റഷ്യയെ പേടിച്ചു യൂറോപ്യന്‍ രാജ്യങ്ങള്‍; ബെലാറസില്‍ ആണവായുധ ശേഷിയുള്ള അതിമാരക 'ഒരേഷ്നിക്' മിസൈലുകള്‍ വിന്യസിച്ചു റഷ്യ; ട്രക്കില്‍ ഘടിപ്പിച്ച മിസൈലുകള്‍ ബെലാറസിലേക്ക് എത്തുന്നതിന്റെ വീഡിയോയും പുറത്തുവിട്ടു റഷ്യ

റഷ്യയെ പേടിച്ചു യൂറോപ്യന്‍ രാജ്യങ്ങള്‍; ബെലാറസില്‍ ആണവായുധ ശേഷിയുള്ള അതിമാരക 'ഒരേഷ്നിക്' മിസൈലുകള്‍ വിന്യസിച്ചു റഷ്യ

Update: 2025-12-31 14:36 GMT

മോസ്‌കോ: യുക്രൈനെ കടന്നാക്രമിച്ചു വരുതിയില്‍ നിര്‍ത്തിയതിന് പിന്നാലെ റഷ്യ മറ്റു യൂറോപ്യന്‍ രാജ്യങ്ങളെയും ഉന്നമിടുമോ? കടുത്ത ഭയപ്പാടിലാണ് യൂറോപ്പിലെ രാജ്യങ്ങള്‍. പാശ്ചാത്യ രാജ്യങ്ങളെയും നാറ്റോ സഖ്യത്തെയും വെല്ലുവിളിച്ചുകൊണ്ട് റഷ്യയുടെ ഏറ്റവും പുതിയ ഹൈപ്പര്‍ സോണിക് മിസൈലായ 'ഒരേഷ്നിക്' സഖ്യരാജ്യമായ ബെലാറസില്‍ വിന്യസിച്ചു. റഷ്യയുടെ നീക്കം യുദ്ധകാഹളമായി കണക്കാക്കുകയാണ് ലോകരാജ്യങ്ങള്‍. ഇത് പുതുവര്‍ഷത്തില്‍ വീണ്ടും യുദ്ധഭീതിക്ക് ഇടയാക്കുകയാണ്.

ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ഈ മിസൈലുകള്‍ അയല്‍രാജ്യമായ ബെലാറസില്‍ യുദ്ധസജ്ജമായിക്കഴിഞ്ഞെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ട്രക്കില്‍ ഘടിപ്പിച്ച മിസൈലുകള്‍ ബെലാറസിലേക്ക് എത്തുന്നതിന്റെ വീഡിയോയും റഷ്യ പുറത്തുവിട്ടു.

റഷ്യയുടെ അതിര്‍ത്തിക്ക് പുറത്ത് ഒരേഷ്നിക് മിസൈലുകള്‍ സ്ഥിരമായി വിന്യസിക്കുന്നത് ഇതാദ്യമാണ്. ഏകദേശം 10 മിസൈല്‍ സിസ്റ്റങ്ങള്‍ ബെലാറസില്‍ എത്തിക്കുമെന്ന് ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോ വ്യക്തമാക്കി. ശബ്ദത്തേക്കാള്‍ 10 മടങ്ങ് വേഗതയില്‍ സഞ്ചരിക്കുന്ന ഈ മിസൈലുകളെ തകര്‍ക്കാന്‍ നിലവിലെ ഒരു വ്യോമപ്രതിരോധ സംവിധാനത്തിനും കഴിയില്ലെന്നാണ് റഷ്യയുടെ അവകാശവാദം.

പോളണ്ട്, ലിത്വാനിയ, ലാത്വിയ എന്നീ നാറ്റോ രാജ്യങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന ബെലാറസില്‍ മിസൈല്‍ എത്തിയതോടെ യൂറോപ്യന്‍ നഗരങ്ങള്‍ റഷ്യയുടെ ആക്രമണ പരിധിയിലായി. വിക്ഷേപിച്ചാല്‍ വെറും മൂന്ന് മിനിറ്റിനുള്ളില്‍ പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സോയിലും 17 മിനിറ്റിനുള്ളില്‍ ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലും എത്താന്‍ ഇതിന് സാധിക്കും.

ഒരേസമയം ആറ് ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍. 5500 കിലോമീറ്ററാണ് ഇതിന്റെ ആക്രമണപരിധി. യൂറോപ്പിലെവിടെ വേണമെങ്കിലും മിനിറ്റുകള്‍ക്കകം ആക്രമണം നടത്താന്‍ ഇതിലൂടെ റഷ്യയ്ക്ക് സാധിക്കും. യുക്രൈന്‍ യുദ്ധത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇടപെടുന്നതിനും റഷ്യന്‍ മണ്ണിലേക്ക് യുക്രൈന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കും മറുപടിയായാണ് ഈ നീക്കം.

കിഴക്കന്‍ ബെലാറസിലെ ക്രിചേവ്-6 വ്യോമതാവളത്തിലാണ് മിസൈലുകള്‍ വിന്യസിച്ചിരിക്കുന്നതെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്ന സൂചന. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയുള്ള ഈ നീക്കം വലിയ ആശങ്കയാണ് യൂറോപ്പിലുണ്ടാക്കിയിരിക്കുന്നത്. റഷ്യന്‍ മിസൈല്‍ വിന്യാസത്തെ അതീവ ഗൗരവത്തോടെയാണ് അമേരിക്കയും നാറ്റോ രാജ്യങ്ങളും കാണുന്നത്.

Tags:    

Similar News