പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്താവന; ഇന്ത്യന്‍ നിലപാടിനെ അംഗീകരിച്ച് ഷാങ്ഹായ് ഉച്ചകോടി; ഭീകരവാദത്തെയും മൗലികവാദത്തെയും ശക്തമായി ചെറുക്കുമെന്നും പ്രസ്താവനയില്‍; 'ഭീകരവാദം മാനവരാശിക്ക് ഭീഷണി'യെന്ന് മോദി വിമര്‍ശിച്ചത് പാക് പ്രധാനമന്ത്രിയെ സദസ്സിലിരുത്തി കൊണ്ട്

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്താവന

Update: 2025-09-01 07:12 GMT

ബെയ്ജിങ്: ഭീകരതയെ അപലപിച്ച് ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന. പഹല്‍ഗാം ഭീകരാക്രമണം പരാമര്‍ശിച്ചുകൊണ്ടുള്ളതാണ് ഉച്ചകോടിയുടെ പ്രസ്താവന. ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണാകമായി മാറി ഈ പ്രസ്താവന. പഹല്‍ഗാം ഭീകരാക്രമണത്തിലെ കുറ്റവാളികളെയും ആസൂത്രകരെയും സ്പോണ്‍സര്‍മാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഭീകരവാദത്തെയും മൗലികവാദത്തെയും ശക്തമായി ചെറുക്കുമെന്നും ഷാങ്ഹായ് സഹകരണ ഉച്ചകോടി പുറത്തിറക്കിയ പ്രമേയത്തില്‍ വ്യക്തമാക്കി.

ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ അംഗീകരിച്ചുകൊണ്ടുള്ളതാണ് പ്രസ്താവന. ഭീകരവാദികളെ കൂലിപ്പട്ടാളക്കാരായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. ഭീകരതയ്ക്കെതിരെ ഇരട്ടത്താപ്പ് പാടില്ല. ഈ വിപത്ത് ചെറുക്കാന്‍ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും, ചെറുക്കപ്പെടേണ്ടതാണെന്നും പ്രമേയത്തില്‍ പറയുന്നു.

പാകിസ്ഥാനില്‍ നടന്ന ട്രെയിന്‍ ആക്രമണവും, ഇറാനു നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണവും ഷാങ്ഹായ് സഹകരണ ഉച്ചകോടി അപലപിച്ചു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ എതിര്‍ത്ത ഉച്ചകോടി, എത്രയും വേഗം വെടിനിര്‍ത്തല്‍ സാധ്യമാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. എസ് സി ഒ അംഗരാജ്യങ്ങള്‍ അംഗീകരിച്ച പ്രമേയത്തില്‍ പാകിസ്ഥാനും ഒപ്പുവെക്കും. ഭീകരവാദമാണ് ഏറ്റവും വലിയ ഭീഷണിയെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലായിരുന്നു നരേന്ദ്രമോദി ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇന്ത്യ തീവ്രവാദത്തിന്റെ ആഘാതം അനുഭവിച്ചുവരികയാണ്. പഹല്‍ഗാമില്‍ തീവ്രവാദത്തിന്റെ ഏറ്റവും മോശമായ അവസ്ഥയാണ് കണ്ടതെന്നും നരേന്ദ്രമോദി പറഞ്ഞു.

ഈയടുത്ത് ഭീകരവാദത്തിന്റെ ഏറ്റവും മോശം രൂപം ഞങ്ങള്‍ പഹല്‍ഗാമില്‍ കണ്ടു. പഹല്‍ഗാം ഭീകരാക്രമണസമയത്ത് ഞങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നവര്‍ക്ക് നന്ദി അറിയിക്കുകയാണ്. ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇരട്ടനിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ല. എല്ലാ രൂപത്തിലും നിറത്തിലുമുള്ള ഭീകരവാദത്തേയും എതിര്‍ക്കണമെന്നും മോദി പറഞ്ഞു.

ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഭാഗമായി നിന്ന് ഇന്ത്യ ഭീകരവാദത്തിനെതിരെ പോരാടുന്നുണ്ട്. അല്‍-ഖ്വായിദ പോലുള്ള സംഘടനകള്‍ക്കെതിരെ ഇത്തരത്തില്‍ പോരാടിയ ചരിത്രം ഇന്ത്യക്കുണ്ടെന്നും മോദി ഓര്‍മിപ്പിച്ചു. എസ്.സി.ഒ അംഗമെന്ന നിലയില്‍ വളരെ പോസിറ്റീവായ റോള്‍ താന്‍ വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉച്ചകോടിക്ക് മുന്‍പായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും ചൈന പ്രസിഡന്റ് ഷി ജിന്‍പിങും നരേന്ദ്രമോദിയും തമ്മില്‍ സൗഹൃദ ചര്‍ച്ച നടന്നു. 10 രാജ്യങ്ങളുടെ ഭരണത്തലവന്മാര്‍ പങ്കെടുക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയ്ക്കാണ് ചൈനയിലെ ടിയാന്‍ജിനില്‍ തുടക്കമായത്.

Tags:    

Similar News