അലാസ്‌കയില്‍ കണ്ടത് വ്യത്യസ്തനായ ട്രംപിനെ; ലോകനേതാക്കളെ പുച്ഛത്തോടെ സമീപിക്കുന്ന ട്രംപ് പുടിനെ കണ്ടപ്പോള്‍ മാന്യനായി; റഷ്യന്‍ പ്രസിഡന്റിന് വേണ്ടി മുട്ടുകുത്തി ചുവപ്പ് പരവതാനി ശരിയാക്കി യുഎസ് സൈനികര്‍; കയ്യടിച്ചു സ്വീകരിച്ചു ട്രംപ്; പുടിന് നല്‍കിയത് മറ്റൊരു ലോകനേതാവിനും നല്‍കാത്ത പ്രത്യേക പരിഗണന

അലാസ്‌കയില്‍ കണ്ടത് വ്യത്യസ്തനായ ട്രംപിനെ

Update: 2025-08-16 04:40 GMT

വാഷിങ്ടണ്‍: രണ്ടാം തവണ അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷം ഡൊണാള്‍ഡ് ട്രംപ് ഒരു ലോക നേതാവിനെയും ആദരവോടെ സ്വീകരണം ഒരുക്കിയിട്ടില്ല. താനുമായി കൂടിക്കാഴ്ച്ച നടത്തിയ മിക്ക നേതാക്കളോടും തന്റെ മേധാവിത്തം ഉറപ്പക്കുന്ന വിധത്തിലാണ് ട്രംപ് പെരുമാറിയിരുന്നത്. തീരുവ നടപടികളിലൂടെ മിക്ക ലോകരാഷ്ട്രങ്ങളെയും ട്രംപ് വെറുപ്പിക്കുകയും ചെയ്തു. എന്നാല്‍, അലസ്‌ക്കയില്‍ കണ്ടത് ഇതില്‍ നിന്നെല്ലാം വ്യത്യസ്തനായ ട്രംപിനെയാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ കണ്ടതോടെ നല്ല അച്ചടക്കമുള്ള കുട്ടിയായി ട്രംപ് മാറിയെന്ന് പറയാം. മറ്റൊരു ലോകനേതാവിനും നല്‍കാത്ത പരിഗണനയാണ് ട്രംപ് റഷ്യന്‍ പ്രസിഡന്റിന് നല്‍കിയത്.

അലാസ്‌കയില്‍ ഉച്ചകോടിയ്ക്കെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് വന്‍ സ്വീകരണം തന്നെയാണ് ഡൊണാള്‍ഡ് ട്രംപ് ഒരുക്കിയത്. റഷ്യന്‍ പ്രസിഡന്റിനെ കയ്യടിച്ച് സ്വീകരിക്കുന്ന ട്രംപിന്റെ ദൃശ്യങ്ങള്‍ ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. മുന്‍പ് മറ്റൊരു ലോകനേതാവിനും നല്‍കാത്ത പ്രത്യേക പരിഗണനയാണ് പുതിന് ട്രംപില്‍നിന്ന് ലഭിച്ചതെന്ന് പുറത്തെത്തുന്ന വീഡിയോകള്‍ വ്യക്തമാക്കുന്നു. അലാസ്‌ക വ്യോമതാവളത്തിലെത്തിയ പുതിന് നടന്നുനീങ്ങാന്‍ വിരിച്ച ചുവപ്പുപരവതാനി യുഎസ് സൈനികര്‍, മുട്ടുകുത്തിയിരുന്ന് ശരിയാക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. 'ഇതോടെ താടിയുള്ള അപ്പനെ പേടിയുണ്ട്' എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും വിലയിരുത്തുന്നത്.

എന്നാല്‍ യുക്രൈന്‍ ഈ പരവതാനി വിരിക്കലിനെതിരേ രൂക്ഷവിമര്‍ശനവും ഉയരുന്നുണ്ട്. യുക്രൈന്റെ റെസ്റ്റോറേഷന്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഏജന്‍സി മുന്‍ മേധാവി മുസ്തഫാ നയീം സാമൂഹികമാധ്യമമായ എക്സിലൂടെയാണ് വിമര്‍ശനം ഉന്നയിച്ചത്. മുട്ടുകുത്തലിനെ വീണ്ടും മഹത്തരമാക്കൂ എന്ന അടിക്കുറിപ്പോടെയാണ് ആ ചിത്രം എക്സില്‍ പങ്കുവെച്ചത്. അമേരിക്കയില്‍നിന്നും ഈ ദൃശ്യത്തിനെതിരേ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ട്രംപിന്റെ പ്രിയസുഹൃത്തിനുവേണ്ടി ധീരന്മാരായ അമേരിക്കന്‍ സൈനികരെ മുട്ടുകുത്തിച്ച് റെഡ് കാര്‍പ്പറ്റ് വിരിപ്പിച്ചത് വെറുപ്പുളവാക്കുന്നു എന്നായിരുന്നു കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസൊമിന്റെ പ്രതികരണം.

2018-ന് ശേഷം ഇതാദ്യമായാണ് പുടിനും ട്രംപും നേരിട്ടുകാണുന്നത്. കയ്യടിയോടെ കാത്തുനിന്ന ട്രംപിന്റെ അരികിലേക്ക് പുതിന്‍ എത്തുന്നും ഹസ്തദാനത്തിന് മുന്‍പായി ഇരുനേതാക്കളും ഊഷ്മളമായ പുഞ്ചിരി കൈമാറുകയും ചെയ്യുന്നുണ്ട്. െൈുക്രന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയ്ക്കു മേല്‍ യുഎസ് സമ്മര്‍ദം ചെലുത്തുമെന്ന് അവകാശപ്പെട്ടുള്ള ഉച്ചകോടിയായിരുന്നു അലാസ്‌കയിലേതെങ്കിലും നിര്‍ണായക തീരുമാനങ്ങളൊന്നും കൂടിക്കാഴ്ചയിലുണ്ടായില്ല. അന്തിമ കരാറില്‍ എത്താന്‍ സാധിച്ചില്ലെങ്കിലും ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടായെന്നും വൈകാതെ തന്നെ ലക്ഷ്യം കാണാനാവുമെന്നും ഇരുനേതാക്കന്മാരും യോഗത്തിനു ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

2022-ല്‍ ഡോണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്ത് ഉണ്ടായിരുന്നെങ്കില്‍ യുക്രൈനുമായുള്ള യുദ്ധം ആരംഭിക്കുമായിരുന്നില്ലെന്ന് പുടിന്‍ പറഞ്ഞത് പോസിറ്റീവ് സമീപനത്തിന് തെളിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്രൈന്റെ നാറ്റോപ്രവേശനശ്രമങ്ങളില്‍ പ്രകോപിതരായി 2022 ഫെബ്രുവരി 24-നാണ് റഷ്യ യുക്രൈനില്‍ അധിനിവേശമാരംഭിച്ചത്. ഈ സമയത്ത് ജോ ബൈഡന്‍ ആയിരുന്നു അമേരിക്കന്‍ പ്രസിഡന്റ്. താനായിരുന്നെങ്കില്‍ റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുമായിരുന്നുവെന്ന് ട്രംപ് നിരന്തരം അവകാശപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിലും അദ്ദേഹം റഷ്യ - യുക്രൈന്‍ യുദ്ധം ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ടിരുന്നു. അധികാരത്തിലെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ യുദ്ധം ഇല്ലാതാക്കുമെന്നായിരുന്നു അദ്ദേഹം പ്രചാരണത്തിലുടനീളം ആവര്‍ത്തിച്ചത്. ട്രംപിന്‍മേലുള്ള വിശ്വാസം ഉറപ്പിക്കുന്ന തരത്തിലായിരുന്നു റഷ്യന്‍ പ്രസിഡന്റ് പുതിന്റെ സംസാരം. ഒരു ഘട്ടത്തില്‍ ബൈഡനോട് സൈനിക നടപടികളുടെ ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും സാഹചര്യം വഷളാകുന്നത് ഒഴിവാക്കാന്‍ ബൈഡനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുവെന്നും പുതിന്‍ പറഞ്ഞു.

2022-ല്‍ മുന്‍ ഭരണകൂടവുമായുള്ള അവസാന കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ സഹപ്രവര്‍ത്തകനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. തിരിച്ചുവരവില്ലാത്ത അവസ്ഥയിലേക്ക് സാഹചര്യം എത്തിക്കരുതെന്നും അത് വലിയ തെറ്റിലെത്തിക്കുമെന്നും അന്ന് താന്‍ നേരിട്ട് പറഞ്ഞിരുന്നുവെന്നും പുതിന്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന്, അന്ന് ട്രംപ് പ്രസിഡന്റ് ആയിരുന്നെങ്കില്‍ യുദ്ധം ഉണ്ടാകുമായിരുന്നില്ലെന്ന ട്രംപിന്റെ വാദം ശരിവെക്കുകയും ചെയ്തു. ട്രംപും താനും തമ്മില്‍ വളരെ വിശ്വസ്തമായൊരു ബന്ധം സ്ഥാപിച്ചുവെന്നും വൈകാതെ തന്നെ നല്ല കാര്യങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കുമെന്നും താന്‍ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News