ഗാസ സിറ്റി പിടിച്ചടക്കാനുള്ള ഇസ്രായേല്‍ തന്ത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു; ഗാസയിലെ പലസ്തീനികളെ ആഫ്രിക്കന്‍ രാജ്യമായ ദക്ഷിണ സുഡാനില്‍ പുനരധിവസിപ്പിക്കാന്‍ നീക്കം; സാധ്യതകള്‍ ആരാഞ്ഞ് ചര്‍ച്ചകളുമായി ഇസ്രായേല്‍; ട്രംപ് പച്ചക്കൊടി കാട്ടിയാല്‍ കളത്തിലിറങ്ങാന്‍ തക്കം പാര്‍ത്ത് ഇസ്രായേല്‍

ഗാസ സിറ്റി പിടിച്ചടക്കാനുള്ള ഇസ്രായേല്‍ തന്ത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു

Update: 2025-08-14 12:41 GMT

ടെല്‍ അവീവ്: ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകാന്‍ ഒരുങ്ങി ഇസ്രായേല്‍. ഇതിനായി പല വിധത്തിള്ള പദ്ധതികള്‍ അണിയറയില്‍ തയ്യാറാണെന്നാണ് നേരത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയത്. ഹമാസിനെ നിരായുധീകരിക്കുക, ജീവനോടെയുള്ളതോ മരിച്ചവരോ ആയ എല്ലാ ബന്ദികളെയും മടക്കി കൊണ്ടുവരിക, ഗാസയെ സൈനിക മുക്തമാക്കുക, ഗാസയില്‍ ഇസ്രയേലിന്റെ സൈനിക നിയന്ത്രണം, പലസ്തീനോ ഹമാസോ ഇല്ലാത്ത സിവില്‍ അഡ്മിനിസ്ട്രേഷന്‍ ഗാസയില്‍ രൂപീകരിക്കും എന്നിവയാണ് ഇസ്രായേല്‍ സുരക്ഷാ കാബിനറ്റ് അംഗീകരിച്ചിരിക്കുന്ന പദ്ധതികള്‍.

എന്നാല്‍ അതിന് അപ്പുറത്തേക്കും ചില കാര്യങ്ങള്‍ക്് ഇസ്രായേല്‍ ഒരുങ്ങുന്നു എന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നകാര്യം. ഹമാസിനെതിരായ 22 മാസത്തെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയില്‍നിന്ന് പലസ്തീനികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇസ്രായേലിന്റെ അണിയറയില്‍ എന്നാണ് റിപ്പോര്‍ട്ട്. ഇവരെ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ദക്ഷിണ സുഡാനില്‍ പുനരധിവസിപ്പിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ഇസ്രയേല്‍ ചര്‍ച്ചകള്‍ നടത്തിവരുന്നതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ വിഷയവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ള ചിലര്‍ വാര്‍ത്താ ഏജന്‍സിയാ എ.പിയോട് ഇക്കാര്യം സ്ഥിരീകരിച്ചതായാണ് വിവരം. ചര്‍ച്ചകള്‍ എത്രത്തോളം മുന്നോട്ടുപോയിട്ടുണ്ട് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. പക്ഷേ പദ്ധതി നടപ്പായാല്‍, അത് മനുഷ്യാവകാശ ആശങ്കകള്‍ ഉയര്‍ത്തുന്ന പ്രശ്നമാകും. ക്ഷാമഭീഷണി നേരിടുന്ന യുദ്ധം തകര്‍ത്ത ഒരു പ്രദേശത്തുനിന്ന് അത്തരത്തിലുള്ള മറ്റൊരു പ്രദേശത്തേക്ക് ആളുകളെ മാറ്റുന്നത് എത്രത്തോളം മോശമായ സാഹചര്യത്തിലേക്ക് ആളുകളെ തള്ളിവിടും എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.

നേരത്തെ ഗാസയെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്നതായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ഗാസയുടെ എഐ ചിത്രം അടക്കം ട്രംപ് പുറത്തുവിട്ടിരുന്നു. ട്രംപിന്റെ ആഗ്രഹത്തിന്റെ ചുവടുപിടിച്ചാണ് ഇസ്രായേല്‍ കരുനീക്കങ്ങളുമായി നീങ്ങുന്നത്. ഗാസയിലെ ഭൂരിഭാഗം ജനങ്ങളെയും മാറ്റിപ്പാര്‍പ്പിക്കുക എന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കുന്നത്.

'സ്വമേധയാ ഉള്ള കുടിയേറ്റം' എന്നാണ് നെതന്യാഹു ഇതിനെ വിശേഷിപ്പിക്കുന്നത്. സമാനമായ പുനരധിവാസ നിര്‍ദ്ദേശങ്ങള്‍ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഇസ്രയേല്‍ നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. 'എനിക്കറിയാവുന്ന യുദ്ധനിയമങ്ങള്‍ അനുസരിച്ച് പോലും, ചെയ്യേണ്ട ശരിയായ കാര്യം ജനങ്ങളെ അവിടം വിട്ടുപോകാന്‍ അനുവദിക്കുക, തുടര്‍ന്ന് അവിടെ അവശേഷിക്കുന്ന ശത്രുവിനെതിരെ സര്‍വ്വശക്തിയുമെടുത്ത് പോരാടുക എന്നതാണ്.' ഇസ്രയേലി ടിവി സ്റ്റേഷനായ ശ24ന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു. അഭിമുഖത്തില്‍ അദ്ദേഹം ദക്ഷിണ സുഡാനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല.

അതേസമയം, അന്താരാഷ്ട്ര നിയമം ലംഘിച്ചുകൊണ്ടുള്ള നിര്‍ബന്ധിത പുറത്താക്കലിന്റെ രൂപരേഖയാണിതെന്ന് ചൂണ്ടിക്കാട്ടി പലസ്തീനികളും മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര സമൂഹത്തിലെ ഭൂരിഭാഗവും നെതന്യാഹുവിന്റെ ഈ നിര്‍ദ്ദേശങ്ങളെ തള്ളിക്കളഞ്ഞു. ദക്ഷിണ സുഡാനെ സംബന്ധിച്ചിടത്തോളം, മിഡില്‍ ഈസ്റ്റിലെ എതിരില്ലാത്ത സൈനിക ശക്തിയായി നിലകൊള്ളുന്ന ഇസ്രയേലുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ ഈ കരാര്‍ സഹായിക്കും. ഫെബ്രുവരിയില്‍ ഗാസയിലെ ജനങ്ങളെ പുനരധിവസിപ്പിക്കാമെന്ന ആശയം ട്രംപ് മുന്നോട്ടുവെച്ചിരുന്നുവെങ്കിലും പതിയെ അതില്‍നിന്നു പിന്നോട്ട് പോവുകയായിരുന്നു.

ഔദ്യോഗിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ദക്ഷിണ സുഡാനില്‍ എത്തുന്നുണ്ടെന്നും എന്നാല്‍ പലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇസ്രയേല്‍ ഉപ വിദേശകാര്യ മന്ത്രി ഷാരന്‍ ഹസ്‌കലിന്റെ ഓഫീസ് അറിയിച്ചു. അതേസമയം, പലസ്തീനികളെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് ഇസ്രയേലുമായി ചര്‍ച്ചകള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് ദക്ഷിണ സുഡാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള തീരുമാനത്തില്‍ കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നിരുന്നത്. ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. അതേസമയം ഗാസ സിറ്റി ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് രംഗത്തുവന്നിരുന്നു. ഈ തീരുമാനം ദുരന്തമാണെന്നായിരുന്നു ലാപിഡിന്റെ പ്രതികരണം. ഗാസ സിറ്റി ഏറ്റെടുക്കാനുള്ള തീരുമാനം കൂടുതല്‍ ബന്ദികളുടെയും സൈനികരുടെയും മരണത്തിലേയ്ക്ക് നയിക്കുമെന്നും രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണമാകുമെന്നും ലാപിഡ് കൂട്ടിച്ചേര്‍ത്തു. എന്താണോ ഹമാസിന് ആവശ്യമുണ്ടായിരുന്നത് അതിലേയ്ക്ക് ഇസ്രയേല്‍ പ്രധാനമന്ത്രിയെ വലിച്ചടുപ്പിച്ചു എന്നായിരുന്നു വലത് തീവ്രവിഭാഗത്തില്‍ നിന്നുള്ള മന്ത്രിമാരായ ഇറ്റാമര്‍ ബെന്‍ ഗ്വിന്റെയും ബെസലേല്‍ സ്മോട്രിച്ചിന്റെയും പ്രതികരണം.

Tags:    

Similar News