നേപ്പാളി യുവാക്കളുടെ ശബ്ദം വ്യക്തമായും ഉറക്കെയും കേട്ടിട്ടുണ്ട്; ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളുടെ മൂലകാരണങ്ങള്‍ ഫലപ്രദമായി പരിഹരിക്കണം; വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കത്തില്‍ 'അത്യധികം വേദനയുണ്ടെന്ന്' ഐക്യരാഷ്ട്രസഭ; സഹകരണം അഭ്യര്‍ത്ഥിച്ച് നേപ്പാളി സൈന്യം; പ്രക്ഷോഭം തീരുന്നില്ല; ഇന്ത്യയും ജാഗ്രതയില്‍

Update: 2025-09-10 02:13 GMT

കാഠ്മണ്ഡു: നേപ്പാളില്‍ പ്രക്ഷോഭങ്ങള്‍ക്കിടെ ജീവന്‍ നഷ്ടപ്പെട്ടതിലും സംഘര്‍ഷം വര്‍ദ്ധിക്കുന്നതിലും ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ. രാജ്യത്തെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് വിലയിരുത്തിയ യുഎന്‍, സംയമനം പാലിക്കാനും സംഭാഷണങ്ങളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും എല്ലാ വിഭാഗങ്ങളോടും ശക്തമായി ആഹ്വാനം ചെയ്തു. സംഘര്‍ഷം നിയന്ത്രണവിധേയമാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം യുഎന്‍ പ്രസ്താവനയില്‍ വിശദീകരിച്ചു.

രാജ്യത്ത് നടമാടുന്ന ആഭ്യന്തര സംഘര്‍ഷം അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി നേപ്പാള്‍ സൈന്യവും രംഗത്തു വന്നു. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചതിന് പിന്നാലെ നേപ്പാളിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിരുന്നു. അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും നേപ്പാളിനെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും സൈന്യം വ്യക്തമാക്കി.എല്ലാ പൗരന്മാരോടും സഹകരണത്തിനായി സൈന്യം ആത്മാര്‍ഥമായി അഭ്യര്‍ത്ഥിച്ചു. ഇന്നലെ രാത്രി 10 മുതല്‍ നഗരത്തില്‍ സൈന്യത്തെ വിന്യസിച്ചു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനൊടുവില്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവെച്ചിരുന്നു. ഇരുവരും സൈന്യത്തിന്റെ സുരക്ഷിത കേന്ദ്രത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ദുബായിലേക്ക് കടന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതിന് സ്ഥിരീകരണം ഇല്ല.

ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ 26 സാമൂഹികമാധ്യമങ്ങള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടിക്കുമെതിരെ തുടങ്ങിയ യുവാക്കളുടെ പ്രക്ഷോഭം ബഹുജന പ്രക്ഷോഭമായി മാറുകയായിരുന്നു. സമരം തണുപ്പിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇന്നലെ രാത്രി പിന്‍വലിച്ചെങ്കിലും പ്രക്ഷോഭം തുടരുകയാണ്. 'ജെന്‍ സീ വിപ്ലവം' എന്നപേരില്‍ ഇന്നലെ ആരംഭിച്ച യുവാക്കളുടെ പ്രക്ഷോഭത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും 19 പേര്‍ മരിച്ചിരുന്നു. 347 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതിനിടെയാണ് ഐക്യ രാഷ്ട്ര സഭയുടെ പ്രസ്താവനയും എത്തിയത്.

വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കത്തില്‍ 'അത്യധികം വേദനയുണ്ടെന്ന്' ഐക്യരാഷ്ട്രസഭ അറിയിച്ചു. അഭിപ്രായസ്വാതന്ത്ര്യം, വിവരങ്ങളിലേക്കുള്ള പ്രവേശനം, സമാധാനപരമായ ഒത്തുചേരല്‍ എന്നിവ നേപ്പാളി നിയമങ്ങള്‍ക്കും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും കീഴില്‍ ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളാണെന്ന് യുഎന്‍ പ്രത്യേകം ഊന്നിപ്പറഞ്ഞു. പ്രക്ഷോഭകാരികളോട് സമാധാനപരമായി മാത്രം പ്രതിഷേധിക്കാനും അക്രമത്തിന്റെ പാത പൂര്‍ണ്ണമായും ഒഴിവാക്കാനും യുഎന്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം, നിയമപാലകരുടെ പ്രതികരണങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ആനുപാതികമായിരിക്കണമെന്ന് അധികാരികളോട് കര്‍ശനമായി ആവശ്യപ്പെടുകയും ചെയ്തു.

അമിതബലം പ്രയോഗിച്ചെന്ന എല്ലാ ആരോപണങ്ങളിലും കാലതാമസം കൂടാതെ, സ്വതന്ത്രവും സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തേണ്ടത് അതീവ പ്രാധാന്യമുള്ള കാര്യമാണെന്നും പ്രസ്താവനയില്‍ ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. നേപ്പാളിലെ യുവജനങ്ങളുടെ രോഷവും നിരാശയും യുഎന്‍ പൂര്‍ണ്ണമായി അംഗീകരിച്ചു. നിലവിലുള്ള പരാതികള്‍ പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ലതും പ്രായോഗികവുമായ മാര്‍ഗം തുറന്ന സംഭാഷണങ്ങളാണെന്ന് യുഎന്‍ അടിവരയിട്ടു പറഞ്ഞു. 'നേപ്പാളി യുവാക്കളുടെ ശബ്ദം വ്യക്തമായും ഉറക്കെയും കേട്ടിട്ടുണ്ട്, ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളുടെ മൂലകാരണങ്ങള്‍ ഫലപ്രദമായി പരിഹരിക്കുന്നതിനും യുവ നേപ്പാളികള്‍ക്ക് ശോഭനമായ ഭാവി ഉറപ്പാക്കുന്നതിനും കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നത് രാജ്യത്തിന് വലിയ തോതില്‍ ഗുണം ചെയ്യും,' യുഎന്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ സംഘര്‍ഷം ലഘൂകരിക്കുന്നതിനും കൂടുതല്‍ അഭിവൃദ്ധി പ്രാപിക്കുന്ന നേപ്പാളിനായുള്ള സമാധാനപരമായ പരിഹാരത്തിനും സഹായിക്കുന്ന സംഭാഷണങ്ങളെയും വിശ്വാസപരമായ സംരംഭങ്ങളെയും പിന്തുണയ്ക്കാന്‍ ഐക്യരാഷ്ട്രസഭ പൂര്‍ണ്ണമായും സന്നദ്ധമാണെന്നും പ്രസ്താവനയില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

അതിനിടെ നേപ്പാളിലെ അക്രമാസക്തമായ പ്രതിഷേധങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ദുഃഖം രേഖപ്പെടുത്തി. 22 പേര്‍ മരിക്കുകയും പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിക്ക് രാജി വയ്ക്കേണ്ടി വരികയും ചെയ്ത സംഭവങ്ങളിലാണ് പ്രധാനമന്ത്രി മോദിയുടെ പ്രതികരണം. ഹിമാലയന്‍ രാഷ്ട്രത്തിന്റെ 'സ്ഥിരത, സമാധാനം, ഐശ്വര്യം' എന്നിവ ഇന്ത്യക്ക് അതീവ പ്രാധാന്യമുള്ളതാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി മോദി, അശാന്തിക്ക് ശേഷം സമാധാനം നിലനിര്‍ത്താന്‍ നേപ്പാളിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 'നേപ്പാളിലെ അക്രമങ്ങള്‍ വേദനാജനകമാണ്. നിരവധി യുവാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ ഞാന്‍ ദുഃഖിതനാണ്. നേപ്പാളിന്റെ സ്ഥിരത, സമാധാനം, സമൃദ്ധി എന്നിവ ഞങ്ങള്‍ക്ക് അതീവ പ്രധാനമാണ്. നേപ്പാളിലെ എല്ലാ സഹോദരീ സഹോദരന്മാരോടും സമാധാനം നിലനിര്‍ത്താന്‍ ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു,' പ്രധാനമന്ത്രി മോദി 'എക്സില്‍' കുറിച്ചു. ഇന്ത്യയും അതീവ ജാഗ്രതയിലാണ്. അതിര്‍ത്തിയില്‍ എ്ല്ലാം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News