'റഷ്യ-യുക്രൈന്‍ യുദ്ധം ഉടന്‍ അവസാനിക്കും'; പുടിനുമായി ഫോണില്‍ സംസാരിച്ച് ട്രംപ്; ഫലപ്രദമായ ചര്‍ച്ച; സമാധാന പദ്ധതിയുടെ 90 ശതമാനത്തിലും ധാരണയെന്ന് പ്രതികരിച്ചു സെലന്‍സ്‌കിയും; കീവിലേക്ക് റഷ്യ ആക്രമണപരമ്പര തുടരവേ സമാധാന ചര്‍ച്ചകള്‍; മൂന്ന് വര്‍ഷത്തോളമായി രക്തരൂക്ഷിതമായി തുടരുന്ന റഷ്യ - യുക്രൈന്‍ യുദ്ധം അവസാനിക്കുമോ?
'റഷ്യ-യുക്രൈന്‍ യുദ്ധം ഉടന്‍ അവസാനിക്കും';
ഫ്‌ലോറിഡ: മൂന്ന് വര്‍ഷത്തോളമായി തുടരുന്ന രക്തരൂക്ഷിതമായ റഷ്യ - യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയുടെ ഭാഗമായി ചര്‍ച്ചകള്‍ വീണ്ടും നടന്നു. റഷ്യന്‍ പ്രസിഡന്റ് പുടിനുമായും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി ട്രംപ് സംസാരിച്ചു. കീവിലേക്ക് റഷ്യ ആക്രമണം കടിപ്പിച്ചതോടെയാണ് ട്രംപിന്റെ ഇടപെടല്‍. ഇതോടെ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം.
റഷ്യ-യുക്രെയ്ന്‍ യുദ്ധം യുദ്ധം അവസാനിപ്പിക്കാന്‍ സുപ്രധാന ചര്‍ച്ചയാണ് ട്രംപിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ഇരുപതിന സമാധാന പദ്ധതിയില്‍ പുരോഗതിയുണ്ടെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഇരു നേതാക്കളുടെയും പ്രതികരണം. സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പായി ഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ ട്രംപ് ഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തി.
പുടിനുമായി ഫോണില്‍ സംസാരിച്ചെന്നും റഷ്യ-യുക്രൈന്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. മികച്ച സംഭാഷണമായിരുന്നുവെന്ന് ട്രംപും ഫലപ്രദമായ ചര്‍ച്ചയാണ് നടന്നതെന്ന് റഷ്യയും പ്രതികരിച്ചു. സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ആണ് ട്രംപും പുടിനും തമ്മില്‍ ഫോണില്‍ ചര്‍ച്ച നടത്തിയത്.
20 ഇന സമാധാന പദ്ധതിയിന്മേല്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി നടന്ന ചര്‍ച്ചയിലും മികച്ച പുരോഗതി കൈവരിക്കാനായെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോയിലുള്ള ട്രംപിന്റെ റിസോര്‍ട്ടില്‍ ആയിരുന്നു ട്രംപ് സെലെന്‍സ്‌കി കൂടിക്കാഴ്ച. ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് സെലന്‍സ്‌കിയും വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാന്‍ യുക്രൈന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവര്‍ത്തിച്ച സെലന്‍സ്‌കി തുടര്‍ ചര്‍ച്ചകള്‍ക്ക് സന്നദ്ധനെന്നും വ്യക്തമാക്കി.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലുതും മാരകവുമായ യുദ്ധമായി മാറിക്കഴിഞ്ഞ യുക്രെയ്ന്‍ റഷ്യ യുദ്ധം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ട്രംപ് കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു. വമ്പന്‍ പ്രഖ്യാപനങ്ങളില്ലെങ്കിലും യുദ്ധം ഇനി അധിക കാലം നീളില്ലെന്നാണ് ട്രംപിന്റെ അവകാശവാദം. ഇരുപതിന സമാധാന പദ്ധതി അംഗീകരിക്കപ്പെടുന്നതില്‍ പ്രധാന തടസം പിടിച്ചെടുത്ത ഭൂമിയെ ചൊല്ലി ധാരണ ആകാത്തതാണെന്നും ട്രംപ് പറഞ്ഞു. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു. ഒന്നോ രണ്ടോ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളുണ്ട്.
ചര്‍ച്ചകള്‍ വളരെ നന്നായി മുന്നോട്ട് പോകുന്നുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും ട്രംപ് വ്യക്തമാക്കി. ജനുവരിയില്‍ ട്രംപ് സെലന്‍സ്‌കി കൂടിക്കാഴ്ച വീണ്ടും നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുടിന്‍ കൂടി പങ്കെടുത്തുള്ള ത്രികക്ഷി ചര്‍ച്ചകളുടെ സാധ്യത കൂടി തുറന്നിട്ടായിരുന്നു ട്രംപ് സെലന്‍സ്‌കിയെ യാത്രയാക്കിയത്.
ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോയിലുള്ള ട്രംപിന്റെ റിസോര്‍ട്ടിലായിരുന്നു സെലെന്‍സ്‌കിയുമായി നടത്തിയ കൂടിക്കാഴ്ച്ച. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി ട്രംപ് രണ്ടു മണിക്കൂര്‍ ഫോണില്‍ സംസാരിച്ചെന്ന് ട്രംപ് പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്സാണ്ടര്‍ സ്റ്റബ്, പോളണ്ട് പ്രസിഡന്റ് കരോള്‍ നവ്‌റോക്കി, നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ മെലോനി, ബ്രിട്ടിഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ എന്നിവരുമായും ഫോണില്‍ സംസാരിച്ചെന്ന് ട്രംപ് പറഞ്ഞു.
സമാധാന പദ്ധതിയിലെ എല്ലാ വിഷയങ്ങളിലും ഞങ്ങള്‍ അര്‍ത്ഥവത്തായ ചര്‍ച്ച നടത്തിയെന്നും സുപ്രധാനമായ ഫലങ്ങള്‍ കൈവരിക്കുകയും ചെയ്‌തെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. '20 ഇന സമാധാന പദ്ധതിയുടെ 90 ശതമാനത്തിലും ധാരണയായി. തുടര്‍ന്നുള്ള നടപടികളുടെ ക്രമത്തെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ശാശ്വതമായ സമാധാനം കൈവരിക്കുന്നതിന് സുരക്ഷാ ഉറപ്പുകള്‍ നിര്‍ണായകമാണെന്ന് ഞങ്ങള്‍ യോജിക്കുന്നു, ഞങ്ങളുടെ ടീമുകള്‍ എല്ലാ വശങ്ങളിലും തുടര്‍ന്നും പ്രവര്‍ത്തിക്കും.' സെലെന്‍സ്‌കി പറഞ്ഞു.
ചര്‍ച്ച ചെയ്ത എല്ലാ വിഷയങ്ങളിലും അന്തിമ തീരുമാനമെടുക്കുന്നതിനായി യുക്രെയ്ന്‍, യുഎസ് പ്രതിനിധികള്‍ അടുത്തയാഴ്ച യോഗം ചേരുമെന്നും, ജനുവരിയില്‍ വാഷിങ്ടനില്‍ യുക്രെയ്ന്‍, യൂറോപ്യന്‍ നേതാക്കള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ട്രംപ് സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസത്തിലേറെ നടന്ന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജാറദ് കഷ്‌നര്‍ എന്നിവര്‍ക്ക് സെലെന്‍സ്‌കി നന്ദി പറഞ്ഞു.
