യൂറോപ്പില്‍ പടര്‍ന്ന് പിടിക്കുന്ന കുടിയേറ്റ വിരുദ്ധ വികാരം അയര്‍ലാന്‍ഡിലും എത്തി; തെരുവില്‍ ഇറങ്ങിയത് പതിനായിരങ്ങള്‍; അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന് സമീപമുള്ള ലക്ഷങ്ങള്‍ വിലയുള്ള വീടുകളുടെ വില ഇടിഞ്ഞു
യൂറോപ്പില്‍ പടര്‍ന്ന് പിടിക്കുന്ന കുടിയേറ്റ വിരുദ്ധ വികാരം അയര്‍ലാന്‍ഡിലും എത്തി
ഡബ്ലിന്‍: കുടിയേറ്റത്തിനെതിരെ ജനവികാരം വ്യാപകമാവുകയാണ് യൂറോപ്പില്‍. ഏറ്റവും അവസാനമായി കുടിയേറ്റ വിരുദ്ധ പ്രതികരണം ദൃശ്യമായത് അയര്‍ലന്‍ഡില്‍. തലസ്ഥാനമായ ഡബ്ലിനിലെ സിറ്റി സെന്ററില്‍ ശനിയാഴ്ച നടന്ന കുടിയേറ്റ വിരുദ്ധ പ്രകടനത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഐറിഷ് ആയോധനകലാ താരമായകോണോര്‍ മെക് ഗ്രിഗര്‍ പ്രതിഷേധത്തിനെ പിന്തുണച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വരികയും ചെയ്തു.കനത്ത സുരക്ഷയായിരുന്നു ഈ പ്രകടനവുമായി ബന്ധപ്പെട്ട് ഐറിഷ് തലസ്ഥാനത്ത് ഒരുക്കിയിരുന്നത്. നഗരത്തില്‍ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
പ്രകടനം സസൂക്ഷ്മം നിരീക്ഷിച്ച ഐറിഷ് പോലീസ് ഇതിനെതിരെ നടന്ന മറ്റൊരു പ്രകടനത്തെ ഓ കോണെല്‍സ്ട്രീറ്റിലെ ജനറല്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ വെച്ച് തടഞ്ഞു. ഐറിഷ് റിപ്പബ്ലിക്കിന്റെ മൂവര്‍ണ്ണ പതാകയുമേന്തി ആയിരങ്ങള്‍ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ പ്രകടനം ഗാര്‍ഡന്‍ ഓഫ് റിമംബറന്‍സില്‍ നിന്നും ആരംഭിച്ച് ജനറല്‍ പോസ്റ്റ് ഓഫീസ് വഴി കസ്റ്റംസ് ഹൗസില്‍ സമാപിച്ചു. നിലവിലെ ഐറിഷ് സര്‍ക്കാരിന്റെ കുടിയേറ്റ നയങ്ങള്‍ക്ക് എതിരെയായിരുന്നു പ്രകടനം നടന്നത്.
അയര്‍ലന്‍ഡില്‍ ഇനി ഇടമില്ല എന്നും, ഐറിഷ് ജനതയുടെ ജീവിതത്തിന് വിലയുണ്ടെന്നും എഴുതിയ ബാനറുകള്‍ക്കൊപ്പം മെക്ഗ്രിഗറിന്റെയും, അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെയും റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്റെയും ചിത്രങ്ങളും ചിലര്‍ ഉയര്‍ത്തിയിരുന്നു. അവരെ പുറത്താക്കണമെന്നും അയര്‍ലന്‍ഡ് ഐറിഷ് ജനതക്കുള്ളതാണെന്നും, ഉള്ള മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ ഉയര്‍ന്ന് കേള്‍ക്കാമായിരുന്നു. തെരുവുകള്‍ ഞങ്ങളുടേതാണെന്ന മുദ്രാവാക്യം കുടിയേറ്റ വിരുദ്ധ പ്രകടനക്കാരും അതിനെതിരെ പ്രകടനം നടത്തിയവരും ഒരുപോലെ വിളിക്കുന്നുണ്ടായിരുന്നു.
അഭയാര്‍ത്ഥികളെ താമസിപ്പിച്ച ഹോട്ടലുകള്‍ക്ക് സമീപം വീടുകള്‍ക്ക് വിലയിടിയുന്നു
വിന്‍ഡ്‌സര്‍ കാസിലിന് സമീപത്തുള്ള ഒരു ഗ്രാമത്തില്‍ ലക്ഷക്കണക്കിന് പൗണ്ടുകള്‍ നല്‍കി വീടുവാങ്ങിയവരൊക്കെ ഇപ്പോള്‍ നിരാശയിലാണ്. പ്രദേശത്തെ ആഡംബര ഹോട്ടലില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ തുടങ്ങിയതില്‍ പിന്നെ അവിടെ സ്ഥലത്തിനും വീടിനും വില കുത്തനെ ഇടിയുകയാണെന്ന് അവര്‍ പറയുന്നു. മാത്രമല്ല, പലര്‍ക്കും വീട് വില്‍ക്കാനും കഴിയുന്നില്ല. ഇതുപോലൊരു പ്രദേശത്ത് താമസിക്കാന്‍ ആരും താത്പര്യപ്പെടാത്തതാണ് കാരണം.
തെംസ് നദിയുടെ തീരത്തുള്ള ഹരിതാഭയാര്‍ന്ന ഡാറ്റ്‌ഷെറ്റ് എന്ന ഗ്രാമമാണ് ഇപ്പോള്‍ ദുരിതമനുഭവിക്കുന്നത്. ഒരു ശരാശരി വീടിന്റെ വില ഇവിടെ 5,26,000 പൗണ്ടാണ്. എന്നാല്‍, 3.5 മില്യന്‍ പൗണ്ട് വരെ വിലയുള്ള ചില ആഡംബര വീടുകളും കാലങ്ങളായി വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. എന്നാല്‍, വാങ്ങാന്‍ ആരും വരുന്നില്ല. 2022 മുതല്‍ നൂറുകണക്കിന് അഭയാര്‍ത്ഥികളെ ഗ്രാമത്തിലെ മാനോര്‍ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുന്നതാണ് ഇതിന് കാരണം എന്ന് ഗ്രാമവാസികള്‍ പറയുന്നു.
തിരക്ക് കൂടിയതോടെ സേവനങ്ങള്‍ ലഭ്യമാകാന്‍ ക്ലേശമായി. അതുപോലെ പ്രദേശത്ത് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തോതും കുതിച്ചുയര്‍ന്നു. ഗ്രാമവാസികളുടെ ആശങ്ക പരിഹരിക്കണമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരിക്കുന്ന വിന്‍ഡ്‌സര്‍ റോയല്‍ ബറോയും മെയ്ഡന്‍ഹെഡ് കൗണ്‍സിലും ഹോം ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മോഷണവും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചു വരികയാണെന്ന് പ്രദേശ വാസികള്‍ പറയുമ്പോഴും, ഹോട്ടലുമായി ബന്ധപ്പെട്ട് അത്തരം കാര്യങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.