വ്യാപാര ചര്‍ച്ചകള്‍ ഇന്ത്യയും യുഎസും തുടരുന്നു; എന്റെ വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു; ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ ഒരു അന്തിമ തീരുമാനത്തിലെത്താന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല; ട്രംപ് വീണ്ടും അയയുന്നു; തീരുവ യുദ്ധം തീര്‍ന്നേക്കും

Update: 2025-09-10 01:39 GMT

വാഷിങ്ടണ്‍: ഇന്ത്യയും യു എസും തമ്മിലുള്ള വ്യാപാര രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കമോ? അതിനിടെ ഇന്ത്യയുമായുള്ള തന്റെ സമീപനത്തിലെ മാറ്റം വീണ്ടും വ്യക്തമാക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം. ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാര തടസങ്ങള്‍ നീക്കാനുളള ചര്‍ച്ചകള്‍ തുടരുന്നുവെന്ന് പോസ്റ്റില്‍ പറയുന്നു.

അടുത്ത സുഹൃത്തായ നരേന്ദ്ര മോദിയുമായി വരും ആഴ്ചകളില്‍ സംസാരിക്കുമെന്നും, രണ്ട് രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് നല്ല പരിസമാപ്തിയിലെത്താന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു. തീരുവ വിഷയത്തില്‍ യുഎസ് അധികൃതര്‍ ഇന്ത്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനം തുടരുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന. ഇതോടെ, തീരുവ വിഷയത്തില്‍ രമ്യമായ പരിഹാരം ഉണ്ടാകാനുള്ള സാധ്യതകളാണ് ചര്‍ച്ചകളില്‍ എത്തുന്നത്.

ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ 100% അധിക തീരുവ ചുമത്താന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു യുഎസ് പ്രസിഡന്റ് ട്രംപ് എന്ന് വാര്‍ത്തകളെത്തിയിരുന്നു. റഷ്യയുമായി ഇരുരാജ്യങ്ങള്‍ക്കുമുള്ള വ്യാപാര, നയതന്ത്ര ബന്ധത്തിനു തടയിടാനുള്ള നീക്കമാണിത്. റഷ്യയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തി യുദ്ധത്തില്‍ നിന്നു പിന്തിരിപ്പിക്കാനാണ് റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കു മേല്‍ തീരുവ ചുമത്തിയതെന്നു ട്രംപ് വിശദീകരിച്ചിരുന്നു. അതേസമയം, രാജ്യങ്ങള്‍ക്കുമേല്‍ അധികതീരുവ ചുമത്താന്‍ ട്രംപിന് അവകാശമില്ലെന്ന ഹര്‍ജി അതിവേഗ ബഞ്ചില്‍ പരിഗണിക്കാന്‍ യുഎസ് സുപ്രീം കോടതി തീരുമാനിച്ചു. ഇതിനിടെയാണ് ട്രംപ് വീണ്ടും ഇന്ത്യയെ സുഹൃത്തായി കാണുന്നത്.

പുതിയ വിശദീകരണത്തിന് തലങ്ങള്‍ ഏറെയാണ്. 'ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇന്ത്യയും യുഎസും തുടരുന്നുണ്ടെന്ന് അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്റെ വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ ഒരു അന്തിമ തീരുമാനത്തിലെത്താന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്'- ട്രംപ് കുറിച്ചു.

റഷ്യയ്ക്കെതിരെ രണ്ടാംഘട്ട ഉപരോധം ഏര്‍പ്പെടുത്തുമെന്നും കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉപരോധം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ട്രംപ് തയാറായിരുന്നില്ല. റഷ്യയ്ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് മുന്‍പും മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളെ തുടര്‍ന്ന് പിന്തിരിയുകയായിരുന്നു. സമാധാന ചര്‍ച്ചയില്‍ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്നാണ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നല്‍കിയത്. അതിനിടെയാണ് ഇന്ത്യ യൂറോപ്യന്‍ യൂണിയനുമായി അടുക്കാന്‍ ശ്രമിച്ചത്. ഇത് അമേരിക്കയ്ക്ക് ബദലൊരുക്കാനായിരുന്നു. ഇത് മനസ്സിലാക്കിയാണ് ട്രംപ് ഇന്ത്യന്‍ പക്ഷത്ത് എത്താന്‍ ശ്രമിക്കുന്നത്.

അതിനിടെ, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടപ്പിലാക്കുന്ന തീരുവകളുടെ നിയമസാധുതയെക്കുറിച്ചുള്ള വാദങ്ങള്‍ നവംബറില്‍ കേള്‍ക്കുമെന്ന് യുഎസ് സുപ്രീം കോടതി അറിയിക്കുകയും ചെയ്തു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ പിഴച്ചുങ്കമടക്കം വന്‍ തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് കീഴ്‌ക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതി നേരത്തെ വിധിച്ചതിനെത്തുടന്നാണ് ട്രംപ് യുഎസ് സുപ്രീം കോടതിയെ സമീപിച്ചത്.

റഷ്യയില്‍നിന്നും എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യയ്ക്ക് യുഎസ് 50% തീരുവ ഏര്‍പ്പെടുത്തിയത്. യുക്രെയ്‌നുമായി യുദ്ധം ചെയ്യാന്‍ റഷ്യയുടെ പ്രധാന വരുമാന സ്രോതസ്സ് ഈ പണമാണെന്നാണ് ട്രംപിന്റെ വാദം. പുതിയ തീരുവ പ്രഖ്യാപനത്തോടെ യുഎസ് ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യങ്ങളില്‍ ബ്രസീലിനൊപ്പം ഇന്ത്യ ഒന്നാമതായിരുന്നു. ബ്രസീലിനും 50 ശതമാനം തീരുവയാണ് ചുമത്തുന്നത്. ആദ്യം പ്രഖ്യാപിച്ച അധിക തീരുവ ഓഗസ്റ്റ് ഏഴിനും പിന്നീട് പ്രഖ്യാപിച്ച 25% തീരുവ ഓഗസ്റ്റ് 27നുമാണ് നിലവില്‍ വന്നത്.

Tags:    

Similar News