'ഞങ്ങള്‍ ഒരു ആണവ സംഘര്‍ഷം അവസാനിപ്പിച്ചു; ഇന്ത്യാ-പാക് സംഘര്‍ഷം ആണവ യുദ്ധത്തിലേക്ക് നീങ്ങുമായിരുന്നു; ദശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുമായിരുന്നു'; വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്കും നന്ദി പറഞ്ഞ് അവകാശവാദത്തില്‍ ഉറച്ച് ട്രംപ്; കിരാന ഹില്‍സിലെ പാക് ആണവകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ മിസൈലുകള്‍ എത്തിയെന്ന് തന്നെ സൂചന

'ഞങ്ങള്‍ ഒരു ആണവ സംഘര്‍ഷം അവസാനിപ്പിച്ചു

Update: 2025-05-12 14:38 GMT

വാഷിങ്ടണ്‍: ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ ധാരണയ്ക്കായി ഇടപെട്ടെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ അക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ട്രംപ് രംഗത്തുവന്നു. ഇന്ത്യാ-പാക് സംഘര്‍ഷം ആണവ യുദ്ധത്തിലേക്ക് നീങ്ങുമായിരുന്നു. ആ ആണവ യുദ്ധത്തിന്റെ തന്റെ ഭരണകൂടത്തിന്റെ ഇടപെടലില്‍ ഇല്ലാതാക്കിയെന്നാണ് ട്രംപ് അവകാശപ്പെട്ടിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഞങ്ങള്‍ ഒരു ആണവ സംഘര്‍ഷം അവസാനിപ്പിച്ചു എന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇന്ത്യാ -പാക് സംഘര്‍ഷം മോശം ആണവയുദ്ധമാകുമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ അത് ശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുന്ന സ്ഥിതിവിശേഷത്തിന് ഇടയാക്കുമായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി. ഈ വിഷയത്തില്‍ ഇടപെട്ട വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്കും അവരുടെ പ്രവര്‍ത്തനത്തിന് നന്ദി പറയുന്നുവെന്നും ട്രംപ് വ്യക്തമാക്കി.

ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ പൂര്‍ണ്ണ വെടിനിര്‍ത്തല്‍ സാധ്യമായത് തന്‌റെ ഭരണകൂടത്തിന്റെ ഫലമായിട്ടായിരുന്നു. ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യങ്ങള്‍ തമ്മിലെ സംഘര്‍ഷങ്ങള്‍ അപകടകരമായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി. ഇരു രാജ്യങ്ങളുമായി വ്യാപാര ചര്‍ച്ചകളിലേക്ക് കടക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ നത്തുകയാണ്. അധികം താമസിയാതെ പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

നേരത്തെ പഹല്‍ഗാം ഭീകരാക്രമണത്തെ ചൊല്ലി ഉടലെടുത്ത രൂക്ഷമായ സംഘര്‍ഷം പരിഹരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തിയ സംഘര്‍ഷം അവസാനിച്ചതില്‍ സന്തോഷമുണ്ടെന്നും കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ വേണമെങ്കില്‍ ഇടപെടാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

'ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ്, നിലവിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കരുത്തരായ നേതാക്കള്‍ എടുത്ത തീരുമാനത്തിലും പരസ്പരധാരണയിലും തനിക്ക് അഭിമാനമുണ്ട്. നിരപരധികള്‍ നിരവധി കൊല്ലപ്പെട്ടേനെ. നിങ്ങളുടെ ശക്തമായ തീരുമാനങ്ങളിലൂടെയാണ് പെരുമ ഉയരുന്നത്. ചരിത്രപരവും ധീരവുമായ ഈ തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ ഇരുരാജ്യങ്ങളെയും സഹായിക്കാനായതില്‍ അമേരിക്കയ്ക്ക് അഭിമാനവും സന്തോഷവുമുണ്ട്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാരബന്ധങ്ങള്‍ വര്‍ധിപ്പിക്കാനും യുഎസ് ആഗ്രഹിക്കുന്നു. ചിരകാലപ്പഴക്കമുള്ള കശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കാനും വേണമെങ്കില്‍ ഇടപെടാം' എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.

ശനിയാഴ്ച വൈകുന്നേരമാണ് ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്ന വാര്‍ത്ത യുഎസ് പ്രസിഡന്റ് സമൂഹമാധ്യമ പോസ്റ്റിലൂടെ പുറത്തുവിട്ടത്. യുഎസിന്റെ ഇടപെടലിലാണ് പ്രശ്‌ന പരിഹാരം ഉണ്ടായതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ അവകാശവാദം നിഷേധിച്ച ഇന്ത്യ, പാക്കിസ്ഥാനുമായി നേരിട്ടുള്ള ചര്‍ച്ചയിലാണ് തീരുമാനമെന്ന് വ്യക്തമാക്കി. അതിനിടെ കിരാന ഹില്‍സില്‍ ഇന്ത്യന്‍ മിസൈലുകള്‍ എത്തിയെന്ന സൂചനയാണ് ട്രംപിന്റെ പ്രതികരണത്തില്‍ വ്യക്തമായത്. പാകിസ്ഥാന്റെ ആണവ സംഭരണ കേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചുവെന്ന പ്രചാരണങ്ങളെ ഇന്ത്യ ഔദ്യോഗികമായി തള്ളിയിരുന്നു.

'കിരാന കുന്നുകളില്‍ ഞങ്ങള്‍ ആക്രമണം നടത്തിയിട്ടില്ല,' സൈനിക തലവന്മാരുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിനിടെ എയര്‍ മാര്‍ഷല്‍ എ കെ ഭാരതി പറഞ്ഞു. ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്റെ 'ആണവ സംഭരണ' കേന്ദ്രങ്ങളെ ലക്ഷ്യം വച്ചോ എന്നതിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയയിലെയും രാജ്യാന്തര മാധ്യമങ്ങളിലെയും പ്രചരിക്കുന്ന കാര്യങ്ങളെയാണ് എയര്‍മാര്‍ഷല്‍ തള്ളിക്കളഞ്ഞത്.

'കിരാന ഹില്‍സില്‍ പാകിസ്ഥാന്‍ ആണവായുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ഞങ്ങളോട് പറഞ്ഞതിന് നന്ദി, അവിടെ എന്തുതന്നെയായാലും. ഞങ്ങള്‍ കിരാന കുന്നുകളില്‍ ആക്രമണം നടത്തിയിട്ടില്ല. ഞങ്ങള്‍ ആക്രമിച്ചതായി ഞങ്ങള്‍ നിങ്ങളോട് പറഞ്ഞ ലക്ഷ്യങ്ങളുടെ പട്ടികയില്‍ അത് ഉണ്ടായിരുന്നില്ല'- ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തിനിടെ ഇന്ത്യ പാകിസ്ഥാന്റെ ആണവ സംഭരണ കേന്ദ്രത്തില്‍ ആക്രമണം നടത്തിയോ എന്ന ചോദ്യത്തിന് മറുപടിയായി എയര്‍ മാര്‍ഷല്‍ എ കെ ഭാരതി പറഞ്ഞു.

സര്‍ഗോധ വ്യോമതാവളത്തിന് സമീപമുള്ളതും ഒരുപക്ഷേ 'ആണവായുധങ്ങള്‍ സൂക്ഷിക്കുന്നതുമായ' പാകിസ്ഥാനിലെ കിരാന കുന്നുകളില്‍ ഇന്ത്യ എങ്ങനെ ആക്രമണം നടത്തിയെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുകയാണ്. പാകിസ്ഥാനില്‍ തുടര്‍ച്ചയായി ഉണ്ടായ ഭൂചലനങ്ങളെയും ഇതുമായി ബന്ധിപ്പിച്ചാണ് പല ഊഹാപോഹങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിനുശേഷവും സര്‍ഗോധ വ്യോമതാവളത്തില്‍ ആക്രമണം നടത്തിയതായി ഇന്ത്യ സ്ഥിരീകരിച്ചതിനുശേഷവും ഊഹാപോഹങ്ങള്‍ കൂടുതല്‍ ശക്തമായി. ആണവ ചോര്‍ച്ചകള്‍ പരിശോധിക്കുന്നതിനായി, യുഎസില്‍ നിന്നും ഈജിപ്തില്‍ നിന്നുമുള്ള വിമാനങ്ങള്‍ പാകിസ്ഥാനില്‍ എത്തിയെന്ന രീതിയില്‍ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പോലും ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രചരിപ്പിച്ചു.

ഇന്ത്യയുടെ പോരാട്ടം ഭീകരതയ്‌ക്കെതിരെയാണെന്നും പാകിസ്ഥാന്റെ സൈന്യത്തിനോ സാധാരണക്കാര്‍ക്കോ എതിരല്ലെന്നും എയര്‍ മാര്‍ഷല്‍ ഭാരതി ആവര്‍ത്തിച്ചു. തുര്‍ക്കി ഡ്രോണുകള്‍, ചൈനീസ് വികസിപ്പിച്ച മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവ ഉപയോഗിച്ച് ഇന്ത്യന്‍ നഗരങ്ങളെയും സൈനിക വിഭാഗങ്ങളെയും ആക്രമിക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാന്റെ വ്യോമസേനാ താവളങ്ങള്‍ ആക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങളുടെ പോരാട്ടം തീവ്രവാദികളോടും അവരുടെ പിന്തുണയുള്ള അടിസ്ഥാന സൗകര്യങ്ങളോടും ആയിരുന്നു, പാകിസ്ഥാന്‍ സൈന്യവുമായല്ല എന്ന് ഞങ്ങള്‍ ആവര്‍ത്തിച്ചു. എന്നിരുന്നാലും, പാകിസ്ഥാന്‍ സൈന്യം തീവ്രവാദികള്‍ക്കായി പോരാടാന്‍ തീരുമാനിച്ചത് ഖേദകരമാണ്, ഇത് ഞങ്ങളെ അതേ രീതിയില്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതരാക്കി,' അദ്ദേഹം പറഞ്ഞു.

പാകിസ്താന്റെ സുപ്രധാനമായ ആണവായുധ കേന്ദ്രത്തിന് അടുത്തുവരെ ഇന്ത്യയുടെ മിസൈലുകള്‍ പതിച്ചുവെന്ന വിധത്തിലാണ് വാര#്ത്തകള്‍ വന്നത്. പാകിസ്താന്റെ വ്യോമതാവളങ്ങളും സൈനിക കേന്ദ്രങ്ങളും അതിന്റെ അടിസ്ഥാന സൗകര്യങ്ങളുമാണ് ഇന്ത്യയുടെ ആക്രമണത്തില്‍ തകര്‍ന്നത്. ഇതിനൊപ്പം തന്ത്രപ്രധാനമായ ആണവായുധങ്ങള്‍ സൂക്ഷിച്ചിരുന്ന വ്യോമതാവളത്തിന്റെ റണ്‍വേയടക്കം ഇന്ത്യയുടെ ആക്രമണത്തില്‍ തകര്‍ന്നു. ഇതിന് ഏതാനും ചെറിയ ദൂരത്ത് മാത്രമാണ് പാക് ആണവായുധങ്ങളുണ്ടായിരുന്നത്. തലനാരിഴയ്ക്കാണ് പാകിസ്താന്‍ ആണവ ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടതെന്നാണ് വാര്‍ത്തകള്‍.

പാകിസ്താന്റെ 11 തന്ത്രപ്രധാനമായ കേന്ദ്രങ്ങളാണ് ഇന്ത്യ ആക്രമിച്ച് തകര്‍ത്തത്. റഫിഖി, മുരിദ്, നൂര്‍ ഖാന്‍, റഹിം യാര്‍ ഖാന്‍, സുക്കുര്‍, ചുനിയന്‍, പസ്രുര്‍, സിയാല്‍കോട്ട് തുടങ്ങിയ വ്യോമതാവളങ്ങളാണ് ഇന്ത്യയുടെ പ്രഹരത്തില്‍ സാരമായി നാശനഷ്ടങ്ങള്‍ നേരിട്ടത്. പാകിസ്താന്റെ പടിഞ്ഞാറന്‍ മേഖലയിലെ വ്യോമശേഷി ഇന്ത്യയുടെ ആക്രമണത്തോടെ ദുര്‍ബലമായി. ഇതില്‍ ചക്ലയിലെ നൂര്‍ ഖാന്‍ വ്യോമതാവളത്തിന് നേരെയും ഇന്ത്യ വിജയകരമായി ആക്രമണം നടത്തിയതോടെയാണ് പാകിസ്താന്‍ വിരണ്ടത്. പാകിസ്താന്‍ വ്യോമസേനയുടെ ചരക്ക് വിമാനമായ സി-130 ഹെര്‍കുലീസ്, ഐഎല്‍-78 എന്ന യുദ്ധവിമാനങ്ങള്‍ക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാനുള്ള വിമാനം എന്നിവയുള്ളത്. ഇതിനേക്കാള്‍ പ്രധാനമെന്തെന്നാല്‍ പാകിസ്താന്റെ ആണവായുധങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രാറ്റജിക് പ്ലാന്‍ ഡിവിഷന്‍ ഇതിന് തൊട്ടടുത്തായിരുന്നുവെന്നതാണ്.

Tags:    

Similar News