തലയില്‍ വെടിയേല്‍ക്കുന്നതിന് മുമ്പ് കൈത്തണ്ട മുറിച്ചുമാറ്റി; രക്തസ്രാവം ഉണ്ടായി; യഹിയ സിന്‍വറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; തലവന്‍ പോയതോടെ പകരക്കാരനെ കണ്ടെത്താന്‍ ആകാതെ ഹമാസ്; മുഹമ്മദ് സിന്‍വറിന് സാധ്യത; വെടിനിര്‍ത്തല്‍ സാധ്യത തേടി അവശേഷിക്കുന്ന ഹമാസ്

തലയില്‍ വെടിയേല്‍ക്കുന്നതിന് മുമ്പ് കൈത്തണ്ട മുറിച്ചുമാറ്റി

Update: 2024-10-19 06:23 GMT

ജെറുസലേം: ഹമാസ് നേതാവ് യഹിയ സിന്‍വറിന്റെ അന്ത്യം തീര്‍ത്തും ദയനീയമായിരുന്നു. പേടിച്ചരണ്ട് ഒളിച്ചോടിയ സിന്‍വറിനെ ഷെല്ലുകള്‍ അയച്ചാണ് കൊലപ്പെടുത്തിയത്. അതേസമയം സിന്‍വറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. തലയില്‍ വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മുമ്പ് കൈത്തണ്ട മുറിച്ച് മാറ്റിയെന്നും രക്തസ്രാവം ഉണ്ടായെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്ന കാര്യം.

തലയില്‍ വെടിയേറ്റ് മരിക്കുന്നതിനിടയില്‍ മറ്റ് ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചിരുന്നതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 61 കാരനായ ഹമാസ് തലവനെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. വിരല്‍ മുറിച്ച് പരിശോധനയ്ക്ക് അയച്ചു. തലയില്‍ വെടിയേറ്റാണ് യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒക്ടോബര്‍ 17 വ്യാഴാഴ്ചയാണ് ഇസ്രയേല്‍ സൈന്യം ഹമാസ് നേതാവിനെ കൊലപ്പെടുത്തിയ വിവരം പുറത്തുവിടുന്നത്.

1200ലധികം പേര്‍ കൊല്ലപ്പെടുന്നതിന് കാരണമായ ഇസ്രയേല്‍ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു സിന്‍വര്‍. സിന്‍വര്‍ കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പുള്ള നിമിഷങ്ങളുടെ വീഡിയോ ഇസ്രയേല്‍ സൈന്യം പുറത്തു വിട്ടിരുന്നു. തനിക്ക് നേരെ പറന്നു വന്ന ഡ്രോണിന് നേരെ സോഫയില്‍ അവശനായിരിക്കുന്ന ഇയാള്‍ വടിയെറിയുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

അതേസമയം ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട യഹിയ സിന്‍വറിന് പകരമായി പുതിയ നേതാവിനെ തിരയുകയാണ് ഹമാസ്. യഹിയ സിന്‍വറിന്റെ സഹോദരന്‍ മുഹമ്മദ് സിന്‍വര്‍ ഈ സ്ഥാനം ഏറ്റെടുത്തേക്കുമെന്നാണ് സൂചന. ഇത് കൂടാതെ മാറ്റ് പേരുകളും പരിഗണിക്കുന്നുണ്ട്. മൂന്ന് മാസത്തിനിടെ രണ്ട് ഉന്നത നേതാക്കളെയാണ് ഹമാസിന് നഷ്ടമായത്. ഹമാസിന്റെ മുന്‍ മേധാവി ഇസ്മായില്‍ ഹനിയ ഇക്കഴിഞ്ഞ ജൂലൈയില്‍ ഇറാനില്‍ വച്ചാണ് കൊല്ലപ്പെടുന്നത്. പിന്നാലെയാണ് യഹിയ സിന്‍വര്‍ സ്ഥാനം ഏറ്റെടുക്കുന്നത്.

49കാരനായ മുഹമ്മദ് സിന്‍വര്‍ ഹമാസിന്റെ മുഖ്യ കമാന്‍ഡര്‍മാരില്‍ ഒരാളാണ്. ഇസ്രായേലിനെതിരെ ഹമാസിന്റെ യുദ്ധം നയിക്കുക എന്നതിന് പുറമെ ഇറാന്റേയും, ഖത്തറിന്റേയും കൂടി താത്പര്യങ്ങള്‍ പരിഗണിക്കുന്ന വ്യക്തിയെ ആകും നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മുഹമ്മദ് സിന്‍വറിന് പുറമെ ഹമാസിന്റെ രാഷ്ട്രീയവിഭാഗം തലവന്‍ ഖാലിദ് മിശ്അല്‍, യഹിയ സിന്‍വറിന്റെ സഹായി ഖലീല്‍ അല്‍ ഹയ്യ, മൂസ അബു മന്‍സുഖ്, മുഹമ്മദ് അല്‍ സഹര്‍ എന്നിവരുടെ പേരുകളും ഉയര്‍ന്ന് വരുന്നുണ്ട്.

ഭീകരസംഘടനയായിരുന്ന മുസ്ലീം ബ്രദര്‍ഹുഡിന്റെ സ്ഥാപകനേതാക്കളിലൊരാളായ മൂസ അബു മുന്‍സുഖ് ഹമാസിന്റെ നേതൃസ്ഥാനത്ത് എത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയുമായി ബന്ധപ്പെട്ടാണ് ഇയാളുടെ പ്രവര്‍ത്തനം. ഉന്നത തീരുമാനമെടുക്കാന്‍ അധികാരമുള്ള ഷൂറ കൗണ്‍സിലാകും പുതിയ തലവന്റെ പേര് തീരുമാനിക്കുന്നത്.

അതേസമയം സിന്‍വറിന്റെ മരണം പോരാട്ടങ്ങള്‍ക്ക് കരുത്തേകുമെന്നും ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്നുമാണ് ഹമാസ് അഭിപ്രായപ്പെട്ടത്. എങ്ങനെയെങ്കിലും വെടിനിര്‍ത്തല്‍ സാധ്യതയാണ് അവശേഷിക്കുന്ന ഹമാസ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന്റെ സൂത്രധാരനാണ് യഹിയ സിന്‍വര്‍ എന്ന് കരുതപ്പെടുന്നു. 1962ല്‍ ദക്ഷിണ ഗാസയിലെ ഖാന്‍ യൂനിസിലെ അഭയാര്‍ഥി ക്യാമ്പിലാണ് യഹിയ സിന്‍വര്‍ ജനിച്ചത്. 1980കളുടെ തുടക്കത്തില്‍ മുസ്ലിം ബ്രദര്‍ഹുഡില്‍ സജീവമായി. ഹമാസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗമായ അല്‍മജ്ദിന്റെ സ്ഥാപകരില്‍ പ്രധാനിയായിരുന്നു.

1988ല്‍ രണ്ട് ഇസ്രയേലി സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സിന്‍വറിന് നാല് ജീവപര്യന്തമാണ് ഇസ്രയേല്‍ വിധിച്ചത്. 1988ല്‍ തന്റെ 26-ാം വയസില്‍ ജയില്‍വാസം ആരംഭിച്ച സിന്‍വര്‍ 22 വര്‍ഷത്തിനുശേഷം 2011ലാണ് മോചിതനായത്. ഒരു ഇസ്രയേലി സൈനികന് പകരമായി സിന്‍വര്‍ ഉള്‍പ്പെടെ 1,027 തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കുകയായിരുന്നു. ഇസ്രയേലിനായി ചാരപ്രവൃത്തി ചെയ്യുന്നെന്ന് സംശയിക്കുന്ന പലസ്തീന്‍കാരെ സിന്‍വറിന്റെ നേതൃത്വത്തില്‍ ദയാരഹിതമായി ശിക്ഷിച്ചിരുന്നു.

അതേസമയം ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റെ രക്തസാക്ഷിത്വം ഇസ്രയേലിനെതിരായ ചെറുത്തുനില്‍പ് ശക്തിപ്പെടുത്തുമെന്ന് ഇറാന്‍ പ്രതികരിച്ചു. പലസ്തീന്‍ വിമോചനത്തിനായി സിന്‍വര്‍ നടത്തിയ പോരാട്ടം യുവാക്കള്‍ക്കും കുട്ടികള്‍ക്കും മാതൃകയാണ്. അധിനിവേശവും ആക്രമണവും നിലനില്‍ക്കുന്നിടത്തോളം പ്രതിരോധവും നിലനില്‍ക്കുമെന്നും ഇറാന്‍ സൈന്യം എക്സില്‍ കുറിച്ചു.

Tags:    

Similar News