ഗാസയില്‍ പട്ടിണിയില്ലെന്ന നെതന്യാഹുവിന്റെ വാദം തള്ളി ട്രംപ്; 'അത് വ്യാജമല്ല, അമേരിക്ക ഭക്ഷണം നല്‍കും, അവിടെ സംഭവിക്കുന്നത് ഭ്രാന്താണ്'; പുതിയ ഭക്ഷണ കേന്ദ്രങ്ങള്‍ക്ക് അതിരുകളൊന്നും ഉണ്ടാകില്ലെന്ന് ട്രംപ്
ഗാസയില്‍ പട്ടിണിയില്ലെന്ന നെതന്യാഹുവിന്റെ വാദം തള്ളി ട്രംപ്
വാഷിങ്ടണ്‍: ഗാസയിലെ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഗസ്സ യഥാര്‍ത്ഥത്തില്‍ പട്ടിണിയിലാണെന്നും അത് വ്യാജമാണെന്ന് ചിത്രീകിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നും ട്രംപ് പറഞ്ഞു. ''ഭക്ഷണ കാര്യത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് സഹായിക്കും. നമുക്ക് ധാരാളം ആളുകളെ രക്ഷിക്കാന്‍ കഴിയും. ആ കുട്ടികളടക്കം യഥാര്‍ഥ പട്ടിണിലാണ്. എനിക്കത് കാണാന്‍ കഴിയും. നിങ്ങള്‍ക്കതിനെ വ്യാജമായി ചിത്രീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ ഞങ്ങള്‍ കൂടുതല്‍ ഇടപെടും'' -അദ്ദേഹം പറഞ്ഞു.
യുഎസ് ഗസ്സയില്‍ ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും യു.കെയുമായും എല്ലാ യൂറോപ്യന്‍ രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'പുതിയ ഭക്ഷണ കേന്ദ്രങ്ങള്‍ക്ക് അതിരുകളൊന്നുമുണ്ടാകില്ല. ആളുകള്‍ക്ക് അകത്തേക്ക് കടക്കാന്‍ കഴിയും. ഭക്ഷണത്തിന് 30 യാര്‍ഡ് അകലെ വേലി നിര്‍മിക്കില്ല. നിലവിലെ ഭക്ഷണവിതരണ കേന്ദ്രങ്ങളില്‍ അവര്‍ക്ക് ഭക്ഷണം കാണാന്‍ കഴിയും, എന്നാല്‍, ആര്‍ക്കും അങ്ങോട്ട് കടക്കാന്‍ പറ്റില്ല. കാരണം, അവര്‍ വേലികള്‍ സ്ഥാപിച്ചിട്ടുണ്ട്. അവിടെ നടക്കുന്നത് ഭ്രാന്താണ്' -ട്രംപ് പറഞ്ഞു.
മാര്‍ച്ച് മുതല്‍ മേയ് വരെ ഗസ്സയിലേക്കുള്ള സഹായ വിതരണം ഇസ്രായേല്‍ പൂര്‍ണമായും തടഞ്ഞിരുന്നു. പിന്നീട് ജൂണില്‍ യു.എസ്, ഇസ്രായേല്‍ പിന്തുണയുള്ള ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ (ജിഎച്ച്എഫ്) നേതൃത്വത്തിലാണ് പ്രഹസനമായ രീതിയില്‍ സഹായ വിതരണം നടത്തിയിരുന്നത്. ജിഎച്ച്എഫ് കേന്ദ്രങ്ങളില്‍ ഭക്ഷണത്തിന് കാത്തിരുന്ന നൂറുകണക്കിന് മനുഷ്യരെ ഇസ്രായേല്‍ പ്രതിരോധ സേന വെടിവെച്ചുകൊന്നത് അന്താരാഷ്ട്ര പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. 1,000-ത്തിലധികം പേര്‍ ഭക്ഷണം കാത്തിരിക്കവെ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.
ഗാസയിലെ ജനവാസമുള്ള മൂന്ന് പ്രദേശങ്ങളിലെ സൈനിക നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഇസ്രയേല്‍ നേരത്തെ അറിയിച്ചിരുന്നു. പലസ്തീനികള്‍ക്ക് സഹായം എത്തിക്കുന്നതിനായി സുരക്ഷിത പാതകള്‍ തുറക്കുമെന്നും ഇസ്രയേല്‍അറിയിച്ചു. മേഖലയിലെ വര്‍ധിച്ചുവരുന്ന പട്ടിണി പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് സൈന്യം അറിയിച്ചു.
ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഇസ്രയേല്‍ സൈന്യം നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ചകളില്‍ ഇവിടെയെല്ലാം ആക്രമണങ്ങള്‍ നടന്നിരുന്നു. ഗാസയിലുടനീളമുള്ള ആളുകള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കാന്‍ സഹായ ഏജന്‍സികളെ സഹായിക്കുന്നതിന് സുരക്ഷിതമായ വഴികള്‍ നിശ്ചയിക്കുമെന്നും സൈന്യം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. 21 മാസമായി നീളുന്ന യുദ്ധത്തിന്റെ പേരില്‍ അന്താരാഷ്ട്ര തലത്തില്‍ കടുത്ത വിമര്‍ശനമാണ് ഇസ്രയേല്‍ നേരിടുന്നത്.
ഗാസയില്‍ തങ്ങള്‍ നല്‍കുന്ന സഹായങ്ങള്‍ ഹമാസ് അവരുടെ ഭരണം ശക്തിപ്പെടുത്തുന്നതിനായി തട്ടിയെടുക്കുന്നു എന്ന് ആരോപിച്ച് ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഗാസയില്‍ ഭക്ഷണത്തിന് ക്ഷാമമുണ്ടാക്കും എന്ന് ഭക്ഷ്യ വിദഗ്ധര്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സമീപ ദിവസങ്ങളില്‍ ഗാസയില്‍ നിന്ന് പുറത്തുവന്ന മെലിഞ്ഞുണങ്ങിയ കുട്ടികളുടെ ചിത്രങ്ങള്‍ ഇസ്രയേലിനെതിരെ ആഗോളതലത്തില്‍ വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. പിന്നാലെയാണ് ഇസ്രയേലിന്റെ പുതിയ തീരുമാനം.