യുക്രെയ്‌നിലെ വടക്കുകിഴക്കന്‍ നഗരമായ സുമിയില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം; കുട്ടികള്‍ അടക്കം 11 പേര്‍ കൊല്ലപ്പെട്ടു; 89 പേര്‍ക്ക് പരിക്കേറ്റു; നടന്നത് 120 മിസൈലുകളും 90 ഡ്രോണുകളും ഉപയോഗിച്ചുള്ള വന്‍ ആക്രമണം; പവര്‍ഗ്രിഡും തകര്‍ത്തു

യുക്രെയ്‌നിലെ വടക്കുകിഴക്കന്‍ നഗരമായ സുമിയില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം

Update: 2024-11-18 12:22 GMT

കീവ്: യുക്രൈനെതിരെ ആക്രമണം കടുപ്പിച്ചു റഷ്യ. യുക്രെയ്‌നിലെ വടക്കുകിഴക്കന്‍ നഗരമായ സുമിയിലെ താമസ സമുച്ചയത്തില്‍ റഷ്യന്‍ മിസൈല്‍ പതിച്ച് രണ്ട് കുട്ടികള്‍ അടക്കം 11 പേര്‍ കൊല്ലപ്പെട്ടു. ഇക്കാര്യം യുക്രേനിയന്‍ അധികൃതരാണ് അറിയിച്ചത്. ആക്രമണത്തില്‍ 11 കുട്ടികള്‍ ഉള്‍പ്പെടെ 89 പേര്‍ക്ക് പരിക്കേറ്റതായി സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വിസ് അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണെന്നും 400ലധികം ആളുകളെ ഇവിടെ നിന്ന് ഒഴിപ്പിച്ചതായും എമര്‍ജന്‍സി സര്‍വിസ് കൂട്ടിച്ചേര്‍ത്തു.

120 മിസൈലുകളും 90 ഡ്രോണുകളും ഉപയോഗിച്ചുള്ള വന്‍ ആക്രമണമാണ് നടന്നത്. ഉക്രെയ്നിലെ പവര്‍ ഗ്രിഡിനെ റഷ്യ തകര്‍ത്തതിന് പിന്നാലെയാണ് സുമിക്കെതിരായ ആക്രമണം. ഞായറാഴ്ച വൈകുന്നേരം സുമി നഗരം നരകമായി മാറി. റഷ്യ നമ്മുടെ നാട്ടിലേക്ക് കൊണ്ടുവന്ന ഒരു ദുരന്തമാണ്- സുമി സൈനിക ഭരണ തലവന്‍ വോലോഡൈമര്‍ ആര്‍ത്യുഖ് പറഞ്ഞു. മറ്റൊരു മിസൈല്‍ അടിസ്ഥാന സൗകര്യങ്ങളില്‍ പതിച്ചതിനാല്‍ നഗരത്തിന് വൈദ്യുതി ഇല്ലെന്നും സൈനിക മേധാവി അറിയിച്ചു.

എമര്‍ജന്‍സി സര്‍വിസ് ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളില്‍ അഗ്‌നിശമന സേനാംഗങ്ങള്‍ തീയണക്കുന്നതും രക്ഷാപ്രവര്‍ത്തകര്‍ ബഹുനില കെട്ടിടത്തില്‍നിന്ന് ആളുകളെ പുറത്തെടുക്കുന്നതും കാണിച്ചു. ആക്രമണത്തില്‍ 90 അപ്പാര്‍ട്ടുമെന്റുകള്‍ക്കും 28 കാറുകള്‍ക്കും രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 13 കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ പറഞ്ഞു.

സംഭവത്തില്‍ റഷ്യ പ്രതികരിച്ചിട്ടില്ല. ഇരുപക്ഷവും പരസ്പരം സിവിലിയന്മാരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ നിഷേധിക്കുകയാണ്. എന്നാല്‍, 2022ന്റെ തുടക്കം മുതല്‍ യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തില്‍ ആയിരക്കണക്കിനു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം യുക്രെയിനില്‍ നിന്നും റഷ്യയുടെ മുക്കിലും മൂലയിലും എത്താന്‍ കഴിയുന്ന ദീര്‍ഘദൂര മിസൈലുകള്‍ യുക്രെയിന് സമ്മാനമായി നല്‍കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ശ്രമിക്കുന്നുണ്ട്. ഇതിനോട് റഷ്യ ഏങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക ശക്തമാണ്. ഇതിനൊപ്പം അമേരിക്ക നല്‍കുന്ന മിസൈലുകള്‍ യുക്രെയിന്‍ പ്രയോഗിച്ചാല്‍ വീണ്ടും ലോക മഹായുദ്ധ ഭീതി ശക്തമാകും.

റഷ്യയ്ക്കുള്ളിലെ ആക്രമണങ്ങള്‍ക്ക് ശക്തമായ അമേരിക്കന്‍ ലോംഗ് റേഞ്ച് ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് ആദ്യമായി പ്രസിഡന്റ് ബൈഡന്‍ യുക്രെയ്‌നിന് പച്ചക്കൊടി നല്‍കുകയും ചെയ്തു. ആര്‍മി ടാക്റ്റിക്കല്‍ മിസൈല്‍ സിസ്റ്റം അല്ലെങ്കില്‍ എടിഎസിഎംഎസ് എന്നറിയപ്പെടുന്ന മിസൈലുകള്‍ക്ക് ഏകദേശം 190 മൈല്‍ സഞ്ചരിക്കാനാകും. അവരുടെ ഉപയോഗം റഷ്യയുടെ ആയുധശേഖരങ്ങള്‍, ലോജിസ്റ്റിക്കല്‍ കേന്ദ്രങ്ങള്‍, എയര്‍ഫീല്‍ഡുകള്‍ എന്നിവ ആക്രമിക്കാന്‍ യുക്രെയിന്‍ സൈന്യത്തെ സഹായിക്കും.

ഇത് റഷ്യന്‍ സൈന്യത്തിന് വിനയാകുകയും ചെയ്യും. ഫലത്തില്‍ അമേരിക്ക നല്‍കിയ ഈ ആയുധം യുക്രെയിന്‍ ഉപയോഗിച്ചാല്‍ വമ്പന്‍ തിരിച്ചടിയിലേക്ക് റഷ്യ കടക്കം. അതൊരു ആണവ യുദ്ധത്തിലേക്ക് പോലും കാര്യങ്ങളെത്തിക്കും. ട്രംപ് ജനുവരിയില്‍ മാത്രമേ അധികാരം ഏറ്റെടുക്കൂ. ഈ പഴുതുപയോഗിച്ചാണ് ബൈഡന്‍ ഗൂഡ ഇടപെടല്‍ നടത്തിയത്.

2024 ഫെബ്രുവരിയില്‍ റഷ്യ യുക്രെയിന് എതിരെ സൈനിക നടപടി ആരംഭിച്ചതോടെ ഭീതിയിലായ യുക്രെയ്ന്‍ അമേരിക്കയോടാണ് സഹായം തേടിയത്. സൈനിക-ആയുധക്കരുത്തില്‍ മുന്നിലുള്ള റഷ്യയെ എതിരിടാന്‍ ഒരു കാരണവശാലും യുക്രെയിന് ആകുമായിരുന്നില്ല. ആവുന്നതെല്ലാം അമേരിക്ക യുക്രെയിന് നല്‍കി. നാറ്റോ സഖ്യങ്ങളുടെ പിന്തുണയോടെ ബൈഡന്‍ ഭരണകൂടം യുക്രെയ്‌ന് സാമ്പത്തിക സഹായവും ആയുധങ്ങളും റഷ്യയ്ക്ക് എതിരെ പോരാടാനായി നല്‍കി. ആ സഹായം ഇപ്പോഴും തുടര്‍ന്നുവരികയാണ്. ഇതിനിടെ യുക്രെയിന് ഇതുവരെ നല്‍കിയ സഹായത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഇതോടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിയാന്‍ തുടങ്ങുന്ന ബൈഡന് എതിരെ വിമര്‍ശനങ്ങളുടെ ഒരു പരമ്പരയാണ് ഉണ്ടായിരിക്കുന്നത്. എന്നിട്ടും വീണ്ടും സഹായം നല്‍കുകയാണ് ബൈഡന്‍. ഇപ്പോഴത്തെ ഈ നീക്കത്തിന് ബ്രിട്ടന്റേയും പിന്തുണ ബൈഡനുണ്ട്. റഷ്യയെ പ്രകോപിപ്പിക്കാന്‍ ബ്രിട്ടണും മുന്നിലുണ്ടെന്നതാണ് വസ്തുത.

Similar News