യുക്രൈനുള്ള എല്ലാ സാമ്പത്തിക - ആയുധ സഹായങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഡൊണാള്‍ഡ് ട്രംപ്; ഓവല്‍ ഓഫിസിലെ വാക്‌പോരിന്റെ ബാക്കിപത്രമായി തീരുമാനം; പ്രശ്‌ന പരിഹാരത്തിലായി സെലന്‍സ്‌കി തയ്യാറായാല്‍ മാത്രമേ ഇനി സഹായമുള്ളൂവെന്ന് ട്രംപ്; തിരിച്ചടി കിട്ടിയത് സെലന്‍സ്‌കിയെ പിന്തുണച്ചു രംഗത്തുവന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും
യുക്രൈനുള്ള എല്ലാ സാമ്പത്തിക - ആയുധ സഹായങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഡൊണാള്‍ഡ് ട്രംപ്
ലണ്ടന്‍: വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലെ തര്‍ക്കത്തില്‍ സെലന്‍സ്‌കിയുമായി ഉടക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഒടുവില്‍ പ്രതികാര നടപടിയുമായി രംഗത്ത്. യുക്രൈനുള്ള എല്ലാ സാമ്പത്തിക - ആയുധ സഹായങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. സെലന്‍സ്‌കിയുമായുള്ള ഉടക്കിന് പിന്നാലെയാണ് ഈ തീരുമാനം. റഷ്യയുമായുള്ള യുദ്ധം തീര്‍ക്കാനായി പ്രശ്‌ന പരിഹാരത്തിലായി സെലന്‍സ്‌കി തയ്യാറായാല്‍ മാത്രമേ ഇനി സഹായും സഹകരണവും ഉള്ളൂവെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഇത് നാറ്റോ സഖ്യത്തിനും യുക്രൈന് പിന്തുണയുമായി എത്തിയ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും തിരിച്ചടിയാണ്.
അമേരിക്ക യുക്രൈന് സഹായം നല്‍കുന്നത് നിര്‍ത്തുന്നത് റഷ്യക്കാണ് ഗുണകരമായി മാറുക. നേരത്തെ സെലന്‍സ്‌കിയെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ ട്രംപ് പോസ്റ്റുമിട്ടിരുന്നു. 'ഡൊണാള്‍ഡ് ട്രംപിനെ വില കുറച്ചുകാണരുത്. ഈ കളിയില്‍, അദ്ദേഹം എല്ലാവരേക്കാളും 10 ചുവടുകള്‍ മുന്നിലാണ്,' ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തില്‍ പങ്കുവെച്ച് യുഎസ് പ്രസിഡന്റെ ഡൊണള്‍ഡ് ട്രംപ്. ട്രംപിനെ 'മാസ്റ്റര്‍ ചെസ്സ് കളിക്കാരന്‍' എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഫേസ്ബുക്കിലെ ബെന്‍സണ്‍ ചിറ്റ് ചാറ്റ് ഗ്രൂപ്പിലെ ഒരു അംഗം എഴുതിയ പോസ്റ്റാണ് ട്രംപ് പങ്കുവെച്ചത്.
യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിക്ക് ട്രംപിന്റെ നിബന്ധനകള്‍ അംഗീകരിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് പോസ്റ്റില്‍ ഊന്നിപ്പറയുന്നു. യു എസിനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാതെ ട്രംപ് യഥാര്‍ഥത്തില്‍ യുക്രൈനെ സംരക്ഷിക്കുകയാണെന്നും പോസ്റ്റ് പറയുന്നു. ധാതു കരാര്‍ ചര്‍ച്ച ചെയ്യുന്നതിലൂടെ യുക്രൈനിന്റെ ഖനന വ്യവസായത്തില്‍ അമേരിക്കക്കാര്‍ ഉള്‍പ്പെടുമെന്ന് ട്രംപ് ഉറപ്പാക്കുകയാണെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.
യുക്രൈന്‍ ഖനനത്തില്‍ യു എസ് ഉള്‍പ്പെടുന്നതോടെ റഷ്യയെ അധിനിവേശത്തില്‍ നിന്നും തടയും. യുക്രെയ്നെ ആക്രമിക്കുന്നത് അമേരിക്കന്‍ ജീവന്‍ അപകടത്തിലാക്കുകയും അത് അമേരിക്കയെ പ്രതികരിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുമെന്നതാണ് റഷ്യയെ പിന്മാറ്റത്തിന് പ്രേരിപ്പിക്കുകയെന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
ഒരു 'മാസ്റ്റര്‍ ചെസ്സ് കളിക്കാരന്‍' പോലെ ട്രംപ് ഇരുവശത്തും കളിച്ചു. ഒടുവില്‍, സെലെന്‍സ്‌കിക്ക് സമ്മതിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല, കാരണം യു എസ് പിന്തുണയില്ലാതെ യുക്രൈന് റഷ്യയ്‌ക്കെതിരായ ദീര്‍ഘകാല യുദ്ധം ജയിക്കാന്‍ കഴിയില്ല. യു എസ് കമ്പനികള്‍ യുക്രൈനില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞാല്‍, വലിയ അന്താരാഷ്ട്ര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാതെ പുടിന് ആക്രമണം നടത്താന്‍ കഴിയില്ലെന്നും പോസ്റ്റ് പറയുന്നു.
ട്രംപും സെലന്‍സ്‌കിയും തമ്മില്‍ ഓവല്‍ ഓഫീസില്‍ നടത്തിയ കൂടിക്കാഴ്ച തര്‍ക്കത്തിലാണ് അവസാനിച്ചത്. സെലെന്‍സ്‌കിയും ട്രംപും സുഗമമായ ചര്‍ച്ച നടത്തുന്നതിനിടെ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് രംഗത്തെത്തിയതോടെയാണ് ചര്‍ച്ച വഴി മാറിയത്. യുക്രൈന്‍ യു എസിനോടും ട്രംപിനോടും നന്ദി പറയുന്നില്ലെന്നും റഷ്യ- യുക്രൈന്‍ യുദ്ധത്തിന് 'നയതന്ത്ര പരിഹാരം' വാഗ്ദാനം ചെയ്യുകയും ചെയ്തതോടെ കരാര്‍ ഒപ്പിടാതെ സെലെന്‍സ്‌കി ഓവല്‍ ഓഫീസ് വിടുകയായിരുന്നു.
അതിനിടെ റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധത്തില്‍ ഒരു മാസത്തെ ഭാഗിക സമാധാന ഉടമ്പടി നിര്‍ദേശവുമായി ഫ്രാന്‍സ് രംഗത്തു വന്നു. 2022 ല്‍ തുടങ്ങിയ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് ഈ ഒരു മാസംകൊണ്ട് വ്യക്തമാകുമെന്നും ഫ്രഞ്ച് വിദേശ കാര്യമന്ത്രി ഴാന്‍ നോയല്‍ ബാരറ്റ് പറഞ്ഞു. വായു, കടല്‍, നിര്‍ണായക അടിസ്ഥാന ഊര്‍ജ സൗകര്യങ്ങള്‍ എന്നിവയിലുള്ള വെടിനിര്‍ത്തലാണ് ഫ്രാന്‍സ് മുന്നോട്ട് വെച്ചത്. എന്നാല്‍ കരയുദ്ധം നിലവില്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. ഫ്രാന്‍സും യു.കെയും ഇടക്കാല വെടിനിര്‍ത്തലിനായി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും വ്യക്തമാക്കി.
അടുത്ത ആഴ്ചകളിലൊന്നും യുക്രെയ്ന്‍ മണ്ണില്‍ യൂറോപ്യന്‍ സൈന്യം വരാന്‍ പോകുന്നില്ല. നിരവധി ആഴ്ചകള്‍ നീണ്ടു നിന്നേക്കാവുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ എങ്ങനെ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്നാണ് ചോദ്യമെന്നും മാക്രോണ്‍ പറഞ്ഞു. എന്നാല്‍ വെടിനിര്‍ത്തല്‍ എങ്ങനെ പ്രാവര്‍ത്തികമാക്കണമെന്ന് ചിന്തിച്ചിട്ടില്ലെന്നാണ് യു.കെ സായുധ സേന മന്ത്രി ലൂക്ക് പൊള്ളാര്‍ഡ് പറഞ്ഞത്. പക്ഷെ വെടിനിര്‍ത്തല്‍ എങ്ങനെ വേണം എന്നത് സംബന്ധിച്ച് ഫ്രാന്‍സുമായും യൂറോപ്യന്‍ സഖ്യങ്ങളുമായും ചേര്‍ന്ന് ആലോചിച്ചുകൊണ്ടിരിക്കുയാണ്. യുക്രെയിനില്‍ ദീര്‍ഘകാലം നില്‍ക്കുന്ന സമാധാനാന്തരീക്ഷം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രെയിന്‍ പ്രിസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കിയും തമ്മില്‍ വൈറ്റ് ഹൗസില്‍ വെച്ചുണ്ടായ ചര്‍ച്ചകള്‍ക്ക് പിന്നാലെ യൂറോപ്യന്‍ നേതാക്കള്‍ സെലന്‍സിക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക്, ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങിയ നേതാക്കളാണ് സെലന്‍സ്‌കിയെയും യുക്രെയ്നെയും പിന്തുണച്ചെത്തിയത്.
തുടക്കം മുതല്‍ പോരാടുന്നവരോട് ബഹുമാനമാണെന്നും. കാരണം അവര്‍ തങ്ങളുടെ അന്തസിനും സ്വാതന്ത്ര്യത്തിനും കുട്ടികള്‍ക്കും യൂറോപ്പിന്റെ സുരക്ഷയ്ക്കും വേണ്ടിയാണ് പോരാടുന്നതെന്നാണ് മാക്രോണ്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് സമാധാന ചര്‍ച്ചകളുമായി ഫ്രാന്‍സ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.
അതിനിടെ യുക്രൈനിലെ ധാതു വിഭവങ്ങള്‍ സംബന്ധിച്ച് അമേരിക്കയുമായി കരാറില്‍ ഒപ്പിടാന്‍ താന്‍ ഇപ്പോഴും തയ്യാറാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി പിന്നീട് വ്യക്തമാക്കിയിരുന്നു. വാഷിങ്ടണില്‍ നിന്ന് മടങ്ങിയത് ഒരു കരാറുമില്ലാതെയാണ്. യുഎസുമായി ക്രിയാത്മകമായ സംഭാഷണത്തിന് ഇപ്പോഴും തയ്യാറാണ്. പക്ഷേ യുക്രെയ്ന്റെ നിലപാട് കേള്‍ക്കണം എന്നത് മാത്രമാണ് ആഗ്രഹമെന്ന് സെലന്‍സ്‌കി പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ച കടുപ്പമേറിയതായിരുന്നുവെന്നും സെലന്‍സ്‌കി പറഞ്ഞു. ഈ യുദ്ധത്തിലെ അക്രമി ആരാണെന്ന് സഖ്യകക്ഷികള്‍ ഓര്‍ക്കണമെന്നും സെലന്‍സ്‌കി പറഞ്ഞു. യുക്രെയ്നും യുഎസും തമ്മിലുള്ള സുരക്ഷാ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ചുവടുവയ്പായിട്ടാണ് ധാതു ഇടപാടിനെ ആദ്യം കണ്ടത്. പക്ഷേ യുഎസും യുക്രെയ്നും തമ്മിലുള്ള പിരിമുറുക്കം വര്‍ദ്ധിച്ചു. വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ക്ഷണിച്ചാല്‍ താന്‍ വീണ്ടും വൈറ്റ് ഹൗസിലെത്തുമെന്നും സെലന്‍സ്‌കി പറഞ്ഞു. പക്ഷേ യുക്രെയ്ന്റെ ഭൂമി റഷ്യയ്ക്ക് വിട്ടുനല്‍കില്ലെന്നും സെലന്‍സ്‌കി നിലപാട് വ്യക്തമാക്കി.
വൈറ്റ് ഹൗസില്‍ ട്രംപുമായുള്ള കൂടിക്കാഴ്ച രൂക്ഷമായ വാക്പോരില്‍ കലാശിച്ചതിന് തൊട്ടുപിന്നാലെ സെലന്‍സ്‌കി നടത്തിയ പ്രതികരണം ശ്രദ്ധേയമായിരുന്നുയ അമേരിക്കയ്ക്കും ട്രംപിനും നന്ദി പറഞ്ഞുകൊണ്ടായിരുന്നു സെലന്‍സ്‌കി രംഗത്തെത്തിയത്. അമേരിക്ക നല്‍കിയ പിന്തുണയ്ക്കും സൈനിക സഹായത്തിനും നന്ദി പറയുന്നതായി സെലന്‍സ്‌കി പറഞ്ഞിരുന്നു.