ട്രംപ് പ്രഖ്യാപിച്ച പകര ചുങ്കം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഇന്ത്യക്ക് 29 ശതമാനവും ചൈനക്ക് 104 ശതമാനവും തീരുവ; വ്യാപാരയുദ്ധത്തിന് വഴിതുറന്ന നടപടിയോടെ അമേരിക്കന്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച; ഡൗ ജോണ്‍സ് സൂചിക വ്യാപാരം അവസാനിപ്പിച്ചത് 320 പോയിന്റ് കുറവില്‍

ട്രംപ് പ്രഖ്യാപിച്ച പകര ചുങ്കം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

Update: 2025-04-09 00:52 GMT

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നികുതി നയം ആഗോള വ്യാപാര രംഗത്തെ തകിടം മറിക്കുന്നു. ഇന്ത്യയടക്കം 60 രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പകരച്ചുങ്കം ഇന്ന് മുതല്‍ പ്രാബല്യത്തില്‍വരികയാണ്. ഇന്ത്യ ഉള്‍പ്പന്നങ്ങള്‍ക്ക് 29 ശതമാനമാണ് പകര തീരുവ ചുമത്തിയിരിക്കുന്നത്. ചൈനക്കെതിരെ യാതൊരു മയവുമില്ലാത്ത് നടപടിയും അമേരിക്ക സ്വീകരിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ചൈനീസ് ഉത്പ്ന്നങ്ങള്‍ക്കുള്ള തീരുവ 104 ശതമാനമാക്കി ഉയര്‍ത്തുകയാണ് അമേരിക്ക ചെയ്തത്. ഇതോടെ അമേരിക്കന്‍ വിപണിയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇരട്ടിത്തുക നല്‍കേണ്ടി വരും.

യുഎസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം 24 മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ ചൈനയ്ക്കുള്ള പകരച്ചുങ്കം 104 ശതമാനമാക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. മുന്‍പ് ചുമത്തിയ 20 ശതമാനവും ഈ മാസം രണ്ടിന് പ്രഖ്യാപിച്ച 34 ശതമാനവുമുള്‍പ്പെടെ 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന ഇറക്കുമതിച്ചുങ്കം. ഇതിനൊപ്പം 50 ശതമാനംകൂടിയാണ് പുതിയതായി ചുമത്തിയിരിക്കുന്നതെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കി. അമേരിക്കയ്ക്ക് വഴങ്ങാന്‍ തയ്യാറല്ലെന്ന് ചൈന പ്രഖ്യാപിച്ചതോടെയാണ് 50 ശതമാനം അധിക നികുതി ചുമത്തിയത്.

കാനഡ അമേരിക്കന്‍ വാഹനങ്ങള്‍ക്ക് ചുമത്തുന്ന 25 ശതമാനം തീരുവയും ഇന്ന് തുടങ്ങും. അതേസമയം ചര്‍ച്ചകളില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് 70 രാജ്യങ്ങള്‍ സമീപിച്ചെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കി. ഇത് അനുസരിച്ച് ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായി പ്രാരംഭ ചര്‍ച്ചകള്‍ നടക്കും. അതേസമയം ട്രംപിന്‍രെ നികുതി നയം ആഗോള ഓഹരികളെ വന്‍ തകര്‍ച്ചയിലേക്കാണ് തള്ളിവിട്ടത്. അമേരിക്കന്‍ ഓഹരി വിപണി വീണ്ടും താഴേക്ക് പതിച്ചു. ഡൗ ജോണ്‍സ് സൂചിക 320 പോയിന്റ് കുറവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നാസ്ഡാക് സൂചിക 335 പോയിന്റിന്റെ കുറവിലാണ് ക്ലോസ് ചെയ്തത്. എസ് ആന്‍ഡ് പി 500 സൂചികയില്‍ 80 പോയിന്റിന്റെ ഇടിവ്.

ട്രംപിന്റെ ആഗോള തീരുവ നടപടികളില്‍ നിക്ഷേപകരുടെ ആശങ്ക തുടരുകയാണ്. അതേസമയം അതേസമയം ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം അധിക ഇറക്കുമതിത്തീരുവ ചുമത്തിയാല്‍ യുഎസിന് ശക്തമായ തിരിച്ചടിനല്‍കുമെന്ന് ചൈന ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൈനയ്ക്കുമേലുള്ള യുഎസിന്റെ പകരച്ചുങ്കം അടിസ്ഥാനരഹിതമാണെന്നും ഏകപക്ഷീയമായ ഭീഷണിപ്പെടുത്തല്‍ രീതിയാണെന്നും ചൈനീസ് വാണിജ്യമന്ത്രാലയം ചൊവ്വാഴ്ച പറഞ്ഞു.

ചൈനീസ് സമ്പദ്വ്യവസ്ഥ ഒരു കുളമല്ല, മറിച്ച് ഒരു സമുദ്രമാണെന്നാണ് വ്യാപര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ പ്രതികരണം. അതിനിടെ താരിഫില്‍ ഇളവ് വരുത്തണമെന്ന ആവശ്യവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു വൈറ്റ്ഹൗസില്‍ എത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇസ്രയേലിനോടും വിട്ടുവീഴ്ചയില്ല എന്ന നിലാപാട് തന്നെയാണ് ട്രംപ് സ്വീകരിച്ചത്. നെതന്യാഹുവുമായി നടത്താനിരുന്ന സംയുക്തവാര്‍ത്താസമ്മേളനവും വൈറ്റ്ഹൗസ് റദ്ദാക്കിയിരുന്നു. ഇക്കാര്യത്തില്‍ ട്രംപ് 90 ദിവസത്തെ ഇളവ് പ്രഖ്യാപിക്കുമെന്നാണ് നെതന്യാഹു ഉള്‍പ്പെടെയുള്ള രാഷ്ട്രത്തലവന്‍മാര്‍ കരുതിയിരുന്നത്.

എന്നാല്‍ ട്രംപിന്റെ നീക്കത്തിന് പിന്നില്‍ മകന്‍ ബാരണ്‍ ട്രംപ് ആണെന്ന സൂചനയും ചില ഭാഗങ്ങളില്‍ നിന്ന് ഉയരുകയാണ്. കൂടാതെ ആഗോള വിപണി തകര്‍ന്നടിയുന്ന സമയത്ത് കഴിഞ്ഞ ദിവസം ട്രംപ് ഗോള്‍ഫ് കളിക്കാന്‍ പോയ സംഭവത്തില്‍ റോം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയാണ് ട്രംപ് എന്നാണ് എതിരാളികള്‍ കല്‍യാക്കുന്നത്. അതേ സമയം ട്രംപ് അനുകൂലികള്‍ക്കിടയിലും താരിഫിന്റെ കാര്യത്തില്‍ അഭിപ്രായഭിന്നതയുണ്ട് എന്നാണ് സൂചന.

ജെ.പി.മോര്‍ഗന്‍ ഉള്‍പ്പെടെയുളള വന്‍കിട സാമ്പത്തിക സ്ഥാപനങ്ങള്‍ ട്രംപിന്റ നിലപാട് വലിയ തിരിച്ചടിക്ക് കാരണമാകും എന്നാണ് ചൂണ്ടിക്കാട്ടിയത് ട്രംപിന്റെ നിലപാടില്‍ വിശ്വസ്തനായ ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കിനും വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. മസ്‌ക്കും ഇപ്പോള്‍ പിന്‍തിരിഞ്ഞ മട്ടാണ് എന്നാണ് സൂചന. മസ്‌ക്കിന്റെ എല്ലാ വ്യവസായങ്ങളും വന്‍ നഷ്ടമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. അതിനിടെ് യുഎസ് ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്.

കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് അമേരിക്കന്‍് വിപണികളിലുണ്ടായത്. ആപ്പിള്‍, എന്‍വിഡിയ തുടങ്ങിയ പ്രധാന യുഎസ് ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. ആപ്പിളിന്റെ ഓഹരികള്‍ 9% ല്‍ കൂടുതല്‍ നഷ്ടം നേരിട്ടു. ടെക്, റീട്ടെയില്‍ ഓഹരികളെയാണ് ഇടിവ് ഏറ്റവും കൂടുതല്‍ ബാധിച്ചത്.

Tags:    

Similar News