യുക്രൈനില്‍ കൊല്ലപ്പെടുന്നവരേക്കുറിച്ച് ഇന്ത്യക്ക് ആശങ്കയില്ല; വലിയ അളവില്‍ റഷ്യന്‍ എണ്ണ വാങ്ങുക മാത്രമല്ല, ഏറിയ പങ്കും ഉയര്‍ന്ന ലാഭത്തിന് പൊതുവിപണിയില്‍ വില്‍ക്കുകയും ചെയ്യുന്നു; 25 ശതമാനം തീരുവ ചുമത്തിയത് ഇന്ത്യ ഗൗനിക്കാതെ വന്നതോടെ വീണ്ടും തീരുവ ഉയര്‍ത്തുമെന്ന ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്

യുക്രൈനില്‍ കൊല്ലപ്പെടുന്നവരേക്കുറിച്ച് ഇന്ത്യക്ക് ആശങ്കയില്ല

Update: 2025-08-04 17:34 GMT

വാഷിങ്ടണ്‍: ഇന്ത്യക്കുനേരെ വീണ്ടും തീരുവഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യക്കു മേല്‍ ചുമത്തിയ തീരുവ ഉയര്‍ത്തുമെന്ന് തന്റെ സാമൂഹികമാധ്യമമായ സോഷ്യലില്‍ അദ്ദേഹം വ്യക്തമാക്കി. റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാണിച്ചാണ് യുഎസ് പ്രസിഡന്റിന്റെ നീക്കം. റഷ്യന്‍ എണ്ണ ഇന്ത്യ മറിച്ചു വിറ്റ് ലാഭമുണ്ടാക്കുന്നതായാണ് ട്രംപിന്റെ ആരോപണം.

ഇന്ത്യ, വലിയ അളവില്‍ റഷ്യന്‍ എണ്ണ വാങ്ങുക മാത്രമല്ല, അങ്ങനെ വാങ്ങുന്നതില്‍ ഏറിയ പങ്കും ഉയര്‍ന്ന ലാഭത്തിന് പൊതുവിപണിയില്‍ വില്‍ക്കുകയും ചെയ്യുന്നു. യുക്രൈനില്‍ എത്രയാളുകള്‍ റഷ്യകാരണം കൊല്ലപ്പെടുന്നു എന്നതിനെ കുറിച്ച് അവര്‍ക്ക് ആശങ്കയില്ല. അതിനാല്‍ ഇന്ത്യ, യുഎസ്എയ്ക്ക് നല്‍കേണ്ടുന്ന തീരുവ ഞാന്‍ ഉയര്‍ത്തും, ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ജൂലായ് 30-ന് ആണ് ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് കയറ്റിയയയ്ക്കുന്ന ചരക്കുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്തിക്കൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനമുണ്ടായത്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെപേരില്‍ ഇന്ത്യക്ക് പിഴച്ചുങ്കം ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരത്തിലെ തടസ്സങ്ങളും റഷ്യയില്‍നിന്ന് ഇന്ത്യ വലിയതോതില്‍ എണ്ണയും സൈനികോപകരണങ്ങളും വാങ്ങുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍, ഈ തീരുവയെ ഇന്ത്യ കാര്യമായി ഗൗനിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ട്രംപ് തീരുവ ഭീഷണി ഉയര്‍ത്തുന്നത്.

യുക്രൈനിലെ കൂട്ടക്കൊല നിര്‍ത്താന്‍ എല്ലാവരുമാവശ്യപ്പെടുന്ന സാഹചര്യത്തില്‍പ്പോലും റഷ്യയില്‍നിന്ന് ഇന്ത്യ കൂടുതല്‍ ഇന്ധനം വാങ്ങിക്കൊണ്ടിരിക്കുന്നെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ''ഇന്ത്യ സുഹൃത്താണെന്നതു ശരിയാണ്. എന്നാല്‍, വര്‍ഷങ്ങളായി വളരെക്കുറച്ചു വ്യാപാരം മാത്രമാണ് നടന്നിട്ടുള്ളത്. ഇന്ത്യയുടെ ഉയര്‍ന്ന തീരുവയാണ് പ്രധാന തടസ്സം. ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന തീരുവയാണ് ഇന്ത്യയുടേത്'' -ട്രംപ് പറഞ്ഞു.

ചര്‍ച്ചയിലൂടെ യുഎസുമായി വ്യാപാരക്കരാറുണ്ടാക്കിയാല്‍ തീരുവയിളവ് എന്നതായിരുന്നു ട്രംപിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ ഇന്ത്യയും യുഎസും വ്യാപാരച്ചര്‍ച്ച ഊര്‍ജിതമാക്കിയിരുന്നു. എന്നാല്‍, ക്ഷീര, കാര്‍ഷിക വിപണികള്‍ യുഎസിനു തുറന്നുനല്‍കുന്നതിന് ഇന്ത്യ വിസമ്മതിച്ചതോടെ ചര്‍ച്ച പ്രതിസന്ധിയിലായിരുന്നു. ഇതേത്തുടര്‍ന്നാണ് തീരുവ ഉയര്‍ത്തിക്കൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം.

ട്രംപ് കഴിഞ്ഞയാഴ്ച 25% തീരുവ പ്രഖ്യാപിച്ചത് ഇന്ത്യന്‍ കയറ്റുമതി മേഖലയെ സമ്മര്‍ദത്തിലാക്കിയിരുന്നു. പാക്കിസ്ഥാന്‍, ബംഗ്ലദേശ് തുടങ്ങിയ അയല്‍രാജ്യങ്ങളേക്കാളും കയറ്റുമതി രംഗത്തെ എതിരാളികളായ വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, ഇന്തൊനീഷ്യ തുടങ്ങിയവയേക്കാളും ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് ഇന്ത്യയ്ക്കുമേല്‍ ട്രംപ് പ്രഖ്യാപിച്ചത്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് പ്രത്യേകം 'പിഴയും' ചുമത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, എന്താണ് പിഴയെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം, യുഎസുമായി ചര്‍ച്ചയിലൂടെ രമ്യതയിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഇന്ത്യ.

ക്രൂഡ് ഓയില്‍ ഉപഭോഗത്തിന്റെ 85-90 ശതമാനത്തിനും ഇറക്കുമതിയാണ് ആശ്രയമെന്നും രാജ്യാന്തര വിപണിയിലെ സാഹചര്യങ്ങളും രാജ്യതാല്‍പര്യവും മുന്‍നിര്‍ത്തിയാണ് ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിരുന്നു. റഷ്യ, ഇറാന്‍ എന്നിവയുടെ എണ്ണ വാങ്ങുന്നതിന് ചൈനയ്‌ക്കെതിരെയും യുഎസ് ഭീഷണി ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഇന്ത്യ നല്‍കിയതിനു സമാനമായ മറുപടിയാണ് യുഎസിന് ചൈനയും നല്‍കിയത്. ചൈന-യുഎസ് വ്യാപാരക്കരാര്‍ ചര്‍ച്ചയും ഇനിയും സമവായത്തില്‍ എത്തിയിട്ടില്ല.

Tags:    

Similar News