ഇറാനെതിരെ റഷ്യയുടെ പിന്തുണ ഉറപ്പിച്ച് യുക്രൈനുമായി വെടിനിര്‍ത്തല്‍ ഉറപ്പിച്ച് ട്രംപ്; ചതിക്കപ്പെട്ടെന്ന് പറഞ്ഞ് നിലവിളിച്ച് സെലന്‍സ്‌കി; യുക്രൈന്‍- റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് പുട്ടിനോട് ഫോണില്‍ സംസാരിച്ചത് രണ്ടു മണിക്കൂര്‍: ചടുല നീക്കം മാറ്റിമറിക്കുന്നത് ലോക ക്രമത്തെ തന്നെ
ഇറാനെതിരെ റഷ്യയുടെ പിന്തുണ ഉറപ്പിച്ച് യുക്രൈനുമായി വെടിനിര്‍ത്തല്‍ ഉറപ്പിച്ച് ട്രംപ്
മോസ്‌കോ: യുക്രൈന്‍ -റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം വിജയത്തിലേക്ക്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനുമായി അദ്ദേഹം രണ്ട മണിക്കൂര്‍ ഫോണില്‍ സംസാരിച്ചിരുന്നു. യുക്രൈനിലെ ഊര്‍ജ്ജ സംവിധാനങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ 30 ദിവസം മരവിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ സമ്മതിച്ചതായിട്ടാണ് സൂചന.് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് യുക്രൈനിലെ ഊര്‍ജ സംവിധാനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തത്കാലം നിര്‍ത്തിവെയ്ക്കാന്‍ പുട്ടിന്‍ സമ്മതിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം വളരെ നേരത്തെ തന്നെ നയതന്ത്ര മാര്‍ഗങ്ങളിലൂടെ പരിഹരിക്കേണ്ടതായിരുന്നു. യുദ്ധം ഒരിക്കലും തുടങ്ങാന്‍ പാടില്ലായിരുന്നുവെന്ന് ഇരുകൂട്ടരും അംഗീകരിച്ചതായി ഫോണ്‍ സംഭാഷണത്തിന് ശേഷം വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ യുദ്ധത്തില്‍ ഇരുരാജ്യങ്ങളുടേയുമായി സമ്പത്തും ഒരുപാടുപേരുടെ ജീവനും നഷ്ടപ്പെട്ടു. അതൊക്കെ അതാത് രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്തേണ്ടിയിരുന്നവയായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
യുക്രൈന്‍- റഷ്യ യുദ്ധത്തില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ട്രംപും പുട്ടിനും തമ്മില്‍ ധാരണയായിട്ടുണ്ട്. ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനായുള്ള സഹകരണത്തിന്റെ സാധ്യതകളും ഇരുനേതാക്കളും ചര്‍ച്ചചെയ്തു. ആണവായുധങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെയ്ക്കുന്നത് സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും ധാരണയായിട്ടുണ്ട്. യുക്രൈനില്‍ സമാധാനം വന്നാല്‍ മാത്രമേ മേഖലയില്‍ സ്ഥിരതയും സാമ്പത്തിക വളര്‍ച്ചയുമുണ്ടാകുവെന്നും പുട്ടിനും ട്രംപും അംഗീകരിച്ചു.
റഷ്യയും യുക്രൈനും തടവുകാരെ കൈമാറും
യുക്രൈനും റഷ്യയും തമ്മില്‍ 175 യുദ്ധത്തടവുകാരെ പരസ്പരം വെച്ചുമാറുന്ന കാര്യവും പുട്ടിന്‍ ട്രംപിനു മുന്നില്‍ അവതരിപ്പിച്ചു. മാത്രമല്ല ഗുരുതരമായി പരിക്കേറ്റ് റഷ്യയുടെ പിടിയിലായ 23 യുക്രൈന്‍ സൈനികരെ വിട്ടുകൊടുക്കാമെന്നും പുട്ടിന്‍ വ്യക്തമാക്കി. എന്നാല്‍ യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കാന്‍ ചില വ്യവസ്ഥകള്‍ റഷ്യ മുന്നോട്ട് വെച്ചിട്ടുണ്ട്. മാത്രമല്ല അമേരിക്ക നടത്തിയ സുപ്രധാനമായ നീക്കം ഇസ്രയേലിന് ഇറാനെതിരെ റഷ്യയുടെ പിന്തുണ ഉറപ്പിച്ചതാണ്.
ഇസ്രയേലിന് ഒരു കാരണവശാലും ഇറാന്റെ ഭഗത്ത് നിന്ന് ഒരു തരത്തിലുമുള്ള വെല്ലുവിളി ഉയരാന്‍ പാടില്ലെന്ന് ഇരു നേതാക്കളും തമ്മില്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ ചടുല നീക്കം മാറ്റി മറക്കുന്നത് ലോകക്രമത്തെ തന്നെയാണ്. എത്രയോ വര്‍ഷങ്ങളായി റഷ്യയുടെ ഉറ്റ ചങ്ങാതിയാണ് ഇറാന്‍. നേരത്തേ സൗദി അറേബ്യയില്‍ വെച്ച് അമേരിക്കയുടെ നേതൃത്വത്തില്‍ റഷ്യയുടേയും യുക്രൈനിന്റെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഈയിടെ ഹൂത്തി വിമതര്‍ക്ക് നല്‍കുന്ന സഹായത്തിന്റെ പേരില്‍ ട്രംപ് ഇറാനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇറാന്റെ ആണവ പദ്ധതികള്‍ നിര്‍ത്തി വെയ്ക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു. പുട്ടിനുമായി
നടത്തിയ ഫോണ്‍ സംഭാഷണം ക്രിയാത്മകം ആയിരുന്നു എന്നും ട്രംപ് വ്യക്തമാക്കി.
അന്തിമ തീരുമാനം ട്രംപുമായി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രം
അതേ സമയം വെടിനിര്‍ത്തലിന് താന്‍ തയ്യാറാണ് എങ്കിലും ചില കാര്യങ്ങള്‍ കൂടി ട്രംപുമായി ചര്‍ച്ച ചെയ്യാനുണ്ടെന്നായിരുന്നു യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയുടെ പ്രതികരണം. ട്രംപുമായിചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ വെടിനിര്‍ത്തല്‍ സംബന്ധിച്ച കാര്യത്തില്‍ അന്തിമ നിലപാട് വ്യക്തമാക്കുകയുള്ളൂ എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം വൈറ്റ്ഹൗസില്‍ വെച്ച് ട്രംപും സെലന്‍സ്‌കിയും തമ്മില്‍ ഉണ്ടായ വാക്കേറ്റത്തിന് ശേഷം ഇരു നേതാക്കളും തമ്മില്‍ സംസാരിച്ചിട്ടില്ല. അതേ സമയം ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക നടത്തുന്ന ശ്രമങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ചു.
ബ്രിട്ടന്‍ യുക്രൈനൊപ്പം തന്നെ ഉറച്ചു നില്‍ക്കുമെന്നും യുക്രൈനില്‍ ശാശ്വത സമാധാനം പുലരണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം പുട്ടിനെ താന്‍ തീര്‍ത്തും വിശ്വസിക്കില്ല എന്നാണ് സെലന്‍സ്‌കി വ്യക്തമാക്കിയത്. യുക്രൈന്റെ പല പവര്‍ പ്ലാന്റുകളും ഇപ്പോള്‍ റഷ്യന്‍ സൈന്യം പിടിച്ചെടുത്തിരിക്കുകയാണ്. മധ്യസ്ഥ ശ്രമങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളേയും പങ്കെടുപ്പിക്കണം എന്നാണ് യുക്രൈന്റെ ആവശ്യം.