'ലോകത്തെ ഏറ്റവും പഴക്കംചെന്നതും വലുതുമായ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍ അമേരിക്കയും ഇന്ത്യയും ചരിത്രപരമായ ബന്ധം പങ്കുവെക്കുന്നു; ഹൃദ്യമായ അഭിനന്ദനം'; ഇന്ത്യ-യുഎസ് ചരിത്രബന്ധം ഓര്‍മിപ്പിച്ച് ട്രംപിന്റെ റിപ്പബ്ലിക് ദിന സന്ദേശം
ഇന്ത്യ-യുഎസ് ചരിത്രബന്ധം ഓര്‍മിപ്പിച്ച് ട്രംപിന്റെ റിപ്പബ്ലിക് ദിന സന്ദേശം
വാഷിങ്ടണ്‍: '77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകള്‍ നേര്‍ന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തെ ഏറ്റവും പഴക്കമേറിയതും വലുതുമായ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ എന്നനിലയില്‍ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റൈ ആശംസ. വ്യാപാര, തീരുവ നയങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ട്രംപിന്റെ സന്ദേശം.
'77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യയിലെ സര്‍ക്കാരിനും ജനങ്ങള്‍ക്കും അമേരിക്കയിലെ ജനങ്ങളുടെ പേരില്‍ എന്റെ ഹൃദ്യമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ലോകത്തെ ഏറ്റവും പഴക്കംചെന്നതും വലുതുമായ രണ്ട് ജനാധിപത്യരാജ്യങ്ങള്‍ എന്ന നിലയില്‍ അമേരിക്കയും ഇന്ത്യയും ചരിത്രപരമായ ബന്ധം പങ്കുവെക്കുന്നു.' ട്രംപ് പറഞ്ഞു.
ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ തിങ്കളാഴ്ച രാവിലെ റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നിരുന്നു. ആദ്യമായി റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്നും, ഇന്ത്യന്‍ ആകാശത്ത് പറക്കുന്ന യുഎസ് നിര്‍മ്മിത വിമാനങ്ങള്‍ അമേരിക്ക-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തത്തിന്റെ വളര്‍ച്ചയുടെ ശക്തമായ പ്രതീകമാണെന്നും അദ്ദേഹം സാമൂഹിക മാധ്യമമായ 'എക്സി'ല്‍ കുറിച്ചു.
യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെര്‍ ലെയ്‌നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ ലൂയിസ് സാന്റോസ് ഡാ കോസ്റ്റയും ഇന്ത്യയുടെ 2026 ലെ റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ മുഖ്യാതിഥികളായി പങ്കെടുത്തിരുന്നു. ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡ് തിങ്കളാഴ്ച കര്‍ത്തവ്യ പഥില്‍ രാജ്യത്തിന്റെ സൈനിക ശക്തിയുടെയും സാംസ്‌കാരിക വൈവിധ്യത്തിന്റെയും ഗംഭീരമായ പ്രദര്‍ശനത്തോടെ സമാപിച്ചു.