യുഎസിലേക്കുള്ള കുടിയേറ്റ മോഹികള്‍ക്ക് ട്രംപിന്റെ ഷോക്ക്! മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിര്‍ത്തലാക്കും; ജോ ബൈഡന്‍ നല്‍കിയ ഗ്രീന്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ റദ്ദാക്കും; പാശ്ചാത്യ സംസ്‌കാരവുമായി പൊരുത്തപ്പെടാത്തവരെ നാടുകടത്തും; വൈറ്റ് ഹൗസിന് സമീപം അഫ്ഗാന്‍ അഭയാര്‍ത്ഥി വെടിയുതിര്‍ത്ത സംഭവത്തെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ കടുത്ത പ്രഖ്യാപനം

മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിര്‍ത്തലാക്കും

Update: 2025-11-28 06:24 GMT

വാഷിങ്ടണ്‍ ഡി.സി: അമേരിക്കയിലേക്കുളള കുടിയേറ്റ മോഹികളെ ഞെട്ടിച്ചുകൊണ്ട് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. മൂന്നാം ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ളവരുടെ കുടിയേറ്റം സ്ഥിരമായി നിര്‍ത്തി വയ്ക്കുമെന്നാണ് ട്രൂത്ത് സോഷ്യലിലെ അറിയിപ്പ്. യുഎസിന്റെ പുതിയ കുടിയേറ്റ നയങ്ങള്‍ ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലെ കുടിയേറ്റ മോഹികള്‍ക്ക് കനത്ത തിരിച്ചടിയാണ്.

വൈറ്റ് ഹൗസിന് സമീപം അഫ്ഗാന്‍ പൗരന്‍ നടത്തിയ വെടിവെപ്പില്‍ നാഷണല്‍ ഗാര്‍ഡ് സൈനികരില്‍ ഒരാള്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രഖ്യാപനം. ആഭ്യന്തര സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കുക, അനധികൃത കുടിയേറ്റം തടയുക, വിദേശ പൗരന്മാരുടെ നിരീക്ഷണം ശക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മൂന്നാം ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിര്‍ത്തലാക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.


പ്രധാന പ്രഖ്യാപനങ്ങള്‍ ഇങ്ങനെ:

യു.എസിന്റെ ആഭ്യന്തര സംവിധാനത്തിന് പൂര്‍ണ്ണമായി കരകയറുന്നതിനും, ബൈഡന്‍ ഭരണകാലത്തെ ദശലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കുന്നതും വരെയും

എല്ലാ 'മൂന്നാം ലോക രാജ്യങ്ങളില്‍'നിന്നുമുള്ള കുടിയേറ്റം സ്ഥിരമായി നിര്‍ത്തിവെക്കും. അമേരിക്കയ്ക്ക് മുതല്‍ക്കൂട്ടല്ലാത്തവരെയോ (Not a Net Asset) രാജ്യത്തെ സ്‌നേഹിക്കാന്‍ കഴിവില്ലാത്തവരെയോ നീക്കം ചെയ്യും. പൗരന്മാരല്ലാത്തവര്‍ക്ക് നല്‍കുന്ന എല്ലാ ഫെഡറല്‍ ആനുകൂല്യങ്ങളും സബ്‌സിഡികളും ഉടനടി നിര്‍ത്തലാക്കും.

ആഭ്യന്തര സമാധാനം തകര്‍ക്കുന്ന കുടിയേറ്റക്കാരുടെ പൗരത്വം റദ്ദാക്കും. പൊതുജനങ്ങള്‍ക്ക് ഭാരമാവുകയോ, സുരക്ഷാ ഭീഷണിയാവുകയോ, പാശ്ചാത്യ സംസ്‌കാരവുമായി പൊരുത്തപ്പെടാത്തവരോ (Non-compatible with Western civilisation) ആയ ഏതൊരു വിദേശ പൗരനെയും നാടുകടത്തും.

കുടിയേറ്റം പുരോഗതിക്ക് തുരങ്കം വെച്ചു

കുടിയേറ്റം അമേരിക്കയുടെ സാങ്കേതികവും ജീവിതനിലവാരപരവുമായ പുരോഗതിക്ക് തുരങ്കം വെച്ചുവെന്നാണ് താന്‍ പ്രഖ്യാപിച്ച കര്‍ശനമായ കുടിയേറ്റ വിരുദ്ധ നടപടികള്‍ക്ക് കാരണമായി ട്രംപ് ചൂണ്ടിക്കാട്ടിയത്.

'നമ്മള്‍ സാങ്കേതികമായി പുരോഗമിച്ചപ്പോഴും, കുടിയേറ്റ നയം ആ നേട്ടങ്ങളെയും പലരുടെയും ജീവിത സാഹചര്യങ്ങളെയും ഇല്ലാതാക്കി. അഭയാര്‍ത്ഥി ഭാരമാണ് അമേരിക്കയിലെ സാമൂഹിക തകര്‍ച്ചയുടെ പ്രധാന കാരണം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല,' ട്രംപ് കുറ്റപ്പെടുത്തി.


അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരുടെയും വിദേശ ജനസംഖ്യയുടെയും നിലവിലെ അവസ്ഥയെക്കുറിച്ചുള്ള ട്രംപിന്റെ പരാമര്‍ശങ്ങള്‍ കൂടുതല്‍ വിവാദപരമാണ്. സെന്‍സസ് പ്രകാരം അമേരിക്കയിലെ ഔദ്യോഗിക വിദേശ ജനസംഖ്യ 53 ദശലക്ഷമാണ്.

ട്രംപിന്റെ ആരോപണങ്ങള്‍ ഇങ്ങനെ:

ഈ ജനസംഖ്യയിലെ ഭൂരിഭാഗവും ക്ഷേമപദ്ധതികളെ ആശ്രയിക്കുന്നവരോ അല്ലെങ്കില്‍ ജയിലുകള്‍, മാനസികാരോഗ്യ സ്ഥാപനങ്ങള്‍, ഗുണ്ടാസംഘങ്ങള്‍, മയക്കുമരുന്ന് സംഘങ്ങള്‍ എന്നിവയില്‍ നിന്നുള്ളവരോ ആണെന്നാണ് ട്രംപിന്റെ ആരോപണം.

30,000 ഡോളര്‍ സമ്പാദിക്കുന്ന ഒരു ഗ്രീന്‍ കാര്‍ഡുള്ള കുടിയേറ്റക്കാരന് അവരുടെ കുടുംബത്തിനായി ഏകദേശം 50,000 ഡോളറിന്റെ വാര്‍ഷിക ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും, ഇവരെല്ലാം അമേരിക്കന്‍ പൗരന്മാരുടെ നികുതിപ്പണം കൊണ്ടാണ് ജീവിക്കുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ട്രംപിന്റെ ഈ കടുത്ത നിലപാടുകള്‍ അമേരിക്കയിലെ നിലവിലെ കുടിയേറ്റക്കാരിലും, പ്രത്യേകിച്ചും ഏഷ്യന്‍ വംശജരായ ഇന്ത്യന്‍ സമൂഹത്തിനും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.

അഫ്ഗാന്‍ വെടിവെപ്പും 'ഗ്രീന്‍ കാര്‍ഡ് പുനഃപരിശോധനയും'

കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിന് സമീപം ഒരു അഫ്ഗാന്‍ അഭയാര്‍ത്ഥി രണ്ട് നാഷണല്‍ ഗാര്‍ഡ് സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തെ ട്രംപ് 'ദുഷ്ടലാക്കോടെയുള്ള ആക്രമണം' എന്നും ' ഭീകരപ്രവര്‍ത്തനം' എന്നുമാണ് വിശേഷിപ്പിച്ചത്.

ഈ സംഭവത്തിന് പിന്നാലെ, യു.എസ്. സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS) 'ആശങ്കയുള്ള രാജ്യങ്ങളില്‍' (countries of concern) നിന്നുള്ള എല്ലാ വിദേശികളുടെയും ഗ്രീന്‍ കാര്‍ഡുകള്‍ 'പൂര്‍ണ്ണവും കര്‍ശനവുമായ പുനഃപരിശോധനയ്ക്ക്' വിധേയമാക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ബുറുണ്ടി, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ക്യൂബ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലാവോസ്, ലിബിയ, സിയറ ലിയോണ്‍, സൊമാലിയ, സുഡാന്‍, ടോഗോ, തുര്‍ക്ക്‌മെനിസ്ഥാന്‍, വെനസ്വേല, യെമന്‍. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇമിഗ്രേഷന്‍ അപേക്ഷകളുടെ പ്രോസസ്സിംഗ് ഉടന്‍ നിര്‍ത്തിവെക്കാനും ട്രംപ് ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.

'മൂന്നാം ലോക രാജ്യങ്ങള്‍' എന്ന പ്രയോഗം

ട്രംപ് ഉപയോഗിച്ച 'മൂന്നാം ലോക രാജ്യങ്ങള്‍' എന്ന പ്രയോഗം ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ഓഷ്യാനിയ എന്നിവിടങ്ങളിലെ താഴ്ന്ന-ഇടത്തരം വരുമാനമുള്ള വികസ്വര രാജ്യങ്ങളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വിശേഷണമാണ്.

Tags:    

Similar News