാറാ പോച്ചിന്‍ ലേബര്‍ പാര്‍ട്ടിയുടെ കരേന്‍ ഷോറിനെ തോല്‍പ്പിച്ചത്. മൂന്നാമത് എത്തിയ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥി ഏറെ പിറകില്‍ പോവുകയും ചെയ്തു.

തെരഞ്ഞെടുപ്പ് നടന്ന 23 കൗണ്‍സിലുകളില്‍ മിക്കതിലും റിഫോം പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടാക്കന്‍ കഴിഞ്ഞപ്പോള്‍, ഭൂരിഭാഗം കൗണ്‍സിലുകളും കൈയില്‍ ഉണ്ടായിരുന്ന ടോറികള്‍ക്കാണ് വന്‍ നഷ്ടം ഉണ്ടായത്. ലേബര്‍ പാര്‍ട്ടിയ്ക്കും കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാന്‍ ആയില്ല. തെരഞ്ഞെടുപ്പ് നടന്ന 1600 സീറ്റുകളില്‍ 677 എണ്ണത്തിലാണ് റിഫോം പാര്‍ട്ടി ജയിച്ചത്. ഇവയില്‍ പലതും ഇവര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും പിടിച്ചെടുക്കുകയായിരുന്നു. അതിനു പുറമെ, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായി അറിയപ്പെട്ടിരുന്ന കെന്റ്, സ്റ്റഫോര്‍ഡ്ഷയര്‍ കൗണ്‍സിലുകളുടെ നിയന്ത്രണം റിഫോം പാര്‍ട്ടി അവരില്‍ നിന്നും പിടിച്ചെടുക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് നടന്ന കൗണ്‍സിലുകളില്‍ ലേബര്‍ പാര്‍ട്ടിയുടെ കൈവശം ഉണ്ടായിരുന്ന ഏക കൗണ്‍സിലായ ഡോണ്‍കാസ്റ്ററിന്റെ നിയന്ത്രണവും റിഫോം പാര്‍ട്ടി പിടിച്ചെടുത്തു. സമാനമായ രീതിയില്‍, നേരത്തെ ലേബര്‍ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ഡുറവും റിഫോം യു കെ പാര്‍ട്ടി പിടിച്ചെടുത്തു. ഇതാദ്യമായി കൗണ്‍സിലുകളുടെ നിയന്ത്രണം നേടിയതുപോലെ ആദ്യ മേയര്‍ പദവികളും റിഫോം കൈക്കലാക്കി. ഗ്രെയ്റ്റര്‍ ലിങ്കണ്‍ഷയര്‍ - ഹള്‍, ഈസ്റ്റ് യോര്‍ക്ക്സഹയര്‍ എന്നിവിടങ്ങളിലെ രണ്ട് മെയര്‍ പദവികളാണ് റിഫോം യു കെ കൈക്കലാക്കിയത്.

തെരഞ്ഞെടുപ്പ് നടന്ന ഒട്ടു മിക്ക കൗണ്‍സിലുകളിലും ഭരണം കൈയ്യാളിയിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് തന്നെയാണ് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ നഷ്ടം സഹിക്കേണ്ടി വന്നത്. എന്നാല്‍, ലേബര്‍ പാര്‍ട്ടിയില്‍ നിന്നും കേംബ്രിഡ്ജ്ഷയര്‍ ആന്‍ഡ് പീറ്റര്‍ബറോയുടെ മേയര്‍ പദവി പിടിച്ചെടുക്കാനായത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ചെറിയൊരു ആശ്വാസം നല്‍കുന്നുണ്ട്. ദീര്‍ഘകാലം അധികാരത്തിന്റെ ശീതളച്ഛായയില്‍ കഴിഞ്ഞതിനു ശേഷം പാര്‍ട്ടിയെ പുനസംഘടിപ്പിക്കാന്‍ ദീര്‍ഘകാലം എടുക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് ഫലം വന്ന ഉടന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബേഡ്‌നോക്ക് പ്രതികരിച്ചത്.

ബ്രിട്ടന്‍, രാഷ്ട്രീയം റിഫോം പാര്‍ട്ടി

Tags:    

Similar News