അതിര്‍ത്തി പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കും; ഇന്ത്യ - ചൈന ബന്ധം ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളത്; ഈ ബന്ധം നിശ്ചയിക്കപ്പെടുന്നത് ഏതെങ്കിലും മൂന്നാം കക്ഷിയുടെ ഇടപെടല്‍ കൊണ്ടല്ല; നിലപാട് വ്യക്തമാക്കി ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷു ഫിയോങ്

അതിര്‍ത്തി പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കും

Update: 2025-09-09 05:25 GMT

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ണായകമായ അഭിപ്രായ സമന്വയത്തിലെത്തിയതായി ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷു ഫിയോങ്. ഡല്‍ഹിയില്‍ സംഘടിപ്പിച്ച രണ്ടാംലോക മഹായുദ്ധത്തിന്റെ എണ്‍പതാം വാര്‍ഷികം സംബന്ധിച്ച സെമിനാറിലാണ് ചൈനീസ് അംബാസഡറുടെ പ്രഖ്യാപനം. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനായി പ്രത്യേക സമിതി രൂപീകരിച്ചെന്നും പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും അദ്ദേഹം വ്യക്തമാകക്ി.

അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി വര്‍ക്കിങ് മെക്കാനിസം ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്‍ഡ് കോര്‍ഡിനേഷന്‍ എന്നൊരു സമിതി ഇരുരാജ്യങ്ങളും ചേര്‍ന്ന് രൂപീകരിച്ചിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. വളരെ പെട്ടെന്ന് പ്രശ്നം പരിഹരിക്കാനുള്ള പാക്കേജാണ് തയ്യാറാക്കുന്നതെന്നും ഷു ഫിയോങ് പറഞ്ഞു.

ഇന്ത്യാ ചൈന ബന്ധം ദീര്‍ഘകാല ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയുള്ളതാണ്. ചെറിയ അഭിപ്രായവ്യത്യാസങ്ങളില്‍ ഊന്നിയുള്ളതല്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏതെങ്കിലും മൂന്നാം കക്ഷിയുടെ ഇടപെടല്‍ കൊണ്ടോ നടപടികള്‍കൊണ്ടോ അല്ല നിര്‍ണയിക്കപ്പെടുന്നത്. പരസ്പരം സഹായിക്കുന്ന, ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന നല്ല അയല്‍ക്കാരും സുഹൃത്തുക്കളുമായിരിക്കുക എന്നതാണ് ഇരുരാജ്യങ്ങള്‍ക്കും ശരിയായ തിരഞ്ഞെടുപ്പ് എന്നും ഷു ഫിയോങ് പറഞ്ഞു.

ഇന്ത്യയും ചൈനയും തമ്മിലുള്ള യഥാര്‍ഥ നിയന്ത്രണരേഖയിലെ തര്‍ക്കങ്ങള്‍ പലതവണ നേരിട്ടുള്ള സംഘര്‍ഷത്തിലേക്കെത്തിയിരുന്നു. ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷമുണ്ടായ നയതന്ത്ര സമ്മര്‍ദ്ദങ്ങളും സൈനിക വിന്യാസങ്ങള്‍ക്കും ശേഷം വിഷയം പരിഹരിക്കാന്‍ ചൈന താത്പര്യം കാണിക്കുന്നുവെന്നതിന്റെ സൂചനയാണ് ചൈനീസ് അംബാസഡറില്‍ നിന്ന് ലഭിക്കുന്നത്.

പരസ്പരം സഹായിക്കുന്ന, ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന നല്ല അയല്‍ക്കാരും സുഹൃത്തുക്കളുമായിരിക്കുക എന്നതാണ് ഇരുരാജ്യങ്ങള്‍ക്കും ശരിയായ തിരഞ്ഞെടുപ്പ്. ഇന്ത്യയിലെ കമ്പനികളോട് ചൈനയില്‍ നിക്ഷേപം നടത്താനും അതുപോലെ ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയിലും അവസരങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

അതേസമയം ഇറക്കുമതിയില്‍ ഇന്ത്യ അമിതമായി ആശ്രയിക്കുന്ന രാജ്യവുമാണ് ചൈന. ചൈന ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യ ചൈനയിലേക്ക് കയറ്റി അയയ്ക്കുന്നതാകട്ടെ വിരലിലെണ്ണാവുന്ന ഉല്‍പന്നങ്ങളും. ചൈന ഇന്ത്യയിലേക്ക് ഒരു വര്‍ഷം 12,048 കോടി ഡോളറിന്റെ കയറ്റുമതി നടത്തുമ്പോള്‍, ഇന്ത്യ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതാകട്ടെ 1800 കോടി ഡോളറിന്റെ ഉല്‍പന്നങ്ങള്‍ മാത്രം. അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യ സമുദ്രോല്‍പന്നങ്ങള്‍ കൂടുതല്‍ കയറ്റി അയയ്ക്കുന്ന രാജ്യം ചൈനയാണ്.

120 കോടി ഡോളറിന്റെ വ്യാപാരം. കോവിഡിനു മുന്‍പ് ഇന്ത്യ വലിയ തോതില്‍ ഇരുമ്പയിര് ചൈനയിലേക്ക് കയറ്റി അയച്ചിരുന്നു. പിന്നീട് ഇന്ത്യ തന്നെ ഇതിനു നിയന്ത്രണമേര്‍പ്പെടുത്തി. ഇന്ത്യയ്ക്കു ചൈനയുമായുള്ള വ്യാപാരത്തില്‍ 9920 കോടിയുടെ കമ്മിയാണുള്ളത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ പുരോഗതി ഉണ്ടായാലും, ഒരു മത്സാരാധിഷ്ഠിത ബന്ധമായിരിക്കുമെന്നാണ് സാമ്പത്തിക, നയതന്ത്ര മേഖലയിലുള്ളവര്‍ പറയുന്നത്.

Tags:    

Similar News