ഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ നോബല്‍ മോഹവുമായി ഡൊണാള്‍ഡ് ട്രംപ്; എട്ട് മാസത്തിനുള്ളില്‍ നമ്മള്‍ എട്ട് യുദ്ധങ്ങള്‍ക്ക് പരിഹാരം കണ്ടു; ഇങ്ങനെയൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ല, നൊബേല്‍ ലഭിക്കണം; ഇല്ലെങ്കില്‍ രാജ്യത്തിന് വലിയ അപമാനമെന്ന് ട്രംപ്
ഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ നോബല്‍ മോഹവുമായി ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടന്‍: ഏഴു രാജ്യാന്തര സംഘര്‍ഷങ്ങളെങ്കിലും അവസാനിപ്പിച്ചതിന് നൊബേല്‍ സമ്മാനം ലഭിച്ചില്ലെങ്കില്‍ അതു തന്റെ രാജ്യത്തിന് അപമാനമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിനു ശേഷമാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനു വേണ്ടി ട്രംപ് വീണ്ടും അവകാശവാദം ഉന്നയിച്ച് രംഗത്തുവന്നത്. യുഎസിലെ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ട്രംപ് തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്.
ഗാസ സമാധാന പദ്ധതി ഹമാസ് അംഗീകരിച്ചാല്‍, യുഎസ് പ്രസിഡന്റ് മധ്യസ്ഥത വഹിച്ച് പരിഹാരം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന എട്ടാമത്തെ യുദ്ധമായിരിക്കും അതെന്ന് ട്രംപ് പറഞ്ഞു. ''നിങ്ങള്‍ക്ക് നൊബേല്‍ സമ്മാനം ലഭിക്കുമോ ? തീര്‍ച്ചയായും ലഭിക്കില്ല. ഒരു കാര്യവും ചെയ്യാത്ത ഒരാള്‍ക്ക് അവര്‍ അത് നല്‍കും. ഞാന്‍ നിങ്ങളോട് പറയുന്നു, അത് നമ്മുടെ രാജ്യത്തിനു വലിയ അപമാനമായിരിക്കും. എനിക്ക് അത് വേണ്ട. എന്നാല്‍ രാജ്യത്തിന് അത് ലഭിക്കണം. രാജ്യത്തിന് തീര്‍ച്ചയായും അത് ലഭിക്കണം, കാരണം ഇങ്ങനെയൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ല'' ട്രംപ് പറഞ്ഞു.
ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനങ്ങള്‍ ഒക്ടോബര്‍ 10 മുതല്‍ പ്രഖ്യാപിക്കാനിരിക്കെയാണ് ട്രംപ് ആവകാശവാദം ശക്തമാക്കിയത്. ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിച്ചത് താന്‍ ആണെന്ന് ട്രംപ് പലതവണ അവകാശപ്പെട്ടിരുന്നു. തന്നെ നൊബേല്‍ പുരസ്‌കാരത്തിനു ശുപാര്‍ശ ചെയ്യണമെന്ന ട്രംപിന്റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളിയത് ട്രംപിനെ പ്രകോപിപ്പിച്ചെന്നും ഇന്ത്യയ്ക്കു മേല്‍ അധികതീരുവ ചുമത്താനുള്ള കാരണങ്ങളിലൊന്ന് അതാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
ആല്‍ഫ്രഡ് നോബലിന്റെ വില്‍പ്പത്രപ്രകാരം, 'രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിനും, സൈന്യങ്ങളെ ഇല്ലാതാക്കുന്നതിനോ കുറയ്ക്കുന്നതിനോ, സമാധാന സമ്മേളനങ്ങള്‍ നടത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഏറ്റവും മികച്ചതോ കൂടുതല്‍ ഉള്ളതോ ആയ കാര്യങ്ങള്‍' ചെയ്ത വ്യക്തിക്കോ, സംഘടനയ്‌ക്കോ, പ്രസ്ഥാനത്തിനോ ആണ് നോബല്‍ സമാധാന സമ്മാനം നല്‍കുന്നത്.
നോര്‍വീജിയന്‍ പാര്‍ലമെന്റ് നിയമിക്കുന്ന അഞ്ച് അംഗങ്ങളുള്ള നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റിയാണ് നീണ്ട പരിശോധനയ്ക്ക് ശേഷം വിജയിയെ തിരഞ്ഞെടുക്കുന്നത്. സമ്മര്‍ദ്ദ തന്ത്രങ്ങളെ ഈ സമിതി പരമ്പരാഗതമായി എതിര്‍ക്കാറുണ്ടെന്ന് റോയിട്ടേഴ്സിന്റെ ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.