രക്തവും ജലവും ഇനി ഒരുമിച്ചൊഴുകില്ല; അമേരിക്കയിലും കാനഡയിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കും തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം; യൂറോപ്പിലേക്കും അഫ്രിക്കയ്ക്കും അടക്കം പ്രത്യേക ടീമുകളെ സജ്ജമാക്കും; ബ്രിട്ടാസിനേയും സിപിഎം സംഘത്തില്‍ ചേരാന്‍ അനുവദിക്കും; ലോക രാഷ്ട്രങ്ങളെ അറിയിക്കുക തീവ്രവാദത്തിനെതിരായ യുദ്ധം തുടരുമെന്ന സന്ദേശം; പാക്കിസ്ഥാനെതിരെ ഇന്ത്യ ഒറ്റക്കെട്ടാകുമ്പോള്‍

Update: 2025-05-17 01:38 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെയും ഓപറേഷന്‍ സിന്ദൂറിനെയും തുടര്‍ന്നുള്ള നിര്‍ണായക നയതന്ത്ര നീക്കത്തില്‍ ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങ?ളെ ധരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി സംഘത്തെ അയക്കുന്നത് പാക്കിസ്ഥാനെ നയതന്ത്രപരമായി കൂടി തകര്‍ക്കാന്‍. ആറു സംഘങ്ങളാകും ഉണ്ടാവുക. ഇതില്‍ അമേരിക്കയിലേക്കുള്ള സംഘത്തെയാണ് ശശി തരൂര്‍ നയിക്കുക. അമേരിക്കയിലും കാനഡയിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ശശി തരൂരിന്റെ നേതൃത്വത്തിലെ സംഘം സന്ദര്‍ശനം നടത്തും. കോണ്‍ഗ്രസില്‍നിന്ന് ശശി തരൂരിന് പുറമെ മനീഷ് തിവാരി, അമര്‍ സിങ്, സല്‍മാന്‍ ഖുര്‍ശിദ് എന്നിവര്‍ കൂടി സംഘത്തിലുണ്ടാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. 1994ലും പാക്കിസ്ഥാനെതിരെ ഇന്ത്യ ഇത്തരമൊരു നയതന്ത്ര നീക്കം നടത്തിയിരുന്നു. അന്ന് പ്രധാനമന്ത്രി നരസിംഹ റാവും പ്രതിപക്ഷ നേതാവ് എബി വാജ്‌പേയും സംയുക്തമായി ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യയുടെ നയതന്ത്ര നിലപാട് നേരിട്ട് വിശദീകരിച്ചു. 2008ല്‍ മുംബൈ ആക്രമണത്തിന് ശേഷവും സര്‍വ്വ കക്ഷി സംഘം വിദേശത്തേക്ക് പോയി. തുര്‍ന്ന് പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിലേക്ക് കൊണ്ടു വരാനും കഴിഞ്ഞു. സമാന നീക്കമാണ് നടക്കുന്നത്. പാക്കിസ്ഥാനെതിരെ അമേരിക്കയെ ചേര്‍ത്ത് നിര്‍ത്തുക എന്നതാണ് ഇന്ത്യന്‍ നയതന്ത്ര ശ്രമം. ചൈനയിലേക്ക് ഇന്ത്യ പ്രതിസന്ധി സംഘത്തെ അയയ്ക്കുകയുമില്ല. ഇതും ശ്രദ്ധേയമാണ്. തുര്‍ക്കിയിലേക്കും ഇന്ത്യന്‍ സംഘം പോകില്ല.

മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍, സി.പി.എം രാജ്യസഭാ കക്ഷി നേതാവ് ജോണ്‍ ബ്രിട്ടാസ്, മുന്‍ വിദേശകാര്യ സഹമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരന്‍ തുടങ്ങിയവര്‍ കേരളത്തില്‍നിന്ന് സംഘത്തിലുണ്ടാകും. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവാണ് സര്‍വകക്ഷി സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം.പിമാരെ ഇക്കാര്യം നേരില്‍ വിളിച്ചറിയിച്ചത്. അസദുദ്ദീന്‍ ഉവൈസി (എ.ഐ.എം.ഐ.എം), സുദീപ് ബന്ദോപാധ്യായ (തൃണമൂല്‍), കനിമൊഴി (ഡി.എം.കെ), സഞ്ജയ് ഝാ (ജെ.ഡി.യു), പ്രിയങ്ക ചതുര്‍വേദി (ശിവസേന ഉദ്ധവ് താക്കറെ), വിക്രംജിത് സാഹ്നി (ആം ആദ്മി പാര്‍ട്ടി), സുസ്മിത് പത്ര (ബിജു ജനതാദള്‍), സുപ്രിയ സുലെ (എന്‍.സി.പി ശരത് പവാര്‍) എന്നിവരും ഇന്ത്യക്കായുള്ള നയതന്ത്ര ദൗത്യത്തിനുണ്ട്. ദക്ഷിണ കൊറിയ, ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള സംഘത്തെ സല്‍മാന്‍ ഖുര്‍ശിദും യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള സംഘത്തെ മനീഷ് തിവാരിയും നയിക്കുമെന്നും ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ സംഘങ്ങളും ഒരുമിച്ച് ചര്‍ച്ച ചെയ്ത് പൊതു നയമുണ്ടാകും. ഈ നയരൂപീകരണത്തില്‍ ശശി തരൂരിന്റെ അഭിപ്രായങ്ങളും കേന്ദ്രം പരിഗണിക്കും. ഇന്ത്യ ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കാനാണ് നീക്കം. ജോണ്‍ ബ്രിട്ടാസിനെ അയയ്ക്കാന്‍ സിപിഎമ്മും തയ്യാറാകും. ഇങ്ങനെ രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശമാകും ഇതിലൂടെ ഏല്ലാ പാര്‍ട്ടികളും ലോകത്തിന് നല്‍കുക.

5 മുതല്‍ 6 എംപിമാര്‍ അടങ്ങുന്ന സംഘത്തെയാണ് യുഎസ്, യുകെ, ദക്ഷിണാഫ്രിക്ക, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അയക്കുക. പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ആണ് സംഘത്തെ ഏകോപിപ്പിക്കുന്നത്. ഇതിനകം എംപിമാര്‍ക്ക് ക്ഷണക്കത്തും അയച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിനെ പറ്റിയും ഇന്ത്യയുടെ നിലപാടിനെ പറ്റിയും സംഘം വിദേശ പ്രതിനിധികളെ അറിയിക്കും. പാക്കിസ്ഥാന്‍ ഭീകരത വളര്‍ത്തുന്ന രാജ്യമാണ്, എന്തുകൊണ്ട് ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയ്ക്ക് വേണ്ടി വന്നു, പഹല്‍ഗാം ഭീകരാക്രമണമാണ് ഇന്ത്യയുടെ പ്രത്യാക്രമണത്തിന് വഴിയൊരുക്കിയചത്, ഇത്തരം ആക്രമണങ്ങള്‍ പാകിസ്താന്റെ ഭാഗത്തു നിന്ന് ഉണ്ടായാല്‍ തിരിച്ചടി തീര്‍ച്ചയായും ഉണ്ടാകും തുടങ്ങിയ കാര്യങ്ങളായിരിക്കും ഇന്ത്യന്‍ പ്രതിനിധി സംഘം ലോക രാഷ്ട്രങ്ങളെ ധരിപ്പിക്കുക. എന്തുകൊണ്ട് സിന്ധു നദീജല കരാറില്‍ നിന്നും പിന്മാറിയെന്നും വിശദീകരിക്കും. രക്തവും ജലവും ഇനി ഒരുമിച്ചൊഴുകില്ലെന്നും ലോക രാഷ്ട്രങ്ങളെ ഇന്ത്യ അറിയിക്കും. പ്രതിപക്ഷ നിരയിലുള്ളവരെ സംഘത്തെ നയിക്കാന്‍ നിയോഗിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്.

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാക് ഭീകരത ലോകത്തിന് മുന്നില്‍ തുറന്നു കാട്ടാന്‍ വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പാക്കിസ്ഥാനില്‍ നിന്ന് ഉയര്‍ന്നു വരുന്ന ഭീകരതയെ കുറിച്ച് അന്താരാഷ്ട്ര സമൂഹത്തെ ബോദ്ധ്യപ്പെടുത്തുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിനെതിരെ സഖ്യം കെട്ടിപ്പടുക്കുന്നതിനാണ് സര്‍ക്കാരിന്റെ ശ്രമം. ഓപ്പറേഷന്‍ സിന്ദൂറിന്റെ ആവശ്യകതയെയും പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് പങ്കുവയ്ക്കുന്നതിന് വിദേശ രാജ്യങ്ങളുമായും ആഗോള പ്രമുഖരുമായും മാദ്ധ്യമങ്ങളുമായും പ്രതിനിധി സംഘം ആശയവിനിമയം നടത്തും. ഈ പരിപാടിയുടെ ഭാഗമാകുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ദേശീയ താത്പര്യത്തിനൊപ്പമാണെന്നും ദേശീയതയെ രാഷ്ട്രീയവത്കരിക്കുന്ന ബി.ജെ.പി നിലപാടിനെയാണ് എതിര്‍ക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു. ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി സംസാരിച്ചതായും ജയറാം രമേഷ് വ്യക്തമാക്കി.

ഏപ്രില്‍ 22ന് കാശ്മീരിലെ പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ മരിച്ചിരുന്നു. ഇതിന് തിരിച്ചടിയായി മേയ് ഏഴിന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ ഒന്‍പത് ഭീകരകേന്ദ്രങ്ങളും നൂറിലധികം ഭീകരരെയും കൊലപ്പെടുത്തി.

Tags:    

Similar News