'താന്‍ കടന്നുപോകുന്നത് ജീവിതത്തിലെ ഏറ്റവും നല്ല ആരോഗ്യ സ്ഥിതിയിലൂടെ'; ഗുരുതര ആരോഗ്യ പ്രശ്‌നമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഡൊണാള്‍ഡ് ട്രംപ്; കൈകളിലെ കറുത്ത ചതവുകളുടെയും വീര്‍ത്ത കണങ്കാലുകളും പ്രശ്‌നമില്ലെന്ന് പറഞ്ഞ് അവഗണിച്ചു അമേരിക്കന്‍ പ്രസിഡന്റ്

'താന്‍ കടന്നുപോകുന്നത് ജീവിതത്തിലെ ഏറ്റവും നല്ല ആരോഗ്യ സ്ഥിതിയിലൂടെ

Update: 2025-09-01 05:39 GMT

വാഷിങ്ടണ്‍: തനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ശക്തമായ രീതിയിലാണ് അദ്ദേഹം ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചത്. ജീവിതത്തിലെ ഏറ്റവും നല്ല ആരോഗ്യസ്ഥിതിയിലൂടെയാണ് കടന്നു പോകുന്നതെന്നാണ് അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കിയത്. ട്രംപിന്റെ കൈകളിലെ കറുത്ത ചതവുകളുടെയും വീര്‍ത്ത കണങ്കാലുകളുടെയും ചിത്രങ്ങള്‍ പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച നിരവധി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

ട്രംപ് വാരാന്ത്യത്തില്‍ പൊതുപരിപാടികളൊന്നും നടത്താതെ ഗോള്‍ഫ് കളിക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് ഓണ്‍ലൈനില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്നലെ വൈറ്റ്ഹൗസില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ കറുത്ത പാന്റും കറുത്ത ഷര്‍ട്ടും വെളുത്ത യുഎസ്എ തൊപ്പിയുമാണ് ട്രംപ് ധരിച്ചിരുന്നത്. പ്രസിഡന്റിന്റെ വാഹനവ്യൂഹം രാവിലെ 10 മണിയോടെ വിര്‍ജീനിയയിലെ സ്റ്റെര്‍ലിംഗിലുള്ള ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബ്ബില്‍ എത്തുകയായിരുന്നു.

ശനിയാഴ്ചയും അദ്ദേഹംല ചെറുമകള്‍ക്കൊപ്പം ഗോള്‍ഫ് കോഴ്സില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ട്രംപ് രോഗിയാണെന്നോ മരിച്ചുവെന്നോ തരത്തിലുള്ള വാര്‍ത്തകള്‍ പരിന്നിരുന്നു. പല ഓണ്‍ലൈനുകളും ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വെയര്‍ ഈസ് ട്രംപ് എന്ന ഹാഷ്ടാഗും വൈറലായി മാറിയിരുന്നു. ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിനുശേഷം പ്രസിഡന്റിനെ പൊതുവേദിയില്‍ കാണില്ലെന്നും വാരാന്ത്യത്തില്‍ ഒരു പരിപാടിയും ഷെഡ്യൂള്‍ ചെയ്തിട്ടില്ലെന്നും നിരവധി വൈറ്റ് ഹൗസ് റിപ്പോര്‍ട്ടര്‍മാര്‍ സൂചിപ്പിച്ചിരുന്നു.

ഭയാനകമായ ദുരന്തം ഉണ്ടായാല്‍ ട്രംപിന് പകരം ഇടപെടാന്‍ തയ്യാറാണെന്ന് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് യുഎസ്എ ടുഡേയോട് പറഞ്ഞതിനെത്തുടര്‍ന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ ട്രംപ് ആരോഗ്യവാനാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതായി ആക്സിയോസ് പത്രപ്രവര്‍ത്തകന്‍ ബരാക് റാവിഡ് വെളിപ്പെടുത്തി. ട്രംപ് സുഖമായിരിക്കുന്നു എന്നും രാവിലെ ഗോള്‍ഫ് കളിക്കും എന്നും പ്രസിഡന്റിന്റെയും ചെറുമകളുടെയും ചിത്രങ്ങള്‍ പുറത്തുവരുന്നതിന് തൊട്ടുമുമ്പ് റാവിഡ് എക്‌സില്‍ എഴുതി.

ബുധനാഴ്ച, മരുമകന്‍ ജാരെഡ് കുഷ്‌നര്‍, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ റോണ്‍ ഡെര്‍മര്‍ എന്നിവരുമായി ഗാസയ്ക്കുള്ള യുദ്ധാനന്തര പദ്ധതിയെക്കുറിച്ച് ട്രംപ് ചര്‍ച്ച നടത്തിയിരുന്നു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ജൂലൈയില്‍ പ്രസിഡന്റിന് 'ക്രോണിക് വെനസ് ഡെഫിഷ്യന്‍സി എന്ന ആരോഗ്യപ്ശ്നം ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.

ഇത് അദ്ദേഹത്തിന്റെ കാലുകളുടെ അടിഭാഗത്ത് 'നേരിയ വീക്കം ഉണ്ടാക്കുന്നു എന്നാണ് അവര്‍ വിശദീകരിച്ചത്. ഈ അവസ്ഥ പ്രസിഡന്റിന് ഒരു അസ്വസ്ഥതയും ഉണ്ടാക്കുന്നില്ലെന്ന് ലീവിറ്റ് പറഞ്ഞു. ട്രംപിന്റെ കൈയുടെ പിന്‍ഭാഗത്ത് ചതവ് കണ്ടതിനെത്തുടര്‍ന്ന് ആശങ്ക ഉയര്‍ന്നിരുന്നു. ഹൃദയ സംബന്ധമായ പ്രതിരോധ ചികിത്സയുടെ ഭാഗമായി പതിവായി ആസ്പിരിന്‍ ഉപയോഗിക്കുന്നതും നിരന്തരമായി ഹസ്തദാനം നടത്തുന്നതുമാണ് ഇതിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നത്.

Tags:    

Similar News