വെനസ്വേലന്‍ പ്രസിഡന്റിനെ അറസ്റ്റു ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 430 കോടി രൂപ പാരിതോഷികം! ബൗണ്ടി ഇരട്ടിയാക്കി പുതുക്കി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്; നിക്കേളസ് മഡുറോ അമേരിക്കയിലേക്കും മയക്കുമരുന്നുകളും ആയുധങ്ങളും ഒഴുക്കുന്നുവെന്ന് ആരോപിച്ചു നടപടി; കാര്‍ട്ടലുകളുമായി ബന്ധമെന്നും ആരോപണം

വെനസ്വേലന്‍ പ്രസിഡന്റിനെ അറസ്റ്റു ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 430 കോടി രൂപ പാരിതോഷികം!

Update: 2025-08-08 03:11 GMT

വാഷിങ്ടണ്‍: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിന് ഉതകുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം ഇരട്ടിയാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മഡുറോ മൂന്നാമതും അധികാരമേറ്റതിനു പിന്നാലെ അറസ്റ്റിന് സഹായിക്കുന്ന വിവരങ്ങള്‍ക്കുള്ള പ്രതിഫല തുക 25 മില്യന്‍ ഡോളറായി (എതാണ്ട് 215 കോടി രൂപ) യുഎസ് ഉയര്‍ത്തിയിരുന്നു. ഈ തുക ഇപ്പോള്‍ വീണ്ടും 50 മില്യണ്‍ ഡോളറാക്കി (എതാണ്ട് 430 കോടി രൂപ) ഉയര്‍ത്തുകയാണ് ഉണ്ടായത്.

വെനസ്വല മയക്കുമരുന്നിന്റെയും തീവ്രവാദത്തിന്റെയും ഹബ്ബാണെന്നും. അമേരിക്കയിലേക്ക് മയക്കുമരുന്നുകള്‍ ഒഴുക്കി യു എസ് പൗരന്മാരെ നശിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് ഇപ്പോഴത്ത നടപടികള്‍. മഡുറോ ഏകാധിപതിയാണെന്നും ഡ്രഗ് കാര്‍ട്ടലുകളുമായി ബന്ധമുണ്ടെന്നുമാണ് അമേരിക്കയുടെ ആരോപണം. അമേരിക്കയിലേക്ക് തോക്കുകളും നിയമവിരുദ്ധ മയക്കുമരുന്നുകളും കൊണ്ടുവരാന്‍ മഡുറോ ഒന്നിലധികം കാര്‍ട്ടകലുകളുമായി ഗൂഢാലോചന നടത്തിയെന്നയാണ് യുഎസ് ആരോപണം.

യു എസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയാണ് വെനസ്വേലന്‍ പ്രസിഡന്റിന് ബൗണ്ടി പ്രഖ്യാപിച്ചത്. 'ധട്രെന്‍ ഡി അരഗ്വപ, സിനലോവ, കാര്‍ട്ടല്‍ ഓഫ് ദി സണ്‍സ് തുടങ്ങിയ വിദേശ ഭീകര സംഘടനകളെ ഉപയോഗിച്ച് മഡുറോ മാരകമായ മയക്കുമരുന്നുകള്‍ അമേരിക്കയിലേക്ക് കടത്തുന്നു. ഇത് യുഎസില്‍ ആക്രമണങ്ങളിലേക്ക് നയിക്കുന്നു' പാം ബോണ്ടി വ്യക്തമാക്കി. ഡിഇഎ ഇതുവരെ 30 ടണ്‍ കൊക്കെയ്ന്‍ പിടിച്ചെടുത്തുവെന്നും ഇതിന് വെനസ്വേലന്‍ പ്രസഡിന്റുമായി ബന്ധമുണ്ടെന്നുമാണ് ബോണ്ടി ആരോപിക്കുന്നത്.

2020 മാര്‍ച്ച് മുതല്‍ ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റില്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട നിരവധി കുറ്റങ്ങള്‍ 62 കാരനായ മഡുറോക്ക് മേല്‍ ചുമത്തപ്പെട്ടിരുന്നു. മയക്കുമരുന്ന് ഭീകരത, കൊക്കെയ്ന്‍ ഇറക്കുമതി ചെയ്യാനുള്ള ഗൂഢാലോചന, മെഷീന്‍ ഗണ്ണുകളും വിനാശകരമായ ഉപകരണങ്ങളും കൈവശം വയ്ക്കല്‍, മെഷീന്‍ ഗണ്ണുകളും വിനാശകരമായ ഉപകരണങ്ങളും കൈവശം വയ്ക്കാനുള്ള ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളാണ് മഡുറോയ്ക്ക് മേല്‍ അമേരിക്ക ആരോപിക്കുന്നത്.

കാനഡയും വെനസ്വേലയ്‌ക്കെതിരെ നേരത്തെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊക്കെയ്ന്‍ ഒഴുക്കു വര്‍ധിപ്പിച്ച് രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം നശിപ്പിക്കുന്നുവെന്നതായിരുന്നു യുഎസ് നടപടിക്കു പിന്നിലെ പ്രധാന കാരണം. മഡുറോയുടെ കടുത്ത വിമര്‍ശകനാണ് ട്രംപ്. ഇതിനിടെ അടുത്തിടെ വെനസ്വേലയുടെ കാര്യത്തില്‍ ട്രംപ് തന്റെ കടുത്ത നിലപാടുകളില്‍ നിന്ന് വീണ്ടും മലക്കംമറിഞ്ഞിരുന്നു. വെനസ്വേലയ്ക്കുമേല്‍ രാഷ്ട്രീയ ഭിന്നതകളെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ വിട്ടുവീഴ്ചയ്ക്ക് ട്രംപ് ഭരണകൂടം തയാറായിരുന്നു. യുഎസ് കമ്പനിയായ ഷെവ്‌റോണിന് വെനസ്വേലയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതിയും നല്‍കിയിരുന്നു. ഇതോടെ ക്രൂഡ വിലയില്‍ ഇടിവുണ്ടായിരുന്നു.

ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 1.32% താഴ്ന്ന് 65.16 ഡോളറിലും ബ്രെന്റ് വില 1.07% ഇടിഞ്ഞ് 68.44 ഡോളറിലും എത്തി. 1923 മുതല്‍ വെനസ്വേലയില്‍ സാന്നിധ്യമുള്ള കമ്പനിയാണ് ഷെവ്‌റോണ്‍. വെനസ്വേലയുടെ പൊതുമേഖലാ എണ്ണക്കമ്പനിയായ പിഡിവിഎസ്എയുമായി ചേര്‍ന്ന് ഷെവ്‌റോണ്‍ എണ്ണ പര്യവേക്ഷണവും ഉല്‍പാദനവും നടത്തിയിരുന്നു. ഇതിനിടെ രാഷ്ട്രീയഭിന്നതകളെ തുടര്‍ന്ന് യുഎസും വെനസ്വേലയും തമ്മില്‍ അകന്നു. വെനസ്വേലയ്ക്കുമേല്‍ യുഎസ് കടുത്ത ഉപരോധങ്ങളും ഏര്‍പ്പെടുത്തുകയായിരുന്നു.

ഇതിന്റെ ഭാഗമായി യുഎസില്‍ വെനസ്വേലന്‍ സര്‍ക്കാരിനും പൗരന്മാര്‍ക്കുമുള്ള ആസ്തികള്‍ മരവിപ്പിച്ചു. യാത്രയ്ക്കും വ്യാപാരത്തിനും ക്രൂഡ് ഓയിലിനും വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. രാജ്യത്ത് സുതാര്യമായ തിരഞ്ഞെടുപ്പ് നടത്താമെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് ഉപരോധങ്ങളില്‍ പിന്നീട് യുഎസ് ഇളവ് വരുത്തി. ഷെവ്‌റോണിന് 2022ല്‍ ബൈഡന്‍ ഭരണകൂടം വെനസ്വേലയില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സും അനുവദിച്ചിരുന്നു.

വെനസ്വേലയില്‍ ഷെവ്‌റോണ്‍ 1,000 കോടിയോളം രൂപയുടെ നിക്ഷേപങ്ങളും നടത്തിയിട്ടുണ്ട്. എന്നാല്‍, വാഗ്ദാനം ചെയ്തതുപോലെ തിരഞ്ഞെടുപ്പ് നടത്താന്‍ മഡുറോയ്ക്ക് കഴിയാതിരിക്കുകയും അദ്ദേഹം ഭരണത്തില്‍ തുടരുകയും ചെയ്തതിനാല്‍ പിന്നീടുവന്ന ട്രംപ് ഭരണകൂടം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഉപരോധം വീണ്ടും കടുപ്പിക്കുകയായിരുന്നു. ഷെവ്‌റോണിനോട് ഒരുമാസത്തിനകം പ്രവര്‍ത്തനം നിര്‍ത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതില്‍നിന്ന് മലക്കംമറിഞ്ഞാണ് ഇപ്പോള്‍ ഷെവ്‌റോണിന് വീണ്ടും വെനസ്വേലയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.

എന്നാല്‍, മഡുറോ ഭരണകൂടത്തിന് സാമ്പത്തികനേട്ടം ലഭിക്കാത്തവിധം പ്രവര്‍ത്തിക്കണമെന്ന നിബന്ധനയോടെയാണ് ഷെവ്‌റോണിന് വീണ്ടും അനുമതി നല്‍കിയതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിശദീകരണം. അതേസമയം, വെനസ്വേലയ്ക്കുമേലുള്ള ഉപരോധം ഘട്ടംഘട്ടമായി പിന്‍വലിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനമെന്നും വിലയിരുത്തപ്പെടുന്നു.

അതേസമയം വെനസ്വലക്കെതിരെ ഉപരോധം കുറയ്ക്കുമ്പോഴും പ്രസിഡന്റിനെതിരെ കടുപ്പിക്കുകയാണ് ട്രംപ്. ഇന്ത്യയും നേരത്തേ വെനസ്വേലന്‍ എണ്ണ വന്‍തോതില്‍ വാങ്ങിയിരുന്നെങ്കിലും യുഎസിന്റെ ഉപരോധത്തെ തുടര്‍ന്ന് വാങ്ങല്‍ കുറച്ചു. 2013ല്‍ ഇന്ത്യയിലേക്കുള്ള മൊത്തം എണ്ണ ഇറക്കുമതിയില്‍ 10.3% വെനസ്വേലയില്‍ നിന്നായിരുന്നു. 2024ല്‍ ഇത് 1.2 ശതമാനത്തിലേക്ക് ഇടിഞ്ഞു.

ലോകത്ത് ഏറ്റവുംവലിയ എണ്ണശേഖരമുണ്ടെന്ന് കരുതുന്ന രാജ്യമാണ് വെനസ്വേല. ഏകദേശം 303.8 ബില്യന്‍ ബാരല്‍ ശേഖരമാണുള്ളത്. ലോകത്തെ മൊത്തം ശേഖരത്തിന്റെ 17.8% വരുമിത്. നിലവില്‍ പ്രതിദിനം 8.92 ലക്ഷം ബാരലാണ് വെനസ്വേലയുടെ ക്രൂഡ് ഓയില്‍ ഉല്‍പാദനം. ഷെവ്‌റോണ്‍-പിഡിവിഎസ്എ സഹകരണം വീണ്ടും ശക്തമാകുന്നതോടെ ഈ വര്‍ഷം ഇതു പ്രതിദിനം 9 ലക്ഷം ബാരലിന് മുകളിലേക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍.

എണ്ണശേഖരത്തില്‍ മുന്‍പന്തിയിലാണെങ്കിലും ഉല്‍പാദനത്തില്‍ ലോകത്ത് വെനസ്വേലയ്ക്ക് 23-ാം സ്ഥാനമാണുള്ളത്. 2010ല്‍ പ്രതിദിനം 30 ലക്ഷം ബാരല്‍ എണ്ണ വെനസ്വേല ഉല്‍പാദിപ്പിച്ചിരുന്നു. അമേരിക്കയുടെ ഉപരോധത്തെ തുടര്‍ന്ന് ഉല്‍പാദനം പിന്നീടുള്ള വര്‍ഷങ്ങളില്‍ കുത്തനെ ഇടിഞ്ഞു. 2023ല്‍ ഉല്‍പാദനം 8.5 ലക്ഷം ബാരല്‍ വീതമായിരുന്നു.

Tags:    

Similar News