ലോകം എമ്പാടുമുള്ള ഓഹരി വിപണി വീണിട്ടും കുലുങ്ങാതെ ട്രംപ്; ഇളവിനായി എത്തിയ നെതന്യാഹുവിനോടും വിട്ടുവീഴ്ച്ചയില്ല; എന്ത് സംഭവിച്ചാലും താരിഫ് തുടരുമെന്ന് പ്രഖ്യാപിച്ച് മുന്‍പോട്ട്; താരിഫിലൂടെ തിരിച്ചടിച്ച ചൈനയ്ക്ക് അന്ത്യശാസനം; ടീം ട്രംപിലും ഭിന്നത രൂക്ഷം; പിന്‍വലിഞ്ഞ് എലന്‍ മസ്‌ക്ക്; ട്രംപ് അടിച്ചേല്‍പ്പിച്ച ഇറക്കുമതി ചുങ്കത്തില്‍ കുലുങ്ങി ലോകം

പിന്‍വലിഞ്ഞ് എലന്‍ മസ്‌ക്ക്; ട്രംപ് അടിച്ചേല്‍പ്പിച്ച ഇറക്കുമതി ചുങ്കത്തില്‍ കുലുങ്ങി ലോകം

Update: 2025-04-08 03:42 GMT

വാഷിങ്ടണ്‍: ലോകമെമ്പാടും ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി ഉണ്ടായിട്ടും പകരച്ചുങ്കത്തിലെ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്ത് വന്നാലും താരിഫുകള്‍ പിന്‍വലിക്കുന്ന പ്രശ്നമില്ലെന്ന നിലപാടിലാണ് അദ്ദേഹം. താരിഫിലൂടെ തിരിച്ചടിച്ച ചൈനയ്ക്ക് മേല്‍ ട്രംപ് വീണ്ടും നിലപാട് കടുപ്പിച്ചു. ചൈനയ്‌ക്കെതിരെ 50 ശതമാനം അധിക നികുതികൂടി ട്രംപ് പ്രഖ്യാപിച്ചു.

രണ്ട് ദിവസം മുമ്പാണ് യു.എസ്. ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി ചൈന പ്രഖ്യാപിച്ചത്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി അമേരിക്ക പ്രഖ്യാപിച്ചതിന് പകരമായാണ് ചൈന യു.എസിനെതിരെ പകരച്ചുങ്കം പ്രഖ്യാപിച്ചത്. ഇത് പ്രഖ്യാപിച്ച് 48 മണിക്കൂറിനകം ട്രംപ് തിരിച്ചടിച്ചിരിക്കുകയാണ്. ഇത്തവണ ചൈനയ്ക്ക് 50 ശതമാനം അധിക നികുതിയാണ് ട്രംപ് പ്രഖ്യാപിച്ചത്. എല്ലാ രാജ്യങ്ങള്‍ക്കും 10 ശതമാനം അടിസ്ഥാന നികുതി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ചൈനയ്ക്ക് ആകെ ചുമത്തുന്ന നികുതി 94 ശതമാനമായി ഉയരും.

തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് വഴിയാണ് ട്രംപ് ചൈനയ്‌ക്കെതിരായ നികുതി പ്രഖ്യാപിച്ചത്. അമേരിക്കക്കെതിരെ ചുമത്തിയ 34 ശതമാനം നികുതി ചൈന പിന്‍വലിച്ചില്ലെങ്കില്‍ അടുത്ത ദിവസം വീണ്ടും അധികമായി 50 ശതമാനം നികുതികൂടി ചുമത്തുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. മാത്രമല്ല ചൈനയുമായുള്ള എല്ലാ വ്യാപാര ചര്‍ച്ചകളും നിര്‍ത്തിവെയ്ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. യു.എസിനെതിരെ പകരച്ചുങ്കം ചുമത്താത്ത രാജ്യങ്ങളുമായി മാത്രമേ ഇനി വ്യാപാര ചര്‍ച്ചകള്‍ നടത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ പകരച്ചുങ്കമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞപ്പോള്‍ തന്നെ നേരിടാന്‍ തയ്യാറാണെന്ന്

ചൈനയും മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാപാര യുദ്ധം ആര്‍ക്കും നേട്ടം നല്‍കില്ലെന്നും നികുതി ചുമത്തിയാല്‍ യു.എസിനെതിരെ പകരച്ചുങ്കമുണ്ടാകുമെന്നും ചൈന വ്യക്തമാക്കിയിരുന്നു. ആഗോളതലത്തില്‍ തന്നെ ഓഹരി വിപണിയില്‍ കനത്ത നഷ്ടം നേരിട്ടിരുന്നു. തുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലയും കുത്തനെ ഇടിഞ്ഞു.

താരിഫില്‍ ഇളവ് വരുത്തണമെന്ന ആവശ്യവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു വൈറ്റ്ഹൗസില്‍ എത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇസ്രയേലിനോടും വിട്ടുവീഴ്ചയില്ല എന്ന നിലാപാട് തന്നെയാണ് ട്രംപ് സ്വീകരിച്ചത്. നെതന്യാഹുവുമായി നടത്താനിരുന്ന സംയുക്തവാര്‍ത്താസമ്മേളനവും വൈറ്റ്ഹൗസ് റദ്ദാക്കിയിരുന്നു. ഇക്കാര്യത്തില്‍ ട്രംപ് 90 ദിവസത്തെ ഇളവ് പ്രഖ്യാപിക്കുമെന്നാണ് നെതന്യാഹു ഉള്‍പ്പെടെയുള്ള രാഷ്ട്രത്തലവന്‍മാര്‍ കരുതിയിരുന്നത്.

എന്നാല്‍ ട്രംപിന്റെ നീക്കത്തിന് പിന്നില്‍ മകന്‍ ബാരണ്‍ട്രംപ് ആണെന്ന സൂചനയും ചില ഭാഗങ്ങളില്‍ നിന്ന് ഉയരുകയാണ്. കൂടാതെ ആഗോള വിപണി തകര്‍ന്നടിയുന്ന സമയത്ത് കഴിഞ്ഞ ദിവസം ട്രംപ് ഗോള്‍ഫ് കളിക്കാന്‍ പോയ സംഭവത്തില്‍ റോം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയാണ് ട്രംപ് എന്നാണ് എതിരാളികള്‍ കല്‍യാക്കുന്നത്. അതേ സമയം ട്രംപ് അനുകൂലികള്‍ക്കിടയിലും താരിഫിന്റെ കാര്യത്തില്‍ അഭിപ്രായഭിന്നതയുണ്ട് എന്നാണ് സൂചന.

ജെ.പി.മോര്‍ഗന്‍ ഉള്‍പ്പെടെയുളള വന്‍കിട സാമ്പത്തിക സ്ഥാപനങ്ങള്‍ ട്രംപിന്റ നിലപാട് വലിയ തിരിച്ചടിക്ക് കാരണമാകും എന്നാണ് ചൂണ്ടിക്കാട്ടിയത് ട്രംപിന്റെ നിലപാടില്‍ വിശ്വസ്തനായ ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കിനും വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. മസ്‌ക്കും ഇപ്പോള്‍ പിന്‍തിരിഞ്ഞ മട്ടാണ് എന്നാണ് സൂചന. മസ്‌ക്കിന്റെ എല്ലാ വ്യവസായങ്ങളും വന്‍ നഷ്ടമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. അതിനിടെ് യുഎസ് ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്.

കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് അമേരിക്കന്‍് വിപണികളിലുണ്ടായത്. ആപ്പിള്‍, എന്‍വിഡിയ തുടങ്ങിയ പ്രധാന യുഎസ് ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. ആപ്പിളിന്റെ ഓഹരികള്‍ 9% ല്‍ കൂടുതല്‍ നഷ്ടം നേരിട്ടു. ടെക്, റീട്ടെയില്‍ ഓഹരികളെയാണ് ഇടിവ് ഏറ്റവും കൂടുതല്‍ ബാധിച്ചത്.

Tags:    

Similar News